സർവിസ് ആരംഭിക്കുന്നതിന് മുന്നോടിയായി റിയാദ് എയർ തങ്ങളുടെ അത്യാധുനിക ബോയിങ് 787-9 ഡ്രീംലൈനർ വിമാനങ്ങൾ ഔദ്യോഗികമായി പുറത്തിറക്കിയപ്പോൾ

റിയാദ് എയർ ജൂൺ 10 മുതൽ സർവിസുകൾ ആരംഭിക്കുന്നു

റിയാദ്: വ്യോമയാന മേഖലയിൽ ആഗോള ഹബ്ബായി മാറാനുള്ള സൗദി അറേബ്യയുടെ കുതിപ്പിന് വേഗം കൂട്ടിക്കൊണ്ട് പുതിയ ദേശീയ വിമാനക്കമ്പനിയായ ‘റിയാദ് എയർ’ സർവിസുകൾ ആരംഭിക്കുന്നു. അത്യാധുനിക ബോയിങ് 787-9 ഡ്രീംലൈനർ വിമാനങ്ങൾ ലഭ്യമായ പശ്ചാത്തലത്തിൽ, മുമ്പ് ജൂലൈ ഒന്നിന് ആരംഭിക്കാൻ നിശ്ചയിച്ചിരുന്ന ലണ്ടനിലേക്കുള്ള റിയാദ് എയറിെൻറ കന്നി സർവീസ് പ്രവർത്തന സജ്ജത വേഗത്തിലാക്കിക്കൊണ്ട് ഈ മാസം ജൂൺ 10 മുതൽ ആരംഭിക്കും എന്നതാണ് ഏറ്റവും പുതിയ വിവരം.

രാജകുടുംബാംഗങ്ങൾ, മന്ത്രിമാർ, വ്യോമയാന രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുത്ത പ്രൗഢഗംഭീരമായ ചടങ്ങിലാണ് കമ്പനി തങ്ങളുടെ ആദ്യ ബോയിങ് 787 ഡ്രീംലൈനർ വിമാനം പൊതുസമക്ഷം ഔദ്യോഗികമായി പുറത്തിറക്കിയത്. സൗദി പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ട് ഗവർണറും റിയാദ് എയർ ചെയർമാനുമായ യാസിർ അൽ റുമയ്യാൻ, കമ്പനി സി.ഇ.ഒ ടോണി ഡഗ്ലസ് എന്നിവർ ഈ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിച്ചു.

ആഗോള വ്യോമയാന വിപണിയിൽ സാന്നിധ്യം ശക്തമാക്കുന്നതിെൻറ ഭാഗമായി പ്രാദേശിക, അന്തർദേശീയ തലങ്ങളിലെ അഞ്ച് പുതിയ പ്രമുഖ നഗരങ്ങളിലേക്ക് കൂടി റിയാദ് എയർ സർവീസുകൾ പ്രഖ്യാപിക്കുകയും ടിക്കറ്റ് വിതരണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ജിദ്ദ, ദുബൈ, കൈറോ, മഡ്രിഡ്, മാഞ്ചസ്റ്റർ എന്നിവയാണ് പുതുതായി പ്രഖ്യാപിച്ച റൂട്ടുകൾ. ഘട്ടങ്ങളായാണ് ഈ സർവീസുകൾ യാത്രക്കാർക്കായി തുറന്നുനൽകുന്നത്.

ജൂൺ 14ന് ജിദ്ദയിലേക്കുള്ള ആഭ്യന്തര സർവിസോടെയാണ് ഇതിന് തുടക്കമാകുന്നത്. തൊട്ടുപിന്നാലെ ജൂൺ 18ന് ദുബൈയിലേക്കും ജൂൺ 25ന് കൈറോയിലേക്കും വിമാനങ്ങൾ പറന്നുയരും. യൂറോപ്യൻ നഗരങ്ങളായ മഡ്രിഡിലേക്ക് ജൂലൈ 17നും മാഞ്ചസ്റ്ററിലേക്ക് ജൂലൈ 23നുമാണ് സർവിസുകൾ നിശ്ചയിച്ചിരിക്കുന്നത്.

ഭാവിയിൽ ഇന്ത്യയിലേക്കും റിയാദ് എയർ സർവിസ് ആരംഭിക്കുമെന്ന് വ്യക്തമാക്കിയ സാഹചര്യത്തിൽ, കേരളത്തിൽ നിന്നും യൂറോപ്പിലേക്ക് പോകുന്ന പ്രവാസികൾക്ക് റിയാദ് വഴി എളുപ്പത്തിൽ കണക്ടിങ് ഫ്ലൈറ്റുകൾ ലഭ്യമാകുമെന്നത് വലിയ നേട്ടമാകും. കമ്പനിയുടെ ഭാവി വിമാനശൃംഖലയുടെ നട്ടെല്ലായ അത്യാധുനിക ബോയിങ് 787-9 ഡ്രീംലൈനർ വിമാനങ്ങൾ ഉപയോഗിച്ചായിരിക്കും ഈ സർവിസുകളെല്ലാം നടത്തുക.

ഇതേ വിഭാഗത്തിൽപെട്ട 72 വിമാനങ്ങളാണ് റിയാദ് എയർ സ്വന്തമാക്കാൻ ഒരുങ്ങുന്നത്. ബിസിനസ്, ടൂറിസം, വ്യാപാര മേഖലകളിലെ വർധിച്ചുവരുന്ന ആവശ്യങ്ങൾ പരിഗണിച്ചാണ് ഈ റൂട്ടുകൾ തിരഞ്ഞെടുത്തതെന്ന് സി.ഇ.ഒ ടോണി ഡഗ്ലസ് വ്യക്തമാക്കി. ലോകത്തെ ഏറ്റവും പുതിയ സാങ്കേതികവിദ്യകളും സൗദി അറേബ്യയുടെ പരമ്പരാഗത അറബിക് ആതിഥ്യമര്യാദയും സമന്വയിപ്പിച്ച് യാത്രാനുഭവത്തെ പുനർനിർവചിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഒരു വശത്ത് യൂറോപ്പും അമേരിക്കയും, മറുവശത്ത് മിഡിലീസ്റ്റും ഇന്ത്യൻ ഉപഭൂഖണ്ഡവുമായി ബന്ധിപ്പിക്കുന്ന പ്രധാന ട്രാൻസിറ്റ് ഇടനാഴിയായി ഇതോടെ റിയാദ് മാറും.

ഗതാഗത, ലോജിസ്റ്റിക്സ് മേഖലകളിൽ സൗദിയുടെ സ്ഥാനം ഉറപ്പിക്കുന്ന ‘വിഷൻ 2030’ പദ്ധതിയുടെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിനും രാജ്യത്തിെൻറ സാമ്പത്തിക വൈവൈവിധ്യവൽക്കരണത്തിനും ആഗോളതലത്തിലുള്ള ബന്ധങ്ങൾ ശക്തമാക്കുന്നതിനും റിയാദ് എയർ നിർണായക പങ്കുവഹിക്കുമെന്ന് യാസിർ അൽ റുമയ്യാൻ പറഞ്ഞു.

2030-ഓടെ സൗദി തലസ്ഥാനമായ റിയാദിനെ ലോകമെമ്പാടുമുള്ള നൂറിലധികം നഗരങ്ങളുമായി ബന്ധിപ്പിക്കാൻ ശേഷിയുള്ള അത്യാധുനിക വിമാനശേഖരം കെട്ടിപ്പടുക്കുകയാണ് കമ്പനിയുടെ അന്തിമ ലക്ഷ്യം. ഇത് രാജ്യത്തെ വ്യോമയാന, ടൂറിസം, ലോജിസ്റ്റിക്സ് മേഖലകൾക്ക് വൻ വികസന സാധ്യതകളാണ് തുറന്നുനൽകുന്നത്. റിയാദിൽ നിന്ന് ലോകത്തിലേക്കുള്ള യാത്രയുടെ പുതിയൊരു യുഗത്തിനാണ് റിയാദ് എയർലൈൻസ് ഇതിലൂടെ തുടക്കം കുറിക്കുന്നത്.

Tags:    
News Summary - Riyadh Air starts services from June 10

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.