റിയാദ്: സൗദി അറേബ്യയിൽ വൈദ്യശാസ്ത്ര രംഗത്ത് സുപ്രധാന നേട്ടം. വയറിൽ ശസ്ത്രക്രിയ പാടുകളോ മുറിവുകളോ ഇല്ലാതെ ഗർഭപാത്രം നീക്കം ചെയ്യുന്ന അപൂർവ ശസ്ത്രക്രിയ റിയാദിലെ കിങ് ഖാലിദ് യൂനിവേഴ്സിറ്റി ആശുപത്രിയിൽ വിജയകരമായി പൂർത്തിയാക്കി. രാജ്യത്ത് ഇത്തരമൊരു ശസ്ത്രക്രിയ ഇതാദ്യമായാണ് നടക്കുന്നത്.
ദീർഘകാലമായി കഠിനമായ വേദനയും ഗർഭപാത്രം താഴേക്ക് ഇറങ്ങിവരുന്ന അവസ്ഥയും നേരിട്ടിരുന്ന 60 വയസിലേറെ പ്രായമുള്ള സ്വദേശി വനിതയെയാണ് ഈ നൂതന രീതിയിലൂടെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. സ്ത്രീരോഗ ശസ്ത്രക്രിയാ വിദഗ്ധരായ ഡോ. ആസിം കലന്തൻ, ഡോ. മുജാഹിദ് ബുഖാരി എന്നിവരടങ്ങുന്ന പ്രത്യേക സംഘമാണ് ഈ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്.
വയർ കീറിയുള്ള പരമ്പരാഗത ശസ്ത്രക്രിയകളോടുള്ള ഭയവും അതിനുശേഷമുള്ള നീണ്ട വിശ്രമകാലവും കാരണം വർഷങ്ങളോളം ഈ രോഗി ശസ്ത്രക്രിയ വൈകിപ്പിച്ചിരുന്നു. എന്നാൽ യോനിയിലൂടെ റോബോട്ടിക് ലാപ്രോസ്കോപ്പിക് സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്തിയ ഈ പുതിയ ശസ്ത്രക്രിയയിലൂടെ പുറമെ മുറിവുകളൊന്നുമില്ലാതെ ഗർഭപാത്രവും അണ്ഡാശയങ്ങളും നീക്കം ചെയ്യാൻ സാധിച്ചു.
ശസ്ത്രക്രിയ പൂർണ വിജയമായിരുന്നുവെന്നും യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മെഡിക്കൽ സംഘം അറിയിച്ചു. ശസ്ത്രക്രിയയുടെ അടുത്ത ദിവസം തന്നെ രോഗിക്ക് ആശുപത്രി വിടാൻ സാധിച്ചു എന്നത് ഈ സാങ്കേതികവിദ്യയുടെ വലിയ നേട്ടമാണ്. കിങ് ഖാലിദ് ആശുപത്രിയിലെ നൂതന ശസ്ത്രക്രിയാ സംവിധാനങ്ങളുടെയും മെഡിക്കൽ മികവിന്‍റെയും അടയാളമായാണ് ഈ വിജയം കണക്കാക്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.