റിയാദ് ഡ്രോൺ റേസിങ് വേൾഡ് കപ്പ് ടൂർണമെന്റിൽനിന്നുള്ള ദൃശ്യങ്ങൾ
റിയാദ്: വ്യാഴാഴ്ച ആരംഭിച്ച റിയാദ് ഡ്രോൺ റേസിങ് വേൾഡ് കപ്പ് 2025 ടൂർണമെന്റിന്റെ ഫൈനൽ മത്സരം ഇന്ന് (ശനിയാഴ്ച) നടക്കും.
വേൾഡ് എയർ സ്പോർട്സ് ഫെഡറേഷന്റെ സഹകരണത്തോടെ സൗദി സൈബർ സെക്യൂരിറ്റി ഫെഡറേഷൻ റിയാദിലെ ബോളിവാഡ് സിറ്റിയിൽ സംഘടിപ്പിച്ച ടൂർണമെന്റിലെ യോഗ്യതാറൗണ്ട് മത്സരങ്ങൾ വ്യാഴാഴ്ച വൈകീട്ടും സെമി ഫൈനൽ വരെയുള്ള മത്സരങ്ങൾ വെള്ളിയാഴ്ചയിലും നടന്നു. ഇനി അവശേഷിക്കുന്നത് കലാശപ്പോര് മാത്രം.
ഡ്രോൺ പറത്തി മത്സരത്തിൽ മാറ്റുരക്കാൻ ഈ രംഗത്തെ ലോകതാരങ്ങളടക്കം റിയാദിലെത്തിയിട്ടുണ്ട്. ഇതിനുപുറമെ സൗദിയിൽനിന്നുള്ള ഡ്രോൺ പറത്തൽ മിടുക്കന്മാരും മത്സരിക്കുന്നുണ്ട്. 13 ലക്ഷം സൗദി റിയാലാണ് മൊത്തം സമ്മാനത്തുക. മത്സര ജേതാക്കൾക്ക് മാത്രമല്ല, മത്സരം കാണാനെത്തുന്നവർക്കും സമ്മാനങ്ങളുണ്ട്. അവർക്കും വിവിധ തരം മത്സരങ്ങളുണ്ട്.
2016ലാണ് ഡ്രോൺ പറത്തൽ ടൂർണമെന്റ് സൗദി അറേബ്യ സംഘടിപ്പിച്ചു തുടങ്ങുന്നത്. മധ്യപൗരസ്ത്യ ഏഷ്യയും ഉത്തരാഫ്രിക്കയും ചേർന്ന മേഖലയിൽ ആദ്യമായി ഇത്തരമൊരു ചുവടുവെപ്പ് നടത്തിയത് സൗദി അറേബ്യയാണ്. വ്യാഴം, വെള്ളി ദിവസങ്ങളിൽ മത്സരം കാണാനും പങ്കെടുക്കാനും നിരവധിയാളുകളാണെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.