റിയാദ്: ചിറകുവിരിച്ച് സൗദി അറേബ്യയുടെ സ്വപ്ന പദ്ധതികളിലൊന്ന്. പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ടിെൻറ അനുബന്ധ സ്ഥാപനമായി ആരംഭിച്ച പുതിയ ദേശീയ വിമാന കമ്പനിയായ റിയാദ് എയറിെൻറ ആദ്യ സർവിസ് ലണ്ടൻ ഹീത്രോ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു. റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ലണ്ടൻ ഹീത്രോയിലേക്കുള്ള ആർ.എക്സ് 401 വിമാനമാണ് വ്യാഴാഴ്ച ഔദ്യോഗിക സർവിസ് ഉദ്ഘാടനമായി കന്നി പറക്കൽ നടത്തിയത്. അത്യാധുനിക ബോയിങ് 787-9 ഡ്രീംലൈനർ വിമാനമാണിത്.
ആഗോള വ്യോമയാന ബന്ധങ്ങളുടെയും വ്യത്യസ്ത യാത്രാനുഭവങ്ങളുടെയും പുതിയൊരു യുഗത്തിനാണ് ഇതോടെ തുടക്കമായിരിക്കുന്നത്. നിർമാണം പൂർത്തിയായി ആദ്യ ബോയിങ് 787-9 ഡ്രീംലൈനർ വിമാനം ജൂൺ അഞ്ചിനാണ് റിയാദിലെത്തിയത്. ഏഴിന് മൂന്നാമത്തെ വിമാനവും എത്തിയതോടെ ഉദ്ഘാടന പറക്കലിന് റിയാദ് എയർ തീരുമാനിക്കുകയായിരുന്നു.
‘റോഡ് ടു ടേക്ക് ഓഫ്’ പ്രവർത്തന പരിപാടിയുടെ ഭാഗമായി ‘ജമീല’ എന്ന് പേരിട്ടിരിക്കുന്ന റിസർവ് വിമാനം ഉപയോഗിച്ച് കഴിഞ്ഞവർഷം ഒക്ടോബറിൽ തന്നെ റിയാദ് എയർ ലണ്ടനിലേക്ക് ദിവസേനയുള്ള പരീക്ഷണ സർവീസുകൾ ആരംഭിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ പുതിയ ഡ്രീംലൈനർ വിമാനം സർവീസിന് എത്തിക്കുന്നത് കമ്പനിയെ സംബന്ധിച്ച് സുപ്രധാന നാഴികക്കല്ലാണ്.
തങ്ങളുടെ വാണിജ്യ പ്രവർത്തനങ്ങൾ കൂടുതൽ പുരോഗമിച്ച ഘട്ടത്തിലേക്ക് നീങ്ങാനുള്ള സന്നദ്ധതയാണ് ഈ വിമാനം സ്ഥിരീകരിക്കുന്നതെന്ന് റിയാദ് എയർ സി.ഇ.ഒ ടോണി ഡഗ്ലസ് വ്യക്തമാക്കി. ജൂലൈ ഒന്നിന് നിശ്ചയിച്ചിരുന്ന ഷെഡ്യൂളിന് മുമ്പായി പുതിയ ബോയിങ് 787-9 ഡ്രീംലൈനർ സർവീസ് ആരംഭിക്കാൻ സാധിച്ചത് ടീമുകളുടെയും പങ്കാളികളുടെയും ഉയർന്ന കാര്യക്ഷമതയെയാണ് കാണിക്കുന്നത്. സേവന നിലവാരം ഒട്ടും ചോർന്നുപോകാതെ വളർച്ച വേഗത്തിലാക്കാൻ കമ്പനിക്ക് സാധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇരു രാജ്യങ്ങൾ തമ്മിലുള്ള വ്യോമബന്ധം കൂടുതൽ ദൃഢമാക്കുന്ന ഈ റൂട്ടിൽ പതിവ് ദൈനംദിന വിമാന സർവീസുകൾ തുടരുന്നതാണ്. ഫ്ലൈറ്റ് ആർ.എക്സ് 401 റിയാദിൽ നിന്ന് പുലർച്ചെ 2.35-ന് പുറപ്പെട്ട് രാവിലെ 7.30-ന് ലണ്ടനിൽ എത്തിച്ചേരും. മടക്ക വിമാനമായ ആർ.എക്സ് 402 അതത് നഗരങ്ങളുടെ പ്രാദേശിക സമയം അനുസരിച്ച് രാവിലെ 9.35-ന് ലണ്ടനിൽ നിന്ന് പുറപ്പെട്ട് വൈകുന്നേരം 6.05-ന് റിയാദിൽ വന്നിറങ്ങുമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.