തീർഥാടകർക്ക് ഏറെ ആശ്വാസമായി ‘റാസിദ്’; സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടെ സേവനം വിജയകരം

റിയാദ്: ഹജ്ജ് തീർഥാടകരുടെ ക്രോസിങ് പോയിൻറുകളിൽ നിയന്ത്രിത മരുന്നുകളുടെ പരിശോധന കൂടുതൽ കൃത്യവും വേഗത്തിലുമാക്കാൻ ലക്ഷ്യമിട്ട് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി നടപ്പാക്കിയ ‘റാസിദ്’ സ്മാർട്ട് വെരിഫിക്കേഷൻ സേവനം വൻ വിജയത്തിലേക്ക്. ഹജ്ജ് സീസണിൽ മികച്ച പ്രവർത്തന നേട്ടങ്ങളാണ് ഈ അത്യാധുനിക സംവിധാനം കൈവരിച്ചിരിക്കുന്നത്.

വെറും 10 ദിവസത്തിനുള്ളിൽ 50 ലധികം ഭാഷകളിലായി രണ്ടായിരത്തിലധികം മരുന്നുകളാണ് ഈ സംവിധാനത്തിലൂടെ പരിശോധനയ്ക്ക് വിധേയമാക്കിയത്. മരുന്നുകളുടെ സ്ഥിരീകരണത്തിനായി വേണ്ടി വരുന്ന സമയം 98 ശതമാനം വരെ കുറയ്ക്കാൻ റാസിദ് സംവിധാനത്തിലൂടെ സാധിച്ചു. ഇതുവഴി 1,500 ലധികം പ്രവൃത്തി സമയമാണ് ലാഭിക്കാനായത്.

തീർഥാടകർക്കുള്ള സേവനങ്ങൾ വേഗത്തിലാക്കാനും പ്രവേശന കവാടങ്ങളിലെ നിയന്ത്രണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും ഈ സംവിധാനം സഹായിച്ചതായി അതോറിറ്റി വ്യക്തമാക്കി. തീർഥാടകരുടെ ഹജ്ജ് അനുഭവം കൂടുതൽ സുഗമമാക്കുന്നതിനൊപ്പം വ്യാജ ഉൽപ്പന്നങ്ങളുടെ പ്രചാരം തടയാനും ഇതിലൂടെ സാധിക്കുന്നുണ്ട്.

തീർഥാടകർ കൊണ്ടുവരുന്ന മരുന്നുകളിൽ മയക്കുമരുന്ന് പദാർത്ഥങ്ങളോ സൈക്കോട്രോപിക് ഘടകങ്ങളോ അടങ്ങിയിട്ടുണ്ടോ എന്ന് അതിവേഗം കണ്ടെത്തുകയാണ് റാസിദ് പ്രധാനമായും ലക്ഷ്യമിടുന്നത്. ഭാഷകളുടെ ബാഹുല്യം, വ്യത്യസ്ത വ്യാപാര നാമങ്ങൾ, മരുന്നുകളിലെ സജീവ ചേരുവകൾ എന്നിവ തിരിച്ചറിയുന്നതിലുണ്ടാകുന്ന വെല്ലുവിളികൾ പരിഹരിച്ച് പരിശോധനാ നടപടികൾ ലളിതമാക്കാൻ ഈ സ്മാർട്ട് സേവനത്തിന് സാധിക്കുന്നു.

2026 ആർട്ടിഫിഷ്യൽ ഇൻറലിജൻസ് വർഷമായി ആചരിക്കുന്നതി​െൻറ ഭാഗമായാണ് നിരീക്ഷണ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനായി ഈ പദ്ധതിക്ക് തുടക്കമിട്ടത്. പരമ്പരാഗതമായ രീതികളിൽ നിന്ന് മാറി, അതിവേഗം തീരുമാനങ്ങളെടുക്കാൻ സഹായിക്കുന്ന സ്മാർട്ട് ഡിജിറ്റൽ സംവിധാനങ്ങളിലേക്കുള്ള മാറ്റത്തി​െൻറ ഭാഗമാണിത്.

അതോറിറ്റിയുടെ കീഴിലുള്ള ‘സെയിൽ’ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ലാബിലെ സൗദി ജീവനക്കാരാണ് ഈ അത്യാധുനിക സേവനം വികസിപ്പിച്ചെടുത്തത്. കഴിഞ്ഞ വർഷം നടന്ന ലോകാരോഗ്യ ഫോറത്തിൽ സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി സി.ഇ.ഒ ഡോ. ഹിഷാം അൽജൗദിയാണ് ഈ പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

Tags:    
News Summary - 'Rasid' brings great relief to pilgrims; Saudi Food and Drug Authority's service is successful,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.