റിയാദ്: 2024 ഡിസംബറിൽ ആരംഭിച്ച റിയാദ് മെട്രോ പദ്ധതിയിൽ യാത്ര ചെയ്തവരുടെ എണ്ണം 10 കോടി കവിഞ്ഞു. ഏറ്റവും കൂടുതൽ യാത്രക്കാർ റിപ്പോർട്ട് ചെയ്തത് ഒലയ റോഡ് ബ്ലൂ ലൈനിലാണ്. ഈ ലൈനിൽ മൊത്തം 4.65 കോടി പേർ യാത്ര ചെയ്തു.
തുടർന്ന് 1.7 കോടി യാത്രക്കാരുമായി കിങ് അബ്ദുല്ല റോഡിലെ റെഡ് ലൈനും മൂന്നാം സ്ഥാനത്ത് 1.2 കോടി യാത്രക്കാരുമായി മദീന റോഡ് ഓറഞ്ച് ലൈനുമാണ്. മറ്റു മൂന്നു ലൈനുകളുടെയും മൊത്തം ഉപയോക്താക്കളുടെ എണ്ണം 2.45 കോടിയാണ്. ആരംഭിച്ചതിനു ശേഷം പദ്ധതിയുടെ പ്രവർത്തന പതിവ് നിരക്ക് 99.78 ശതമാനത്തിലധികം കവിഞ്ഞു.
നാഷനൽ മ്യൂസിയം സ്റ്റേഷൻ, ഖസർ അൽഹുകം, ഫിനാൻഷ്യൽ സെന്റർ, എസ്.ടി.സി പ്രധാന സ്റ്റേഷനുകൾ എന്നിവയാണ് റിയാദ് മെട്രോയിൽ ഏറ്റവും കൂടുതൽ ഉപയോക്താക്കൾ ഉപയോഗിച്ച സ്റ്റേഷനുകൾ. നിരവധി റിയാദ് മെട്രോ ലൈനുകൾക്കിടയിലുള്ള ഇന്റർചേഞ്ച് സ്റ്റേഷനുകളായ ഇവ മൊത്തം ഉപയോഗത്തിന്റെ 29 ശതമാനത്തിലധികം പേർ ഉപയോഗിച്ചു.
റിയാദ് സിറ്റിയിൽ റോയൽ കമീഷൻ നടത്തുന്ന റിയാദ് മെട്രോയുടെ സേവനങ്ങൾക്ക് പൊതുഗതാഗത സ്റ്റോപ്പുകൾക്ക് പുറമേ വിശാലമായ ബസുകളുടെ ശൃംഖലയും അനുബന്ധമായി പ്രവർത്തിക്കുന്നു. ഇത് യാത്രക്കാർക്ക് വീട് വിട്ടിറങ്ങുന്ന നിമിഷം മുതൽ അന്തിമ ലക്ഷ്യസ്ഥാനങ്ങളിൽ എത്തുന്നതുവരെ തടസ്സമില്ലാത്ത യാത്രാനുഭവം നൽകുന്നു. ഈ സംയോജിത സംവിധാനം നഗരത്തിനുള്ളിൽ സഞ്ചാരം സുഗമമാക്കുകയും താമസക്കാരുടെയും സന്ദർശകരുടെയും ആവശ്യങ്ങൾ നിറവേറ്റുന്ന ഒന്നിലധികം ഓപ്ഷനുകൾ നൽകുകയും ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.