റയൽ മാഡ്രിഡ് താരം വിംഗർ റോഡ്രിഗോ അൽ നസ്ർ ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോയോടൊപ്പം
റിയാദ്: തങ്ങളുടെ ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോ പച്ചക്കൊടി കാട്ടിയതോടെ ബ്രസീലിയൻ കളിക്കാരൻ വിംഗർ റോഡ്രിഗോയെ സൗദിയിലെത്തിക്കാൻ അൽ നസ്ർ ക്ലബ് ശ്രമം ആരംഭിച്ചു. അടുത്ത സീസണിലേക്കുള്ള തയാറെടുപ്പിന്റെ ഭാഗമായാണ് റയൽ മഡ്രിഡിൽ നിന്ന് ഈ സ്ട്രൈക്കറെ കൊണ്ടുവരുന്നതിനുള്ള കരാറിലേർപ്പെടാൻ സൗദി ക്ലബ് ശ്രമം ആരംഭിച്ചതെന്ന് ‘സ്കൈ സ്പോർട്സ്’ റിപ്പോർട്ട് ചെയ്തു.റയൽ മഡ്രിഡ് വിട്ട് സൗദിയുടെ റോഷൻ ലീഗിൽ കളിക്കുന്നതിനെക്കുറിച്ചുള്ള നിലപാട് അറിയാൻ അൽ നസ്ർ റോഡ്രിഗോയുടെ പ്രതിനിധികളെ ബന്ധപ്പെട്ടെന്നും റൊണാൾഡോക്കൊപ്പം ചേർന്ന് അൽ നസ്റിന്റെ ഭാഗമായി റിയാദിലെത്താൻ തുറന്ന ഓഫർ അവതരിപ്പിച്ചതായുമാണ് റിപ്പോർട്ട്. കരാർ തുകയുടെ മൂല്യം എത്രയാണെന്ന് വ്യക്തമാക്കപ്പെട്ടിട്ടില്ല.
അൽ നസ്റിന്റെ ആക്രമണ നിരക്ക് റോഡ്രിഗോ കരുത്തുപകരുമെന്ന് റൊണാൾഡോ വിശ്വസിക്കുന്നതിനാൽ അദ്ദേഹത്തിന്റെ നേരിട്ടുള്ള ശിപാർശ പ്രകാരമാണ് ഈ നീക്കം. ടീമിന്റെ മുൻനിരകളിക്കാരനായ റൊണാൾഡോയുമായി കൂടിയാലോചിച്ച ശേഷം കരാറുകൾ അന്തിമമാക്കും. എന്നാൽ, റയൽ മഡ്രിഡിന് ഇതുവരെ ഔദ്യോഗിക ഓഫർ സമർപ്പിച്ചിട്ടില്ല. റോഡ്രിഗോയെ കൈമാറാൻ ഈ സ്പാനിഷ് ക്ലബ് തയാറാണെങ്കിലും അവരുമായി ചർച്ച നടത്തുന്നതിന് മുമ്പ് ആദ്യം കളിക്കാരന്റെ മനസ്സമ്മതം തേടേണ്ടതുണ്ട്. ബ്രസീലിയൻ വിംഗറെ സ്വന്തമാക്കാൻ അൽ നസ്ർ വമ്പിച്ച ഓഫർ നൽകാൻ തയാറാണെന്നും റിപ്പോർട്ടിൽ പറയുന്നു.
2019 ലാണ് ബ്രസീലിയൻ ക്ലബ് സാൻസിൽനിന്ന് 24 കാരനായ റോഡ്രിഗോയെ റയൽ മഡ്രിഡ് സ്വന്തമാക്കിയത്. അതിനുശേഷം 269 മത്സരങ്ങൾ കളിച്ച അദ്ദേഹം 68 ഗോളുകൾ നേടുകയും 51 അസിസ്റ്റുകൾ നൽകുകയും ചെയ്തു.ക്ലബിൽ ചേർന്നതിനുശേഷം റോഡ്രിഗോ മാഡ്രിഡ് ഭീമന്മാർക്കൊപ്പം 12 കിരീടങ്ങൾ നേടിയിട്ടുണ്ട്. മൂന്ന് ലാ ലിഗ കിരീടങ്ങളും രണ്ട് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും ഉൾപ്പെടെയാണ് ഈ നേട്ടം. ‘ട്രാൻസ്ഫർ മാർക്ക്’ ഡേറ്റ പ്രകാരം റോഡ്രിഗോയുടെ നിലവിലെ വിപണി മൂല്യം ഒമ്പത് കോടി യൂറോയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.