സൗദിയിൽ സമൂഹമാധ്യമങ്ങളിൽ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് വിദേശികൾക്ക് നിയന്ത്രണം

ജിദ്ദ: സൗദിയിൽ സാമൂഹ്യ മാധ്യമങ്ങളിൽ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് വിദേശികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. രാജ്യത്തെ ഓഡിയോ വിഷ്വൽ മീഡിയ ജനറൽ കമ്മീഷനാണ് ഇതുസംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്. ഇത്തരം പരസ്യം ചെയ്യുന്നതിന് വാണിജ്യപരമായതോ മറ്റു നിയമപരമായ ലൈസൻസുകളോ ഉണ്ടായിരിക്കണം. ലൈസൻസ് ഇല്ലാത്തവർ ഇങ്ങിനെ പരസ്യങ്ങൾ പോസ്റ്റ് ചെയ്യുന്നത് രാജ്യത്തിൻറെ തൊഴിൽ, പ്രവാസി നിയമങ്ങളുടെ ലംഘനമാണെന്ന് കമ്മീഷൻ അറിയിച്ചു. പരസ്യവുമായി ബന്ധപ്പെട്ട ലംഘനങ്ങൾ നിയന്ത്രിക്കുന്നതിന് ഓഡിയോ വിഷ്വൽ മീഡിയ നിയമം അനുസരിച്ച് കമ്മീഷൻ ഏൽപ്പിച്ച ചുമതലകൾക്ക് അനുസൃതമായാണ് പുതിയ നിയന്ത്രണങ്ങൾ. വിവിധ സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകളിൽ പ്രവാസികളും സന്ദർശകരും ഉൾപ്പെടെ നിരവധി സൗദി ഇതര പരസ്യദാതാക്കളുടെ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് കമ്മീഷന്റെ പുതിയ നിർദേശം.

ഇത്തരം പരസ്യ ദാതാക്കളുടെ ഡാറ്റ പരിശോധിച്ചപ്പോൾ ഇവർക്കൊന്നും വാണിജ്യ രജിസ്ട്രേഷനോ നിയമപരമായ മറ്റു ലൈസൻസുകളോ ലഭിക്കാത്തതിനാലും ഒരു വാണിജ്യ സ്ഥാപനത്തിന് കീഴിൽ പ്രവർത്തിക്കാത്തതിനാലും അവർക്ക് വിദേശ നിക്ഷേപ ലൈസൻസുകളൊന്നും ഇല്ല എന്നതിനാലും അവർ നിയമലംഘനം നടത്തിയതായി കണ്ടെത്തി.

സൗദി ഇതര പരസ്യദാതാക്കളുമായും താമസക്കാരുമായും സന്ദർശകരുമായും ഇടപാട് നടത്തുകയോ അവരുടെ മാർക്കറ്റിംഗ് ഉൽപ്പന്നങ്ങൾ, സേവനങ്ങൾ, ചരക്കുകൾ എന്നിവ പരസ്യം ചെയ്യുകയോ അവരെ പരിപാടികൾക്ക് ക്ഷണിക്കുകയോ ചെയ്യരുതെന്ന് വാണിജ്യ മന്ത്രാലയവുമായി ഏകോപിപ്പിച്ച് വാണിജ്യ സ്ഥാപനങ്ങൾക്ക് സർക്കുലർ പുറപ്പെടുവിക്കുമെന്ന് കമ്മീഷൻ വ്യക്തമാക്കി. ഒരു വാണിജ്യ സ്ഥാപനത്തിന് കീഴിൽ പ്രവർത്തിക്കുന്നവർക്കും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വാണിജ്യ പരസ്യം ചെയ്യാനുള്ള അനുമതി നൽകുന്ന ലൈസൻസും നിയമപരമായ രേഖകളും ഉള്ളവർക്ക് മാത്രമാണ് വാണിജ്യ സ്ഥാപനങ്ങളുടെ പരസ്യത്തിനുള്ള കരാർ എന്ന് കമ്മീഷൻ ഊന്നിപ്പറഞ്ഞു. ലൈസൻസ് ഇല്ലാതെ സ്വന്തം അക്കൗണ്ടിൽ ഒരു വിദേശി ഇത്തരം പ്രവർത്തനങ്ങൾ നടത്തിയാൽ അവർക്ക് അഞ്ച് വർഷം വരെ തടവും അഞ്ച് ദശലക്ഷം റിയാൽ വരെ പിഴയും ശിക്ഷയായി ലഭിക്കും. സൗദിയിൽ നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും എല്ലാ വ്യക്തികളും സ്ഥാപനങ്ങളും പാലിക്കണമെന്ന് കമ്മീഷനും വാണിജ്യ മന്ത്രാലയവും ഊന്നിപ്പറഞ്ഞു. ഇത്തരം ലംഘനങ്ങൾ കണ്ടെത്തിയാൽ https://eservices.gcam.gov.sa എന്ന വെബ്സൈറ്റ് വഴിയോ കമ്മീഷന്റെ 920004242 എന്ന നമ്പർ മുഖേനയോ വാണിജ്യ മന്ത്രാലയത്തിന്റെ 1900 എന്ന നമ്പർ വഴിയോ വിവരമറിയിക്കണമെന്നും കമ്മീഷൻ അറിയിച്ചു.

Tags:    
News Summary - Restrictions on foreigners posting ads on social media in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.