ജിദ്ദ: കേന്ദ്ര സർക്കാർ പ്രവാസികൾക്ക് നൽകുന്ന ഏറ്റവും ഉയർന്ന ബഹുമതിയായ 'പ്രവാസി ഭാരതീയ സമ്മാൻ അവാർഡിന്റെ (പി.ബി.എസ്.എ) 2027' പതിപ്പിലേക്കുള്ള നാമനിർദേശങ്ങൾ ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് ക്ഷണിച്ചു. പ്രവാസി ഇന്ത്യക്കാർ (എൻ.ആർ.ഐ), ഇന്ത്യൻ വംശജർ (പി.ഐ.ഒ), അല്ലെങ്കിൽ അവർ നടത്തുന്ന സ്ഥാപനങ്ങൾ എന്നിവർക്ക് വിവിധ മേഖലകളിൽ നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ചാണ് ഈ പുരസ്കാരം നൽകുന്നത്.
ഇന്ത്യയെക്കുറിച്ചുള്ള ശരിയായ അവബോധം വളർത്തുക, മാനുഷികവും ജീവകാരുണ്യപരവുമായ പ്രവർത്തനങ്ങൾ, പ്രാദേശിക ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമം, ഇന്ത്യയുടെ വികസനത്തിനായുള്ള സംഭാവനകൾ തുടങ്ങി വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്ക് അവാർഡിനായി അപേക്ഷിക്കാം. താൽപര്യമുള്ളവർ തങ്ങളുടെ നേട്ടങ്ങൾ വ്യക്തമാക്കുന്ന കവറിങ് ലെറ്റർ, നിശ്ചിത അപേക്ഷാ ഫോറം, സംഗ്രഹം എന്നിവ സഹിതം 2026 ഫെബ്രുവരി 15നകം നാമനിർദേശങ്ങൾ സമർപ്പിക്കണം. അപേക്ഷകളുടെ സോഫ്റ്റ് കോപ്പി cul.jeddah@mea.gov.in എന്ന ഇമെയിലിലേക്കും ഒറിജിനൽ പകർപ്പ് ജിദ്ദ തഹ്ലിയ സ്ട്രീറ്റിലുള്ള ഇന്ത്യൻ കോൺസുലേറ്റ് ഓഫിസിലും എത്തിക്കണം.
കൂടാതെ, വ്യക്തികൾക്കോ സംഘടനകൾക്കോ നേരിട്ട് നാമനിർദേശം സമർപ്പിക്കാനുള്ള സൗകര്യവുമുണ്ട്. ഇത്തരക്കാർക്ക് pbsaward@mea.gov.in എന്ന ഇ-മെയിൽ വിലാസം വഴി നേരിട്ട് അപേക്ഷിക്കാവുന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 2027 ജനുവരിയിൽ നടക്കുന്ന പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിൽ വെച്ചായിരിക്കും അവാർഡുകൾ വിതരണം ചെയ്യുക. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഫോമുകൾക്കും https://cgijeddah.gov.in/docs/PBSA-fgiijkjk.pdf എന്ന വെബ് ലിങ്ക് സന്ദർശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.