റിയാദ്: സൗദി അറേബ്യയിലെ വിജയകരമായ ഔദ്യോഗിക സേവന കാലാവധി പൂർത്തിയാക്കി മടങ്ങുന്ന ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാന് റിയാദ് പ്രവിശ്യാ ഗവർണർ അമീർ ഫൈസൽ ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസ് അൽ സഊദ് ഔദ്യോഗികമായി യാത്രയയപ്പ് നൽകി. റിയാദ് ഗവർണറേറ്റിലെ ഖസ്ർ അൽ ഹുകം കൊട്ടാരത്തിലെ ഔദ്യോഗിക ഓഫീസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.
തെൻറ സേവനകാലയളവിൽ റിയാദ് ഗവർണറേറ്റിൽ നിന്നും ലഭിച്ച മികച്ച പിന്തുണക്കും സഹകരണത്തിനും അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ ഗവർണറോട് വ്യക്തിപരമായി നന്ദി രേഖപ്പെടുത്തി. അതോടൊപ്പം, സൗദി അറേബ്യയിലെ ഇന്ത്യൻ സമൂഹത്തിന് ഗവർണർ നൽകിവരുന്ന നിരന്തരമായ പരിചരണത്തിനും പ്രത്യേക ശ്രദ്ധക്കും അദ്ദേഹം പ്രത്യേകം കൃതജ്ഞത അറിയിക്കുകയും ചെയ്തു.
ഇന്ത്യയും സൗദിയും തമ്മിൽ വിവിധ മേഖലകളിൽ ക്രമാനുഗതമായി വളർന്നുകൊണ്ടിരിക്കുന്ന ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും ഇരുവരും കൂടിക്കാഴ്ചയിൽ വിശദമായ ആശയവിനിമയം നടത്തി. ഇന്ത്യൻ അംബാസഡർ തന്റെ ഔദ്യോഗിക ചുമതലാ കാലയളവിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം സുദൃഢമാക്കാൻ നടത്തിയ സജീവമായ ശ്രമങ്ങളെയും മികച്ച പ്രവർത്തനങ്ങളെയും റിയാദ് ഗവർണർ പ്രത്യേകം പ്രശംസിച്ചു.
ഡോ. സുഹേൽ ഇജാസ് ഖാന്റെ ഭാവി ഔദ്യോഗിക ജീവിതത്തിനും വ്യക്തിജീവിതത്തിനും ഹൃദയംഗമമായ വിജയങ്ങൾ ആശംസിച്ച ഗവർണർ അദ്ദേഹത്തിന് നന്ദിയും രേഖപ്പെടുത്തി. റിയാദിലെ തെൻറ ഔദ്യോഗിക ദൗത്യം വിജയകരമായി പൂർത്തിയാക്കിയ ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ ഉടൻ തന്നെ ഇന്ത്യയിലേക്ക് മടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.