റിയാദ്: സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകൾ വഴി അപേക്ഷ നൽകിയ അര ലക്ഷത്തിലധികം ഇന്ത്യൻ തീർഥാടകർക്ക് ഇക്കൊല്ലത്തെ ഹജ്ജിനുള്ള അനുമതി നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാൻ അടിയന്തരമായി ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി പ്രധാനമന്ത്രിക്കും സൗദിയിലെ ഇന്ത്യൻ അംബാസഡർക്കും കത്തയച്ചു.
ജീവിത സാഫല്യം നിറവേറ്റാൻ കാത്തുകഴിയുന്ന ആയിരങ്ങൾക്ക് അവസരമൊരുക്കുന്നതിൽ നയതന്ത്രതലത്തിൽ പരമാവധി ശ്രമം നടത്തണമെന്നും ഉഭയകക്ഷി ചർച്ചയിലൂടെ പരിഹാരം കാണണമെന്നും സൗദി കെ.എം.സി.സി മുഖ്യ രക്ഷാധികാരി കെ.പി. മുഹമ്മദ് കുട്ടി, പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ, ജനറൽ സെക്രട്ടറി അഷ്റഫ് വേങ്ങാട്ട്, ട്രഷറർ അഹമ്മദ് പാളയാട്ട്, ചെയർമാൻ ഖാദർ ചെങ്കള തുടങ്ങിയവർ കത്തിൽ ആവശ്യപ്പെട്ടു.
ഇന്ത്യക്ക് അനുവദിച്ച ഹജ്ജ് ക്വാട്ടയിൽനിന്ന് 52,000 പേർക്കുള്ള അനുമതി വെട്ടിക്കുറച്ച സൗദിയുടെ നടപടി പിൻവലിക്കാനുള്ള സമ്മർദം പ്രധാനമന്ത്രിയുടെ സന്ദർശന വേളയിൽ ഉണ്ടായാൽ പ്രശ്നം പരിഹരിക്കപ്പെടും. ഇക്കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരാനും സൗദി ഭരണാധികാരിയുമായുള്ള കൂടിക്കാഴ്ചയിൽ പരിഹാരം കാണാനും സാധിച്ചാൽ പുണ്യകർമം നിർവഹിക്കാനൊരുങ്ങി നിൽക്കുന്ന ആയിരക്കണക്കിന് തീർഥാടകരുടെ ആശങ്കകളകറ്റാൻ സാധിക്കും.
ഇന്ത്യക്ക് അനുവദിച്ച ക്വാട്ട പൂർണമായും അനുവദിച്ചുകിട്ടുന്നതിൽ സൗദി ഹജ്ജ് മന്ത്രാലയവുമായി ഇന്ത്യൻ എംബസി നയതന്ത്ര തലത്തിൽ ശ്രമം തുടരണം. ഹജ്ജ് യാത്രക്കൊരുങ്ങാൻ സമയമായിരിക്കെ ഏറെ ആശങ്കാകുലരാണ് തീർഥാടകർ. പ്രശ്നപരിഹാരത്തിന് ഏത് വിധേനയും ശ്രമിക്കണമെന്ന് കെ.എം.സി.സി നൽകിയ കത്തിൽ അപേക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.