ശൈഖ് റബീഅ് ബിൻ ഹാദി അൽ മദ്ഖലി

പ്രമുഖ ഇസ്‌ലാമിക പണ്ഡിതൻ ശൈഖ് റബീഅ് ബിൻ ഹാദി അൽ മദ്ഖലി അന്തരിച്ചു

മദീന: സൗദി അറേബ്യയിലെ പ്രമുഖ ഹദീസ്, സുന്നത്ത് പണ്ഡിതരിലൊരാളായ ശൈഖ് റബീഅ് ബിൻ ഹാദി അൽ മദ്ഖലി മദീനയിൽ അന്തരിച്ചു. 92 വയസ്സായിരുന്നു. അറിവ് തേടാനും പകർന്നുനൽകാനും സമർപ്പിച്ച ജീവിതമായിരുന്നു ശൈഖ് റബീഇന്റേത്.

രാജ്യത്തിന് പുറത്തും അദ്ദേഹം അറിയപ്പെട്ടിരുന്നു. മദീനയിലെ മസ്‌ജിദുന്നബവിയോടു ചേർന്ന് ജന്നതുൽ ബഖീഅ് മഖ്​ബറയിലാണ്​ അദ്ദേഹം അന്ത്യവിശ്രമം കൊള്ളുക.

അൽ മദ്ഖലിയുടെ നിര്യാണത്തിൽ നിരവധി ആളുകൾ സമൂഹമാധ്യമത്തിലൂടെ അനുശോചനം അറിയിച്ചു. കേരളത്തിലും നിരവധി ശിഷ്യഗണങ്ങളുള്ള ഡോ. റബീഅ് വർഷങ്ങൾക്കു മുമ്പ് കേരളത്തിലെ ഇസ്‌ലാമിക സ്ഥാപനങ്ങളിലും സന്ദർശനം നടത്തിയിട്ടുണ്ട്. 1933ൽ തെക്കൻ സൗദി അറേബ്യയിലെ ജീസാൻ പ്രവിശ്യയിലെ സാംത പട്ടണത്തിലെ ഒരു ഗ്രാമത്തിലാണ് ജനിച്ചത്.

ചെറുപ്രായത്തിൽത്തന്നെ അദ്ദേഹം ഇസ്‌ലാമിക വിദ്യാഭ്യാസ ജീവിതം ആരംഭിച്ചു. ഒടുവിൽ മദീനയിലെ ഇസ്‌ലാമിക് യൂനിവേഴ്സിറ്റിയിൽ ചേർന്നു. ഉയർന്ന മാർക്കോടെ ബിരുദം നേടിയ അദ്ദേഹം ഡോക്ടറേറ്റും കരസ്‌ഥമാക്കി.

പിന്നീട് മദീന യൂനിവേഴ്സിറ്റിയിൽ തന്നെ ഹദീസ് കോളജിലെ പ്രഫസർമാരിൽ ഒരാളായി. അവിടെനിന്ന് വിരമിക്കുമ്പോൾ സുന്നത്ത് പഠനവിഭാഗം തലവനായിരുന്നു.

അബ്​ദുൽ അസീസ് ഇബ്‌നുബാസ്, മുഹമ്മദ് നാസിറുദ്ദിൻ അൽ അൽബാനി, അബ്​ദുൽ മുഹ്‌സിൻ അൽ അബ്ബാദ്, മുഹമ്മദ് അമീൻ അൽ ശംഖിത്തി, സാലിഹ് അൽ ഇറാഖി, അബ്​ദുൽ ഗഫാർ ഹസ്സൻ അൽഹിന്ദി, ഹാഫിസ് ഇബ്ൻ അഹ്‌മദ്‌ അലി അൽ ഹകമി, മുഹമ്മദ് ബിൻ അഹ്‌മദ്‌ അൽ ഹകമി, അഹ്‌മദ്‌ ബിൻ യഹ്‌യ അൽ നജ്മി, മുഹമ്മദ് സഗീർ അൽ ഖമീസി എന്നീ പ്രമുഖ പണ്ഡിതരുടെ ശിഷ്യനായിരുന്നു. വിവിധ ഇസ്‌ലാമിക വിഷയങ്ങളെക്കുറിച്ച് വിവരിക്കുന്ന ധാരാളം പുസ്തകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്.

Tags:    
News Summary - Prominent Islamic scholar Sheikh Rabi' bin Hadi Al-Madkhali passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.