റിയാദ്: അൽ ഖർജ് മേഖലയിൽ നിലനിന്നിരുന്ന അപകടസാധ്യതകൾ നീങ്ങിയതായി സിവിൽ ഡിഫൻസ് പ്രഖ്യാപിച്ചു. ദേശീയ മുൻകൂർ മുന്നറിയിപ്പ് പ്ലാറ്റ്ഫോം വഴിയാണ് അപകടം ഒഴിഞ്ഞ വിവരം ഔദ്യോഗികമായി അറിയിച്ചത്.മേഖലയിലെ സ്ഥിതിഗതികൾ സാധാരണ നിലയിലായെങ്കിലും, സ്വദേശികളും താമസക്കാരും ഔദ്യോഗിക നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും സുരക്ഷ മാർഗനിർദേശങ്ങൾ പിന്തുടരണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
അൽ ഖർജിലും റിയാദിലെ ന്യൂ സനാഇയ മേഖലയിലും അപകടസാധ്യതയുള്ള സാഹചര്യത്തിൽ വ്യാഴാഴ്ച രാത്രി സിവിൽ ഡിഫൻസ് പ്രത്യേക മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ പിന്നീട് ആ സാഹചര്യത്തിന് അയവ് വന്നതിനെ തുടർന്നാണ് പുതിയ അറിയിപ്പ് എത്തിയത്. മുന്നറിയിപ്പ് നിർദേശം ലഭിക്കുേമ്പാൾ ഒട്ടും പരിഭ്രാന്തരാകരുത് എന്നതാണ് പ്രധാനം.സന്ദേശം ലഭിച്ചാലുടൻ ജനലുകളിൽനിന്ന് അകലെ കെട്ടിടങ്ങൾക്കുള്ളിലോ സുരക്ഷിത മുറികളിലോ അഭയംപ്രാപിക്കണം. അപകടം പൂർണമായും ഒഴിഞ്ഞുവെന്ന ഔദ്യോഗിക അറിയിപ്പ് വരുന്നത് വരെ അവിടെ തുടരേണ്ടതാണ്.
മുന്നറിയിപ്പ് കാലാവധി അവസാനിക്കുന്നത് വരെ പുറത്തിറങ്ങരുതെന്നും ബാൽക്കണികളിലോ ടെറസ്സുകളിലോ നിൽക്കുന്നത് ഒഴിവാക്കണമെന്നും സിവിൽ ഡിഫൻസ് പ്രത്യേകം ഓർമിപ്പിച്ചു.ഗ്ലാസ് നിർമിതികളിൽനിന്നും തുറസ്സായ സ്ഥലങ്ങളിൽനിന്നും വിട്ടുനിൽക്കണം. സന്ദേശം ലഭിക്കുമ്പോൾ പുറത്താണുള്ളതെങ്കിൽ ഏറ്റവും അടുത്തുള്ള കെട്ടിടത്തിലോ സുരക്ഷിതമായ മറകൾക്ക് പിന്നിലോ അഭയം തേടണം. അപകടസ്ഥലങ്ങളിൽ കൂട്ടംകൂടാനോ വിഡിയോ ചിത്രീകരിക്കാനോ ശ്രമിക്കാതെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം.
യാത്രക്കിടെയാണ് മുന്നറിയിപ്പ് സന്ദേശം ലഭിക്കുന്നതെങ്കിൽ പാലങ്ങൾക്കും ഉയരമുള്ള കെട്ടിടങ്ങൾക്കും താഴെ അല്ലാതെ റോഡരികിൽ സുരക്ഷിതമായി വാഹനം ഒതുക്കി നിർത്തണം. തുടർന്ന് ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നുള്ള നിർദ്ദേശങ്ങൾ ശ്രദ്ധിക്കണം.ഏതെങ്കിലും തരത്തിലുള്ള അപകടം ശ്രദ്ധയിൽപ്പെട്ടാൽ റിയാദ്, മക്ക, മദീന, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലുള്ളവർ 911 എന്ന നമ്പറിലും, രാജ്യത്തെ മറ്റ് ഭാഗങ്ങളിലുള്ളവർ 998 എന്ന നമ്പറിലും അടിയന്തര സഹായത്തിനായി ബന്ധപ്പെടണമെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.