ലോകകപ്പ് മത്സരത്തിനൊരുങ്ങുന്ന സൗദി ദേശീയ ഫുട്ബാൾ ടീം

ഖത്തർ ലോകകപ്പ്: തയാറെടുപ്പിൽ സൗദി ടീം

ജിദ്ദ: ഈ വർഷം നവംബറിൽ ഖത്തറിൽ ആരംഭിക്കുന്ന ഫിഫ ലോകകപ്പ് 2022ൽ മാറ്റുരക്കാനൊരുങ്ങി സൗദി ദേശീയ ഫുട്ബാൾ ടീം. ലോകകപ്പിനുള്ള തയാറെടുപ്പിന്‍റെ ഒന്നും രണ്ടും ഘട്ടങ്ങളുടെ ഭാഗമായി ജൂൺ, സെപ്റ്റംബർ മാസങ്ങളിൽ സ്പാനിഷ് നഗരമായ അലികാന്‍റെയിൽ രണ്ടു പരിശീലന ക്യാമ്പുകൾ നടത്തും. മേയ് 31 മുതൽ ജൂൺ ഒമ്പതു​ വരെ നടക്കുന്ന ആദ്യ പരിശീലനക്കളരിയിൽ രണ്ടു സൗഹൃദമത്സരത്തിൽ സൗദി ടീം പങ്കെടുക്കും. ജൂൺ അഞ്ചിന് കൊളംബിയക്കെതിരെയും ജൂൺ ഒമ്പതിന് വെനി​സ്വേലക്കെതിരെയുമാണ് സൗദി മാറ്റുരക്കുക. പരിശീലനത്തിന്‍റെ രണ്ടാംഘട്ടം സെപ്റ്റംബർ 17 മുതൽ 27 വരെയായിരിക്കും. അതിലും രണ്ടു വിദേശരാജ്യങ്ങളുടെ ടീമുകളുമായി സൗഹൃദ മത്സരങ്ങൾ നടത്താനും സൗദി ധാരണയായിട്ടുണ്ട്. അർജന്‍റീന, മെക്സികോ, പോളണ്ട് എന്നിവക്കൊപ്പം സൗദി ദേശീയ ടീം ഗ്രൂപ്​​ സിയിലാണ് ഖത്തർ ഫിഫ ലോകകപ്പിൽ ഏറ്റുമുട്ടാനൊരുങ്ങുന്നത്. മിഡിലീസ്റ്റിൽ ആദ്യമായി നടക്കുന്ന ലോകകപ്പിൽ ഗൾഫ് രാജ്യങ്ങളായ സൗദിയും ഖത്തറും മത്സരിക്കുന്നത് അറബ് ലോകത്തെ ഫുട്ബാൾ കമ്പക്കാരിൽ ഏറെ ആവേശം ജനിപ്പിച്ചിട്ടുണ്ട്. ലോകകപ്പിന് ആറാം തവണയാണ് സൗദി യോഗ്യത നേടുന്നത്. ആതിഥേയരായ ഖത്തർ നേരത്തേ യോഗ്യതാ ലിസ്റ്റിൽ ഇടംപിടിച്ചിരുന്നു. സൗദിയുടെ സഹോദരരാജ്യമായ ഖത്തറിൽ ഫിഫ ലോകകപ്പ് നടക്കുമ്പോൾ സൗദി ഫുട്ബാൾ ആരാധകരിൽ കൂടുതൽ സന്തോഷം ഉളവാക്കിയിട്ടുണ്ട്. സൗദി ടീമിനെ പിന്തുണക്കാൻ ഖത്തറിലേക്ക് സൗദിയിലെ ഫുട്ബാൾ പ്രേമികളായ യുവാക്കളുടെ ഒഴുക്കായിരിക്കും ഉണ്ടാകുക എന്ന് ഖത്തറിലെ സൗദി അംബാസഡർ അമീർ മൻസൂർ ബിൻ ഖാലിദ് പറഞ്ഞു.

Tags:    
News Summary - Qatar World Cup: Saudi team in preparation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.