ജിദ്ദ: മലബാറിൽനിന്നുള്ള പ്രവാസികൾക്കും ഉംറ തീർഥാടകർക്കും ഒരുപോലെ ആശ്വാസമേകി ഇന്ത്യയിലെ അതിവേഗം വളരുന്ന വിമാനക്കമ്പനിയായ ആകാശ എയർ ജിദ്ദ - കോഴിക്കോട് സെക്ടറിൽ സർവിസ് ആരംഭിക്കുന്നു.
മാർച്ച് 13 മുതലാണ് ഏറെ കാത്തിരുന്ന ഈ പുതിയ സർവിസ് പ്രാബല്യത്തിൽ വരുന്നത്. യാത്രാക്ലേശം കുറക്കാനും മിതമായ നിരക്കിൽ യാത്ര ചെയ്യാനും സാധിക്കുന്ന തരത്തിലാണ് സർവിസുകൾ ക്രമീകരിച്ചിരിക്കുന്നത്. 186 ഇക്കോണമി സീറ്റുകൾ വീതമുള്ള ആധുനിക ബോയിങ് 737 മാക്സ് എട്ട് വിമാനങ്ങളാണ് ഈ റൂട്ടിൽ പറക്കുക. സൗദി സമയം രാവിലെ 9.10ന് ജിദ്ദയിൽനിന്ന് പുറപ്പെടുന്ന വിമാനം ഇന്ത്യൻ സമയം വൈകീട്ട് 5.30ന് കോഴിക്കോട്ടെത്തും. തുടർന്ന് കോഴിക്കോട് നിന്ന് വൈകിട്ട് 6.55ന് പുറപ്പെടുന്ന വിമാനം രാത്രി 10.50 ന് ജിദ്ദയിലെത്തുന്ന രീതിയിലാണ് സമയക്രമം നിശ്ചയിച്ചിരിക്കുന്നത്.
റമദാനിലെ തിരക്കും ചെറിയ പെരുന്നാൾ അവധിക്കാലത്തെ യാത്രക്കാരുടെ ബാഹുല്യവും കണക്കിലെടുക്കുമ്പോൾ ഈ സർവിസ് പ്രവാസി സമൂഹത്തിന് വലിയൊരു അനുഗ്രഹമായിരിക്കും. വരും ദിവസങ്ങളിൽ കൂടുതൽ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവിസ് വ്യാപിപ്പിക്കുമെന്ന് കമ്പനി അധികൃതർ സൂചിപ്പിച്ചു.
ജനപ്രതിനിധികളുടെയും എയർലൈൻ ഡെപ്യൂട്ടി ജനറൽ മാനേജർ പ്രതീക് ശർമ, പ്രിയ മെഹ്റ, മുരളി മേനോൻ, സുധീഷ് മംഗലശ്ശേരി എന്നിവരുടെയും പ്രത്യേക താൽപര്യപ്രകാരമാണ് ആകാശ എയർ കോഴിക്കോട്ടേക്ക് എത്തുന്നത്. കഴിഞ്ഞ വർഷം ജൂൺ മുതൽ കൊച്ചിയിൽനിന്ന് ജിദ്ദയിലേക്ക് കമ്പനി സർവിസ് നടത്തുന്നുണ്ട്.
ഹജ്ജ് സർവിസിനും സാധ്യത
ഈ വർഷത്തെ ഹജ്ജിന് കരിപ്പൂരിൽനിന്ന് ആകാശ എയർ സർവിസ് നടത്തിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. മേയ് 15 മുതൽ 18 വരെ ഏഴ് വിമാനങ്ങൾ ജിദ്ദയിലേക്കും, തിരിച്ച് ജൂൺ 23 മുതൽ 26 വരെ മദീനയിൽനിന്ന് കരിപ്പൂരിലേക്കുമായിരിക്കും ഈ പ്രത്യേക സർവിസുകൾ. കരിപ്പൂർ വിമാനത്താവളത്തിന്റെ വികസനത്തിന് പുതിയ ഊർജം നൽകുന്ന ഈ തീരുമാനം വലിയ ആവേശത്തോടെയാണ് പ്രവാസി സമൂഹം ഏറ്റെടുത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.