ജിദ്ദ കെ.എം.സി.സി സുകുമാർ കക്കാട് അനുസ്മരണം അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സാംസ്കാരിക വിഭാഗത്തിെൻറ ആഭിമുഖ്യത്തിൽ 'ഓർമകളിൽ സുകുമാർ കക്കാട്' അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ച് കെ.എം.സി.സി ഹാളിൽ നടന്ന പരിപാടി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. മലബാറിെൻറ മഹിതമായ പശ്ചാത്തലത്തിൽനിന്ന് കഥയും കവിതയും നോവലും രചിച്ച സാഹിത്യകാരനാണ് സുകുമാർ കക്കാടെന്ന് അദ്ദേഹം അനുസ്മരിച്ചു.
സാഹിത്യത്തിലും സിനിമയിലുമെല്ലാം മാപ്പിള കഥാപാത്രങ്ങൾ വികൃതമാക്കപ്പെട്ടിരുന്ന സാഹചര്യത്തിൽ യഥാർഥ മാപ്പിള സംസ്കാരത്തെ സുകുമാർ കക്കാട് അടയാളപ്പെടുത്തി. ജാതിയുടെയും മതത്തിെൻറയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാതെ പരസ്പരം അടുപ്പിക്കുന്ന സർഗാത്മക പ്രവർത്തനം നടത്തിയ മനുഷ്യസ്നേഹിയായ സാഹിത്യകാരനായിരുന്നു സുകുമാർ കക്കാടെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയിൽ നസീർ വാവക്കുഞ്ഞ് അധ്യക്ഷത വഹിച്ചു.
കാലത്തോടും പരിസരത്തോടും അടുത്തുനിന്ന് ജ്ഞാന സംവേദനം നിർവഹിച്ച് സാഹിത്യ പ്രവർത്തനം നടത്തിയ എഴുത്തുകാരനായിരുന്നു സുകുമാർ കക്കാട് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഹംസ മദാരി (സമീക്ഷ), ഷാജു അത്താണിക്കൽ (ഗ്രന്ഥപ്പുര), യൂനുസ് അഹ്മദ് (ചേതന), അരുവി മോങ്ങം, ഇസ്ഹാഖ് പൂണ്ടോളി, മജീദ് പുകയൂർ, റഊഫ് തിരൂരങ്ങാടി, വേങ്ങര നാസർ തുടങ്ങിയവർ കക്കാടിനെ അനുസമരിച്ചു. ഹുസൈൻ കരിങ്കത്തറയിൽ, മുഹമ്മദ് കുട്ടി പാണ്ടിക്കാട്, ഹംസക്കുട്ടി, മാനു പട്ടിക്കാട് എന്നിവർ നേതൃത്വം നൽകി. സമീർ മലപ്പുറം സ്വാഗതവും മുഹമ്മദലി പുലാമന്തോൾ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.