നവീകരണം പൂർത്തിയായ അൽ വജ്ഹ് വിമാനത്താവളം
തബൂക്ക്: രണ്ട് വർഷം നീണ്ടുനിന്ന സമഗ്രമായ വികസന-ആധുനികീകരണ പ്രവർത്തനങ്ങൾക്ക് ശേഷം വടക്കുപടിഞ്ഞാറൻ സൗദി അറേബ്യയിലെ അൽ വജ്ഹ് അന്താരാഷ്ട്ര വിമാനത്താവളം വീണ്ടും പ്രവർത്തനസജ്ജമായി. റെഡ് സീ ഇൻറർനാഷനൽ ഗ്രൂപ്പാണ് വിമാനത്താവളം ഔദ്യോഗികമായി തുറന്ന കാര്യം പ്രഖ്യാപിച്ചത്. പുനരാരംഭിച്ചതിന് പിന്നാലെ സൗദി എയർലൈൻസ് ആഴ്ചയിൽ അഞ്ച് സർവീസുകളാണ് നിലവിൽ നടത്തുന്നത്. ഇതിൽ മൂന്നെണ്ണം റിയാദിൽ നിന്നും രണ്ടെണ്ണം ജിദ്ദയിൽ നിന്നുമാണ്. മേഖലയിലെ വ്യോമഗതാഗതത്തിന് കൂടുതൽ കരുത്തുപകരുന്നതിനായി സമീപഭാവിയിൽ തന്നെ ഇവിടെനിന്ന് അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കുമെന്നും റെഡ് സീ ഇൻറർനാഷനൽ വ്യക്തമാക്കി.
വൻതോതിലുള്ള വികസന പ്രവർത്തനങ്ങളാണ് വിമാനത്താവളത്തിൽ പൂർത്തിയായിരിക്കുന്നത്. മുൻപ് പ്രതിവർഷം ഒരു ലക്ഷം യാത്രക്കാരെ മാത്രം ഉൾക്കൊള്ളാൻ ശേഷിയുണ്ടായിരുന്ന പാസഞ്ചർ ടെർമിനൽ, നവീകരണത്തോടെ അഞ്ച് ലക്ഷം യാത്രക്കാരെ സ്വീകരിക്കാൻ തക്കവണ്ണം വിപുലീകരിച്ചു.
വിമാനത്താവളത്തിൽ ഇപ്പോൾ നാല് ആഗമന-പുറപ്പെടൽ ഗേറ്റുകളുണ്ട്. കൂടാതെ, എയർബസ് എ320, ബോയിങ് 737 തുടങ്ങിയ ഇടത്തരം-വലിയ വിമാനങ്ങൾക്ക് സുഗമമായി സർവീസ് നടത്താൻ സാധിക്കുന്ന രീതിയിലാണ് റൺവേയും മറ്റ് സംവിധാനങ്ങളും ഒരുക്കിയിരിക്കുന്നത്. അൽ വജ്ഹ് നഗരത്തിെൻറയും തബൂക്ക് മേഖലയിലെ തീരപ്രദേശങ്ങളുടെയും പാരമ്പര്യവും ചരിത്രപരമായ സവിശേഷതകളും ഉൾക്കൊണ്ടാണ് വിമാനത്താവളത്തിെൻറ വാസ്തുവിദ്യാ രൂപകൽപന നിർവഹിച്ചിരിക്കുന്നത് എന്നത് ഇതിെൻറ മറ്റൊരു പ്രത്യേകതയാണ്. നിലവിലുള്ള ഒരു വിമാനത്താവളം ഇത്തരത്തിൽ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നത് സമൂഹങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുന്നതിനും സഹായിക്കുമെന്ന് റെഡ് സീ ഇൻറർനാഷനൽ ഗ്രൂപ്പ് സി.ഇ.ഒ ജോൺ പഗാനോ പറഞ്ഞു. ഒപ്പം മേഖലയിലെ ജനങ്ങൾക്ക് ഇത് പുതിയ അവസരങ്ങൾ സൃഷ്ടിക്കും. അന്താരാഷ്ട്ര വിമാന സർവീസുകൾ സ്വീകരിക്കുന്നതിനും തബൂക്ക് മേഖലയെ രാജ്യത്തിെൻറ വിവിധ പ്രദേശങ്ങളുമായും ആഗോള വിപണികളുമായും ബന്ധിപ്പിക്കുന്നതിനും വിമാനത്താവളം ഇപ്പോൾ പൂർണ സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.