ചലച്ചിത്ര നിർമാതാവ് നൗഷാദ് ആലത്തൂർ സംസാരിക്കുന്നു
ജിദ്ദ: മലയാള സിനിമയുടെ ഭാഷയും ഭാവവും സാമൂഹിക ബോധവും പുതുക്കിപ്പണിത അതുല്യ പ്രതിഭ ശ്രീനിവാസന്റെ വേർപാടിൽ ആദരമർപ്പിച്ച് ജിദ്ദ എൻ. കംഫർട്ട് ഓഡിറ്റോറിയത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. പ്രമുഖ ചലച്ചിത്ര നിർമാതാവ് നൗഷാദ് ആലത്തൂർ അനുസ്മരണ പ്രഭാഷണം നടത്തി. ശ്രീനിവാസൻ വെറുമൊരു കലാകാരൻ മാത്രമല്ല, മലയാള സിനിമയുടെ ആത്മാവിനെ രൂപപ്പെടുത്തിയ ദീർഘദർശിയായ ചിന്തകനായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ശ്രീനിവാസന്റെ ലാളിത്യത്തെയും സിനിമയോടുള്ള സമർപ്പണത്തെയും കുറിച്ച് സംവിധായകൻ അഷ്റഫ് തൂനേരി സംസാരിച്ചു. സിനിമ എങ്ങനെ നിർമിക്കണം എന്നതിലുപരി മനുഷ്യരെ എങ്ങനെ മനസ്സിലാക്കണം എന്നാണ് അദ്ദേഹം ലോകത്തെ പഠിപ്പിച്ചത് എന്ന് അഷ്റഫ് തൂനേരി അനുസ്മരിച്ചു.ശ്രീനിവാസനോടൊപ്പം ‘അയാൾ ശശി’ എന്ന ചിത്രത്തിൽ അസിസ്റ്റൻറ് ഡയറക്ടറായി പ്രവർത്തിച്ചപ്പോഴുണ്ടായ ഹൃദ്യമായ അനുഭവങ്ങൾ അലി അരിക്കത്ത് പങ്കുവെച്ചു.
തന്റെ ചലച്ചിത്ര ജീവിതത്തിലെ വലിയൊരു പാഠശാലയായിരുന്നു ആ കാലഘട്ടമെന്നും ശ്രീനിവാസന്റെ ക്രാഫ്റ്റും വ്യക്തിത്വവും തന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അനുസ്മരണത്തോടനുബന്ധിച്ച് മുക്കണ്ണി ക്രിയേഷൻസിന്റെ ബാനറിൽ നിർമിക്കുന്ന ‘ആലയം’ എന്ന ഷോർട്ട് ഫിലിമിന്റെ പോസ്റ്റർ പ്രകാശനവും ചടങ്ങിൽ നടന്നു.അബ്ദുള്ള മുക്കണ്ണി, സോഫിയ സുനിൽ, സഹീർ വലപ്പാട്, അനീസ് ബാബു, റിമി ഹരീഷ്, ശ്രീത അനിൽകുമാർ, താഹിറ അബ്ദുള്ള, റൈഹാനത്ത് സഹീർ, നജീബ് വെഞ്ഞാറമൂട്, അഫ്സൽ നാരാണത്ത്, സന്തോഷ് കരിം, ഷൗക്കത്ത് അരിക്കത്ത്, ബിജുരാജ് രാമന്തളി, അദ്നു ഷബീർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.