റിയാദ്: സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ 19 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിെൻറ മോചനകാര്യത്തിൽ ഇന്നത്തെ (തിങ്കളാഴ്ച) കോടതി സിറ്റിങ്ങിലും തീരുമാനമായില്ല. കോടതി റിയാദ് ഗവർണറേറ്റിനോട് ആഭ്യന്തര മന്ത്രാലയത്തിൽനിന്ന് കേസ് ഫയലിെൻറ ഹാർഡ് കോപ്പി ആവശ്യപ്പെട്ടിരിക്കുകയാണ്.
അത് ലഭ്യമാക്കിയശേഷം ഈ മാസം 18ന് രാവിലെ 11ന് അടുത്ത സിറ്റിങ് നടത്തുമെന്ന് കോടതി അറിയിച്ചു. കേസ് നീളുന്നതുമായി ബന്ധപ്പെട്ട് റഹീമിെൻറ അഭിഭാഷകൻ കഴിഞ്ഞ ദിവസം ഗവർണറെ കണ്ടിരുന്നു. മോചനം വൈകുന്നതിനാൽ ജാമ്യത്തിന് അപേക്ഷ നൽകിയെന്നും അഭിഭാഷകർ അറിയിച്ചു.
ഒമ്പതാം തവണയാണ് റിയാദിലെ ക്രിമിനൽ കോടതി കേസ് മാറ്റിവെക്കുന്നത്. തിങ്കളാഴ്ച രാവിലെ 10ന് തുടങ്ങിയ ഓൺലൈൻ സിറ്റിങ് ഒരു മണിക്കൂറിലേറെ നീണ്ടു. പതിവുപോലെ ജയിലിൽനിന്ന് അബ്ദുൽ റഹീമും പ്രതിഭാഗം അഭിഭാഷകരും ഇന്ത്യൻ എംബസി പ്രതിനിധി സവാദും കുടുംബപ്രതിനിധി സിദ്ദിഖ് തുവ്വൂരും പങ്കെടുത്തു.
ഫെബ്രുവരി 13നായിരുന്നു കഴിഞ്ഞ സിറ്റിങ്. ദിയാധനം സ്വീകരിച്ച് വാദിഭാഗം മാപ്പ് നൽകിയതോടെ വധശിക്ഷ കോടതി അഞ്ച് മാസം മുമ്പ് ഒഴിവാക്കിയിരുന്നു. എന്നാൽ പബ്ലിക് റൈറ്റ് പ്രകാരമുള്ള കേസിൽ തീർപ്പാവാത്തതാണ് ജയിൽ മോചനം അനന്തമായി നീളാൻ ഇടയാക്കുന്നത്. റിയാദിലെ ഇസ്കാൻ ജയിലിൽ കഴിയുന്ന റഹീമിെൻറ തടവുകാലം ഇപ്പോൾ 19ാം വർഷത്തിലേക്ക് കടന്നു. പബ്ലിക് റൈറ്റ് പ്രകാരമുള്ള കേസിൽ സാധാരണ തടവുശിക്ഷയാണ് വിധിക്കുക. 19 വർഷമായി തടവിലായതിനാൽ ഇനി തടവുശിക്ഷ വിധിച്ചാലും അബ്ദുൽ റഹീമിന് അധികം ജയിലിൽ തുടരേണ്ടിവരില്ല. ഇതുവരെ അനുഭവിച്ച തടവുകാലം ശിക്ഷയായി പരിഗണിച്ച് മോചനം നൽകാനാണ് സാധ്യത.
എന്തായാലും കോടതിയുടെ അന്തിമവിധിതീർപ്പിനാണ് അബ്ദുൽ റഹീമിെൻറയും ലോകമലയാളികളുടെയും കാത്തിരിപ്പ്. ഒന്നര കോടി സൗദി റിയാൽ (34 കോടിയിലേറെ ഇന്ത്യൻ രൂപ) ആണ് ലോകവ്യാപകമായി മലയാളികൾ ചേർന്ന് പിരിച്ച് നൽകിയത്. അങ്ങനെ സമാഹരിച്ച പണമാണ് മരിച്ച സൗദി ബാലെൻറ കുടുംബത്തിന് ദിയാധനമായി നൽകിയത്. അതിനെ തുടർന്നാണ് അവർ മാപ്പ് നൽകിയതും കോടതി വധശിക്ഷ റദ്ദ് ചെയ്തതും. ഇത് പ്രൈവറ്റ് റൈറ്റ് പ്രകാരമുള്ള കേസിലുള്ള തീർപ്പ് മാത്രമായിരുന്നു.
പബ്ലിക് റൈറ്റ് പ്രകാരമുള്ള വിധിതീർപ്പിന് കോടതിയിൽ ഒന്നേന്ന് തുടങ്ങേണ്ടതുണ്ടായിരുന്നു. അതിനായുള്ള ആദ്യ സിറ്റിങ് കഴിഞ്ഞ വർഷം ഒക്ടോബർ 21നാണ് നടന്നത്. എന്നാൽ ബഞ്ച് മാറിയെന്നും വധശിക്ഷ ഒഴിവാക്കിയ ബഞ്ച് തന്നെയാണ് മോചന കാര്യത്തിലും തീരുമാനമെടുക്കേണ്ടതെന്നും അറിയിച്ച് കോടതി കേസ് മാറ്റിവെച്ചു. അതിന് ശേഷം എല്ലാ മാസവും (ചില മാസങ്ങളിൽ രണ്ട് തവണ) കോടതി കേസ് പരിഗണിക്കുന്നുണ്ടെങ്കിലും തീർപ്പിലെത്തുന്നില്ല.
2006 നവംബറിലാണ് സൗദി ബാലൻ അനസ് അൽ ഫായിസിെൻറ കൊലപാതകക്കേസിൽ അബ്ദുൽ റഹീം അറസ്റ്റിലാകുന്നത്. 2012ലാണ് വധശിക്ഷ വിധിച്ചത്. ഹൗസ് ഡ്രൈവർ വിസയിലെത്തി മൂന്നാം മാസത്തിലാണ് യുവാവിെൻറ ജീവിതമാകെ കീഴ്മേൽ മറിച്ച സംഭവമുണ്ടാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.