‘റിയാദ് എക്സ്പോ 2030’ൽ ഔദ്യോഗികമായി പങ്കാളികളാകുന്നതിനുള്ള കരാറിൽ ഫ്രാൻസ് ഒപ്പുവെച്ചപ്പോൾ
റിയാദ്: ‘റിയാദ് എക്സ്പോ 2030’ൽ ഔദ്യോഗികമായി പങ്കാളികളാകുന്നതിനുള്ള കരാറിൽ ഫ്രാൻസ് ഒപ്പുവെച്ചു. ഇതോടെ എക്സ്പോയിൽ പങ്കാളിത്തം ഉറപ്പാക്കി കരാർ നടപടികൾ പൂർത്തിയാക്കുന്ന ആദ്യ രാജ്യമായി ഫ്രാൻസ് മാറി. സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറ ഫ്രഞ്ച് സന്ദർശന വേളയിലാണ് ഈ ചരിത്രപരമായ കരാർ ഒപ്പുവെക്കൽ നടന്നത്.
പാരീസിൽ നടന്ന ചടങ്ങിൽ സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ, അന്താരാഷ്ട്ര എക്സിബിഷൻ ബ്യൂറോ (ബി.ഐ.ഇ) സെക്രട്ടറി ജനറൽ ദിമിത്രി കെർക്കെൻറ്സെസ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. റിയാദ് എക്സ്പോ 2030 ചീഫ് എക്സിക്യൂട്ടീവ് എൻജിനീയർ തലാൽ അൽ മാരിയും ഫ്രഞ്ച് എക്സിബിഷൻസ് കമ്പനി ബോർഡ് ചെയർമാൻ ജാക്ക് മേയറും കരാറിൽ ഒപ്പുവെച്ചു.
റിയാദ് എക്സ്പോയുടെ ഒരുക്കങ്ങളിലെ പ്രധാന നാഴികക്കല്ലാണ് ഫ്രാൻസിെൻറ ഈ പങ്കാളിത്തം. ആറുമാസം നീണ്ടുനിൽക്കുന്ന മേളയിലെ ഫ്രഞ്ച് പവലിയൻ നിർമാണം, സന്ദർശക അനുഭവങ്ങൾ, വിവിധ സാംസ്കാരിക-നവീകരണ പ്രോഗ്രാമുകൾ എന്നിവയുടെ സംഘാടനപരമായ നടപടികൾക്ക് ഈ കരാറോടെ തുടക്കമാകും. ലോകമെമ്പാടുമുള്ള രാജ്യങ്ങളെയും അവരുടെ ആശയങ്ങളെയും ഒരു കുടക്കീഴിൽ അണിനിരത്തി അന്താരാഷ്ട്ര എക്സ്പോ ചരിത്രത്തിലെ ഏറ്റവും മികച്ച പതിപ്പ് സമ്മാനിക്കാനാണ് റിയാദ് ലക്ഷ്യമിടുന്നതെന്ന് തലാൽ അൽ മാരി പറഞ്ഞു. സംസ്കാരം, നവീകരണം എന്നിവയിൽ സമ്പന്നമായ ചരിത്രമുള്ള ഫ്രാൻസിെൻറ പങ്കാളിത്തം എക്സ്പോയ്ക്ക് വലിയ കരുത്ത് പകരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫ്രാൻസിെൻറ സർഗാത്മകതയും സാങ്കേതിക മികവും ആഗോളതലത്തിൽ പ്രദർശിപ്പിക്കാനുള്ള അസാധാരണ അവസരമാണ് റിയാദ് എക്സ്പോയെന്നും ഫ്രഞ്ച് പവലിയനായി മികച്ച സ്ഥലം അനുവദിച്ചതിൽ സൗദി അധികൃതർക്ക് നന്ദി അറിയിക്കുന്നതായും ജാക്ക് മേയർ വ്യക്തമാക്കി.‘ഒരുമിച്ച് ഒന്നിക്കാം, നാളെയെ കരുപ്പിടിപ്പിക്കാം’ എന്ന പ്രമേയത്തിൽ 2030 ഒക്ടോബർ ഒന്ന് മുതൽ 2031 മാർച്ച് 31 വരെയാണ് റിയാദ് എക്സ്പോ സംഘടിപ്പിക്കുന്നത്. ആറുമാസത്തെ പ്രദർശനത്തിനിടെ 200-ലധികം രാജ്യങ്ങളുടെ പങ്കാളിത്തവും 4.2 കോടിയിലേറെ സന്ദർശകരെയും സൗദി അറേബ്യ പ്രതീക്ഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.