സെൽഫ് ഡ്രൈവിങ് റോബോ ബസ്

ഖുബാഅ് പള്ളി മുറ്റത്ത് വിപ്ലവകരമായ മാറ്റം; സെൽഫ് ഡ്രൈവിങ് റോബോ ബസ് പരീക്ഷണ ഓട്ടം തുടങ്ങി

മദീന: ചരിത്രപ്രസിദ്ധമായ ഖുബാഅ് പള്ളി പരിസരത്ത് നൂതന സാങ്കേതികവിദ്യയുടെ കരുത്തിൽ ഓടുന്ന ‘സെൽഫ് ഡ്രൈവിങ്’ റോബോ ബസി​െൻറ പരീക്ഷണ ഓട്ടം ആരംഭിച്ചു. മദീന മേഖല വികസന അതോറിറ്റിയുമായി സഹകരിച്ച് സൗദി പൊതുഗതാഗത അതോറിറ്റിയാണ് ലോകശ്രദ്ധയാകർഷിക്കുന്ന ഈ സ്മാർട്ട് യാത്രാ പദ്ധതിക്ക് തുടക്കമിട്ടത്.

അറുപത് ദിവസം നീണ്ടുനിൽക്കുന്ന ഈ പരീക്ഷണ ഘട്ടത്തിലൂടെ പുതിയ സാങ്കേതികവിദ്യയുടെ കാര്യക്ഷമതയും സുരക്ഷയും ഗുണനിലവാരവും വിലയിരുത്താനാണ് അതോറിറ്റി ലക്ഷ്യമിടുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), ഹൈ-റെസല്യൂഷൻ കാമറകൾ, അത്യാധുനിക സെൻസർ സംവിധാനങ്ങൾ എന്നിവ ഉപയോഗിച്ചാണ് ബസ് പ്രവർത്തിക്കുന്നത്. യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഒരേപോലെ ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കിക്കൊണ്ടാണ് വാഹനത്തിന്റെ സഞ്ചാരം.

പള്ളിയിൽ ആരാധനയ്‌ക്കെത്തുന്നവർക്കും സന്ദർശകർക്കും യാത്രാസൗകര്യം സുഗമമാക്കുന്നതിനായി 700 മീറ്റർ നീളത്തിലാണ് ബസ് റൂട്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിലവിലുള്ള ഗോൾഫ് വണ്ടി റൂട്ടുകൾ പൂർണമായും പാലിച്ചുകൊണ്ടായിരിക്കും ഇതിന്റെ സർവീസ്. പുരുഷന്മാർക്കും സ്ത്രീകൾക്കുമായി നിശ്ചയിച്ചിട്ടുള്ള പ്രത്യേക പോയിൻറുകളിൽ നിന്ന് യാത്ര തുടങ്ങാം. ഹൈ-റെസല്യൂഷൻ ഡിജിറ്റൽ മാപ്പുകൾ വഴി ഫീൽഡ് ഡാറ്റ ശേഖരിക്കുന്നത് വഴി റൂട്ടിൽ നിന്ന് വ്യതിയാനം സംഭവിക്കില്ലെന്ന് അധികൃതർ ഉറപ്പാക്കുന്നു.

സൗദി അറേബ്യയുടെ ഡിജിറ്റൽ പരിവർത്തന ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്ന ഈ പദ്ധതി വിഷൻ 2030-​െൻറ ഭാഗമാണ്. ഭാവി ഗതാഗത സൗകര്യങ്ങളിൽ നിക്ഷേപിക്കുന്നതിനും സുസ്ഥിരമായ ഗതാഗത പരിഹാരങ്ങൾ കണ്ടെത്തുന്നതിനും ഈ സംരംഭം വഴിയൊരുക്കും. ആർട്ടിഫിഷ്യൽ ഇൻറലിജൻസിന് വലിയ പ്രാധാന്യം നൽകുന്ന 2026-ൽ ഇത്തരം സ്മാർട്ട് സാങ്കേതികവിദ്യകൾ പ്രാദേശികവൽക്കരിക്കുന്നത് മദീനയിലെ സന്ദർശകർക്ക് സുരക്ഷിതവും സുഗമവുമായ യാത്രാനുഭവം നൽകുമെന്ന് പൊതുഗതാഗത അതോറിറ്റി വ്യക്തമാക്കി.

Tags:    
News Summary - Revolutionary change in the Quba Mosque courtyard; trial run of self-driving robot bus begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.