റിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജിസാൻ, അസീർ, അൽ ബാഹ എന്നീ പ്രദേശങ്ങളിലും മക്ക പ്രവിശ്യയുടെ തെക്കൻ മലയോര മേഖലകളിലും ശക്തമായ കാറ്റിന്റെയും ആലിപ്പഴ വർഷത്തിന്റെയും അകമ്പടിയോടെ ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.
അതേസമയം, രാജ്യത്തിന്റെ കിഴക്കൻ പ്രവിശ്യയിലെ ചില ഭാഗങ്ങളിലും തലസ്ഥാനമായ റിയാദിലും പകൽ സമയത്തെ കടുത്ത ചൂട് മാറ്റമില്ലാതെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. വരും മണിക്കൂറുകളിൽ അൽ അഹ്സയിൽ താപനില 49 ഡിഗ്രി സെൽഷ്യസ് വരെയും, ദമ്മാമിൽ 46 ഡിഗ്രി സെൽഷ്യസ് വരെയും, റിയാദിൽ 45 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ട്.
മഴ മുന്നറിയിപ്പിന് പുറമെ, ഈ പ്രദേശങ്ങളുടെ ചില ഭാഗങ്ങളിലും മക്ക, മദീന, തബൂക്ക് എന്നീ മേഖലകളിലും കാറ്റ് ശക്തമാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ ഉയരുന്നതിനും ദൃശ്യപരത കുറയുന്നതിനും കാരണമാകുന്ന ശക്തമായ പൊടിക്കാറ്റിനെതിരെ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.