റഷീദ് കക്കോവ്
റിയാദ്
തെരഞ്ഞെടുപ്പ് ചൂട് മാറി വോട്ടെണ്ണലിനായി കേരളം കാത്തിരിക്കുമ്പോൾ, സോഷ്യൽ മീഡിയയിൽ അരങ്ങേറുന്ന ഡിജിറ്റൽ യുദ്ധങ്ങൾ ജനാധിപത്യ മര്യാദകളെ ചോദ്യം ചെയ്യുന്നതാണ്. വോട്ടെണ്ണൽ ദിനത്തിന് മുമ്പേ വിജയാഘോഷങ്ങൾ തുടങ്ങുന്നതും, മുഖ്യമന്ത്രി പദത്തെച്ചൊല്ലി അണികൾ ചേരിതിരിഞ്ഞ് പോസ്റ്ററുകളും റീലുകളും കൊണ്ട് പോർവിളികൾ നടത്തുന്നതും ഇന്ന് പതിവ് കാഴ്ചയായിരിക്കുന്നു.
എന്നാൽ, രാഷ്ട്രീയ ചരിത്രത്തിെൻറ താളുകൾ പരിശോധിച്ചാൽ, അമിത ആത്മവിശ്വാസത്തിന് അപ്പുറം ബാലറ്റ് ബോക്സിലെ ജനവിധിയെ ആദരവോടെ കാത്തിരിക്കേണ്ടതിെൻറ അനിവാര്യത നമുക്ക് ബോധ്യപ്പെടും. ലോകം കണ്ട വമ്പൻ അട്ടിമറികൾ എന്നും അമിത ആവേശക്കാർക്ക് ഒരു മുന്നറിയിപ്പാണ്. 2004ൽ ഇന്ത്യ കണ്ട പൊതുതെരഞ്ഞെടുപ്പ് ഇതിനൊരു ഉത്തമ ഉദാഹരണമാണ്. ‘ഇന്ത്യ ഷൈനിങ്’ എന്ന തിളക്കമാർന്ന പ്രചാരണവുമായി ഇറങ്ങിയ വാജ്പേയി സർക്കാർ അധികാരം നിലനിർത്തുമെന്ന് സർവേകൾ ഒന്നടങ്കം പ്രവചിച്ചെങ്കിലും, യു.പി.എയുടെ അപ്രതീക്ഷിത വിജയമാണ് രാജ്യം കണ്ടത്.
സമാനമായ രീതിയിൽ ഇസ്രായേലിൽ എല്ലാ പ്രവചനങ്ങളിലും മുന്നിലായിരുന്ന ഷിമോൺ പെരസിനെ വെറും ഒരു ശതമാനം വോട്ടിെൻറ വ്യത്യാസത്തിൽ ബിന്യാമിൻ നെതന്യാഹു അട്ടിമറിച്ചത് ചരിത്രമാണ്. അമേരിക്കയിൽ ഹിലരി ക്ലിൻറൺ പ്രസിഡൻറാകുമെന്ന് ലോകം മുഴുവൻ ഉറപ്പിച്ചു പറഞ്ഞിടത്താണ് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിലെത്തി വിസ്മയമായി മാറിയത്.
നിലവിൽ കേരളത്തിലെ യു.ഡി.എഫ് പ്രവർത്തകർ നടത്തുന്ന റീൽസ് യുദ്ധങ്ങളും നേതാക്കളെ നേരത്തെ തന്നെ മുഖ്യമന്ത്രിമാരായി വാഴ്ത്തുന്ന രീതിയും രാഷ്ട്രീയമായ പക്വതയില്ലായ്മയാണ് വെളിപ്പെടുത്തുന്നത്. സൈബർ ഇടങ്ങളിലെ ലൈക്കുകൾക്കും ഷെയറുകൾക്കും അപ്പുറം ജനങ്ങൾ രേഖപ്പെടുത്തിയ വോട്ടുകളാണ് യഥാർത്ഥ ജനാധിപത്യം. മെയ് നാലാം തീയതി ഫലം വരുന്നത് വരെ ക്ഷമയോടെ കാത്തിരിക്കുകയാണ് വേണ്ടത്. അവകാശവാദങ്ങളും ആഘോഷങ്ങളും മെയ് നാല് വരെ മാറ്റിവെച്ച്, ജനവിധി എന്തുതന്നെയായാലും അത് വിനയത്തോടെ സ്വീകരിക്കാനുള്ള മാനസികാവസ്ഥയാണ് രാഷ്ട്രീയ പ്രവർത്തകർ കാത്തുസൂക്ഷിക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.