അൽ ബാഹ: സൗദി ടൂറിസം ഭൂപടത്തിൽ സവിശേഷമായി അടയാളപ്പെട്ട ആകർഷകവും വിസ്മയകരവുമായ മേഖലയാണ് അൽ ബാഹ. വർഷത്തിൽ ഏറിയ കൂറും തണുപ്പും മഴയും ചിലപ്പോഴെങ്കിലും കോടമഞ്ഞിന്റെ പുടവ ചുറ്റിയും പച്ചപ്പിന്റെ കാഴ്ചഭംഗി ഒരുക്കുന്ന മലനിരകളും താഴ്വരകളുമാണ് ഇവിടത്തെ പ്രത്യേകത. അക്കൂട്ടത്തിൽ ഏറ്റവും പ്രധാനം ‘റഗദാൻ’ എന്ന പേരിലറിയപ്പെടുന്ന വനമാണ്.
നൂറ്റാണ്ടുകൾ പഴക്കമുള്ള മരങ്ങൾ നിറഞ്ഞ ഈ വനം ഉയർന്ന പ്രദേശത്താണ് എന്ന പ്രത്യേകതയുമുണ്ട്. സമുദ്രനിരപ്പിൽനിന്ന് ഏകദേശം 1,700 മീറ്റർ ഉയരത്തിൽ ആറു ലക്ഷം ചതുരശ്രമീറ്റർ വിസ്തൃതിയിൽ കാട്ടുപച്ച വിരിച്ചുകിടക്കുന്ന രാജ്യത്തെ ഏറ്റവും വലിയ വനമാണിത്. ഇതിന്റെ 90 ശതമാനത്തിലധികം മരങ്ങളാൽ സമ്പന്നമാണ്. സന്ദർശകർക്കായി ഇതിനുള്ളിൽ ‘റഗദാൻ ഫോറസ്റ്റ്’ എന്ന പേരിലൊരു പാർക്കും നിർമിച്ചിട്ടുണ്ട്.
കുട്ടികൾക്കും മുതിർന്നവർക്കും ഉല്ലസിക്കാനും അൽ ബാഹയുടെ മനോഹരമായ പ്രകൃതിദൃശ്യങ്ങൾ ആസ്വദിക്കാനും ഈ പാർക്കിൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. വെള്ളച്ചാട്ടങ്ങൾ, തൂക്കുപാലം, 13 മുതൽ 15 വരെ മീറ്റർ ഉയരത്തിൽ റോപ്വേ സ്ലൈഡിങ് സംവിധാനം എന്നിവയും ഇവിടെയുണ്ട്. ശീതകാല ഉല്ലാസവിരുന്നൊരുക്കിയ റഗദാൻ മേഖലയിലെ റോഡുകളിലൂടെ സഞ്ചരിക്കുമ്പോൾ തന്നെ മൂടൽമഞ്ഞിന്റെ അതിമനോഹരമായ കാഴ്ചകൾ ഹൃദ്യത പകരുന്നതാണ്.
അൽ ബാഹയിലെ റഗദാൻ വനക്കാഴ്ചകൾ
റഗദാൻ പാർക്കിലേക്കിപ്പോൾ സന്ദർശകരുടെ ഒഴുക്കാണ്. മരങ്ങൾക്കിടയിലൂടെ ഒഴുകിപ്പരക്കുന്ന മൂടൽമഞ്ഞ് പ്രകൃതിയെ മനോഹരമായ പെയിന്റിങ്ങാക്കി മാറ്റിയിരിക്കുന്നു. സൗദിയുടെ വിവിധ ഭാഗങ്ങളിൽനിന്ന് നിരവധി കുടുംബങ്ങളടക്കമുള്ള സന്ദർശകർ ഇവിടേക്ക് നിത്യവും എത്തുന്നുണ്ട്. കുട്ടികൾ മൂടൽമഞ്ഞുള്ള പാതകളിലൂടെ ഉല്ലസിച്ചും ഓടിക്കളിച്ചും നടക്കുന്ന കാഴ്ച കാണാം.
പ്രകൃതിയുടെ സൗന്ദര്യവും അതുല്യമായ അനുഭവങ്ങളും സമന്വയിപ്പിച്ച് എല്ലാ സീസണിലും സന്ദർശകരുടെ ഇഷ്ടകേന്ദ്രമായി മാറുകയാണ് റഗദാൻ വനമേഖല. വിവിധ സീസണുകളിൽ പ്രത്യേക കലാ സാംസ്കാരിക പരിപാടികളും വിവിധ രീതിയിലുള്ള ആഘോഷങ്ങളും റഗദാൻ പാർക്കിൽ നടത്താറുണ്ട്.
അൽ ബാഹയിലെ റഗദാൻ വനക്കാഴ്ചകൾ
പച്ചപുതച്ച ഗിരിനിരകളും പൊതുവേ തണുത്ത കാലാവസ്ഥയും അനുഭവപ്പെടുന്ന അൽ ബാഹയിലെ ചേതോഹര ദൃശ്യങ്ങൾ ആവോളം ആസ്വദിക്കാനാണ് വിവിധ പ്രദേശങ്ങളിൽനിന്ന് സഞ്ചാരികൾ എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.