സൗദിയിൽ സംഭാവന സമാഹരണ മാധ്യമപ്രചാരണങ്ങൾക്ക് പുതിയ നിയന്ത്രണങ്ങൾ

റിയാദ്: സൗദി അറേബ്യയിലെ സന്നദ്ധ സംഘടനകളുടെ ധനസമാഹരണ മാധ്യമ പ്രചാരണങ്ങൾക്ക് കർശന നിയന്ത്രണങ്ങളുമായി നാഷനൽ സെൻറർ ഫോർ നോൺ-പ്രോഫിറ്റ് സെക്ടർ ഡെവലപ്‌മെൻറ്​ രംഗത്തെത്തി. സംഭാവന നൽകുന്നവരുടെ വികാരങ്ങളെ ചൂഷണം ചെയ്യുന്ന തരത്തിൽ അമിതമായ സഹതാപം ജനിപ്പിക്കുന്നതോ യാചിക്കുന്നതിന് സമാനമായതോ ആയ പരസ്യ ശൈലികൾ ഇനി മുതൽ പൂർണമായും ഒഴിവാക്കണമെന്നാണ് പുതിയ നിർദ്ദേശം.

മാധ്യമ രംഗത്ത് സന്തുലിതവും മാന്യവുമായ ഒരു ശൈലി രൂപപ്പെടുത്തി സന്നദ്ധ മേഖലയുടെ പക്വതയും സുതാര്യതയും ഉറപ്പുവരുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്തെ സന്നദ്ധ മേഖല കൈവരിച്ച ജനവിശ്വാസം കാത്തുസൂക്ഷിക്കാൻ മാധ്യമ പ്രചാരണങ്ങളുടെ ഗുണനിലവാരം ഉയർത്തേണ്ടതുണ്ട്. ഇത് സൗദി വിഷൻ 2030-​െൻറ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനും സന്നദ്ധ മേഖലയ്ക്കായുള്ള ദേശീയ തന്ത്രങ്ങൾ നടപ്പാക്കുന്നതിനും വഴിതുറക്കുമെന്ന് സെൻറർ വ്യക്തമാക്കുന്നു.

സന്നദ്ധ സംഘടനകളുടെ മാധ്യമ ഇടപെടലുകൾ രാജ്യത്തെ ചാരിറ്റി പ്രവർത്തനങ്ങളുടെ പൊതുവായ പ്രതിച്ഛായയെക്കൂടിയാണ് സ്വാധീനിക്കുന്നത് എന്ന വിലയിരുത്തലിലാണ് പുതിയ പരിഷ്കാരം. ഇനി മുതൽ സഹായം ആവശ്യമുള്ളവരുടെ ദയനീയതയും പോരായ്മകളും എടുത്തുകാണിക്കുന്നതിന് പകരം, സന്നദ്ധ പദ്ധതികളിലൂടെ സമൂഹത്തിലുണ്ടാകുന്ന വികസന മുന്നേറ്റങ്ങളെയും ഗുണഭോക്താക്കൾ സ്വയംപര്യാപ്തത കൈവരിക്കുന്നതിനെയുമാകണം പരസ്യങ്ങളിൽ കേന്ദ്രീകരിക്കേണ്ടത്. ദാരിദ്ര്യവും നിസ്സഹായാവസ്ഥയും മാത്രം കാണിച്ച് സന്നദ്ധ പ്രവർത്തനങ്ങളെ ചുരുക്കിക്കാണിക്കുന്ന രീതി പാടില്ലെന്ന് നിർദ്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്.

പുതിയ നിയമപ്രകാരം ഗുണഭോക്താക്കളുടെ ചിത്രങ്ങളോ വ്യക്തിഗത വിവരങ്ങളോ പ്രസിദ്ധീകരിക്കുന്നതിന് മുൻപായി അവരുടെ ഔദ്യോഗിക അനുമതി നിർബന്ധമായും വാങ്ങിയിരിക്കണം. സഹായം സ്വീകരിക്കുന്നവരുടെ അന്തസ്സിന് കളങ്കമുണ്ടാക്കുന്നതോ അവരുടെ നിസഹായാവസ്ഥയെ വ്രണപ്പെടുത്തുന്നതോ ആയ പദപ്രയോഗങ്ങൾ പൂർണമായും ഒഴിവാക്കണം. വസ്തുതകൾ യാതൊരുവിധ അതിഭാവുകത്വമോ അമിതമായ വികാര പ്രകടനങ്ങളോ ഇല്ലാതെ കൃത്യതയോടും സുതാര്യതയോടും കൂടി വേണം അവതരിപ്പിക്കാൻ.

ഇതിനുപുറമേ, സംഭാവനകളുടെ വിനിയോഗത്തെക്കുറിച്ച് പ്രായോഗികമായി നടപ്പാക്കാൻ കഴിയാത്ത വ്യാജ വാഗ്ദാനങ്ങൾ നൽകുന്നതിനും, സംഭാവന നൽകാൻ ആളുകളുടെമേൽ അനാവശ്യ മാനസിക സമ്മർദ്ദങ്ങൾ ചെലുത്തുന്നതിനും വിലക്കുണ്ട്. കൃത്യമായ വിവരങ്ങളും പദ്ധതികളുടെ യഥാർത്ഥ ഗുണഫലങ്ങളും സുതാര്യമായി പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്നത് വഴി രാജ്യത്തെ സന്നദ്ധ പ്രവർത്തനങ്ങളെ കൂടുതൽ പക്വവും പ്രൊഫഷണലുമായ തലത്തിലേക്ക് നയിക്കാൻ പുതിയ നിയന്ത്രണങ്ങൾ സഹായിക്കുമെന്ന് സെൻറർ വ്യക്തമാക്കി.

Tags:    
News Summary - New regulations introduced for fundraising media campaigns in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.