ഡോ. ഫയാസ് റഹ്മാൻ ഖാൻ
ജിദ്ദ: വൈജ്ഞാനിക സാങ്കേതിക രംഗത്തെ പുതിയ മാറ്റങ്ങളെ പരിചയപ്പെടുത്തുന്നതിനും വിദ്യാർഥികളിലെ സർഗാത്മകതയെ പ്രോത്സാഹിപ്പിക്കുന്നതിനുമായി രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) സൗദി വെസ്റ്റ് നാഷനൽ കമ്മിറ്റി സംഘടിപ്പിച്ച മൂന്നാമത് നോളജ് ആൻഡ് ടെക്നോളജി എക്സ്പോയുടെ ഭാഗമായി ഏർപ്പെടുത്തിയ നോട്ടെക് എക്സലൻസി അവാർഡിന് കിങ് അബ്ദുൽ അസീസ് യൂനിവേഴ്സിറ്റി അസോസിയേറ്റ് പ്രഫസറും കൺസൾട്ടൻറ് ഫിസിക്കൽ തെറപ്പിസ്റ്റുമായ ഡോ. ഫയാസ് റഹ്മാൻ ഖാൻ അർഹനായി.
ന്യൂറോ റീഹാബിലിറ്റേഷനിൽ വിദഗ്ധനായ ഡോ. ഫയാസ് റഹ്മാൻ ഖാൻ, അക്കാദമിക് രംഗത്തും ചികിത്സാ രംഗത്തും ഒരുപോലെ മികവ് തെളിയിച്ച വ്യക്തിയാണ്. ന്യൂറോളജിക്കൽ ഫിസിയോതെറാപ്പിയിൽ ബിരുദാനന്തര ബിരുദവും ന്യൂറോ റീഹാബിലിറ്റേഷനിൽ പിഎച്ച്.ഡിയും കരസ്ഥമാക്കിയിട്ടുണ്ട്. 55ലധികം പിയർ-റിവ്യൂഡ് ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള അദ്ദേഹം, നിരവധി അന്താരാഷ്ട്ര കോൺഫറൻസുകളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ഒട്ടേറെ ബിരുദാനന്തര ഗവേഷണ പ്രോജക്റ്റുകൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്തിട്ടുണ്ട്.
മികച്ച ഗവേഷകനുള്ള നിരവധി റിസർച്ചർ അവാർഡുകളും അന്താരാഷ്ട്ര ഫെലോഷിപ്പുകളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ഉന്നത നിലവാരമുള്ള സയന്റിഫിക് ജേണലുകളുടെ റിവ്യൂവർ, എഡിറ്റോറിയൽ ബോർഡ് അംഗം എന്നീ നിലകളിലും പ്രവർത്തിക്കുന്നു. അധ്യാപനത്തിനും ഗവേഷണത്തിനുമായി സമർപ്പിച്ച ജീവിതത്തിലൂടെ ആരോഗ്യരംഗത്തെ പുതിയ തലമുറക്ക് അദ്ദേഹം എന്നും പ്രചോദനമാണ്. ജിദ്ദ ഇസ്ലാമിക് ഡെവലപ്മെൻറ് ബാങ്ക് ലീഡ് നോളജ് മാനേജ്മെൻറ് സ്പെഷലിസ്റ്റ് ഡോ. ജമാൽ യൂഷെ, ജിദ്ദ ഇസ്ലാമിക് ഡെവലപ്മെൻറ് ബാങ്ക് സീനിയർ പോർട്ട്ഫോളിയോ അനാലിറ്റിക്സ് സ്പെഷലിസ്റ്റ് എൻജിനിയർ നൗഫൽ അബ്ദുൽ കരീം, കസാഖ്സ്ഥാനിലെ നാസർബയേവ് യൂനിവേഴ്സിറ്റിയിലെ കെമിസ്ട്രി അസിസ്റ്റൻറ് പ്രഫസറും മുൻ നോട്ടെക് അവാർഡ് ജേതാവുമായ ഡോ. ഇർഷാദ് കമ്മക്കകം എന്നിവരടങ്ങിയ പ്രത്യേക ജൂറിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.