‘നമ്മുടെ അഭിമാനം നമ്മുടെ സ്വഭാവത്തിൽ’: സൗദി ദേശീയ ദിനത്തി​​ന്റെ ഔദ്യോഗിക ലോഗോയും സ്ലോഗനും പുറത്തിറക്കി

റിയാദ്: ‘നമ്മുടെ അഭിമാനം നമ്മുടെ സ്വഭാവത്തിലാണ്’ എന്ന സന്ദേശവുമായി ഇത്തവണത്തെ സൗദി ദേശീയ ദിനത്തി​ന്റെ ഔദ്യോഗിക ലോഗോയും സ്ലോഗനും പുറത്തിറക്കി. സെപ്റ്റംബർ 23ന് ആഘോഷിക്കുന്ന സൗദി ദേശീയ ദിനത്തോടനുബന്ധിച്ചുള്ള വിഷ്വൽ ഐഡൻറിറ്റി, സൗദി പൊതുവിനോദ അതോറിറ്റി ചെയർമാൻ തുർക്കി ആലുശൈഖ് ആണ് പ്രഖ്യാപിച്ചത്.

ദേശീയ ദിന ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന വിവിധ പരിപാടികൾ ഏകോപിപ്പിക്കുന്നതിനും അവക്ക് ഏകീകൃത സ്വഭാവം നൽകുന്നതിനുമായാണ് സമഗ്രമായ വിഷ്വൽ ഗൈഡ് പുറത്തിറക്കിയിരിക്കുന്നത്. രാജ്യത്തോടുള്ള അഭിമാനവും പ്രതിബദ്ധതയും വിളിച്ചോതുന്ന രീതിയിലാണ് ഇതി​​ന്റെ രൂപകൽപ്പന.

ധൈര്യം, ദീർഘവീക്ഷണം, തനിമ, നിശ്ചയദാർഢ്യം, ഔദാര്യം, ആതിഥ്യമര്യാദ എന്നിവയുൾപ്പെടെ സൗദി സമൂഹത്തെ വേറിട്ടുനിർത്തുന്ന സവിശേഷമായ മൂല്യങ്ങളിൽനിന്നും സ്വഭാവഗുണങ്ങളിൽനിന്നുമാണ് ഇതി​ന്റെ മൂല ആശയം ഉൾക്കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ വർഷത്തെ ആഘോഷങ്ങളിൽ ശ്രദ്ധേയമായിരുന്ന ‘നമ്മുടെ അഭിമാനം നമ്മുടെ സ്വഭാവത്തിലാണ്’ എന്ന പ്രധാന മുദ്രാവാക്യം തന്നെയാണ് ഈ വർഷവും തുടർന്നുപോരുന്നത്.

സൗദി സമൂഹത്തി​ന്റെ പാരമ്പര്യവും മഹിമയും വ്യക്തമാക്കുന്ന പ്രസ്തുത സന്ദേശത്തിന് കീഴിൽ നമ്മുടെ അഭിമാനം നമ്മുടെ ധൈര്യത്തിലും ദീർഘവീക്ഷണത്തിലും തനിമയിലും നിശ്ചയദാർഢ്യത്തിലും ഔദാര്യത്തിലും ആതിഥ്യമര്യാദയിലുമാണെന്ന ഉപ ആശയങ്ങളും അണിനിരക്കുന്നുണ്ട്. ഈ ഓരോ വാക്യവും സൗദി പൗരന്മാരുടെ തനതായ ഓരോ സ്വഭാവഗുണത്തെയാണ് പ്രതിനിധീകരിക്കുന്നത്.

സൗദിയുടെ പരമ്പരാഗത നെയ്ത്തുകലയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട ​​േജ്യാമിതീയ വരകളെയും അലങ്കാര രൂപങ്ങളെയും സംയോജിപ്പിച്ചാണ് ഇതി​ന്റെ വിഷ്വൽ ഡിസൈൻ തയ്യാറാക്കിയിരിക്കുന്നത്. ഡിസൈനി​ന്റെ വിവിധ ഭാഗങ്ങളിൽ പ്രധാന ഫോണ്ടായി ‘സൗദി ഫോണ്ട്’ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്.

ഇത് സൗദിയുടെ സാംസ്കാരിക തനിമയെയും ഐക്യത്തെയും ദേശീയ ഐഡൻറിറ്റിയോടുള്ള ആദരവിനെയും എടുത്തുകാണിക്കുന്നു. സൗദി ദേശീയ ദിനവുമായി ബന്ധപ്പെട്ട എല്ലാ പരിപാടികൾ, ഉദ്യമങ്ങൾ, മാധ്യമ പ്രചാരണ സാമഗ്രികൾ എന്നിവയിൽ ഈ ഔദ്യോഗിക ഐഡൻറിറ്റി തന്നെ ഉപയോഗിക്കാനും അംഗീകൃത ഐഡൻറിറ്റി ഗൈഡ്‌ലൈൻ പൂർണമായും പാലിക്കാനും സർക്കാർ, സ്വകാര്യ, ലാഭരഹിത സ്ഥാപനങ്ങളോട് പൊതുവിനോദ അതോറിറ്റി അഭ്യർഥിച്ചു.

Tags:    
News Summary - സൗദി ദേശീയ ദിനത്തി​​ന്റെ ഔദ്യോഗിക ലോഗോ പുറത്തിറക്കി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.