21 വർഷങ്ങൾക്ക് ശേഷം തന്നെ കാണാനെത്തിയ പോളിഷ് ഇരട്ടകളായ ഓൾഗ, ഡാരിയ എന്നി​വരോടൊപ്പം​ ഡോ. അബ്​ദുല്ല അൽ റബീഅ

21 വർഷങ്ങൾക്ക് ശേഷം ആ പുഞ്ചിരി വീണ്ടും; ശസ്ത്രക്രിയയിലൂടെ വേർപിരിഞ്ഞ പോളിഷ് ഇരട്ടകൾ ഡോ. റബീഅയെ കാണാനെത്തി

റിയാദ്: കാലം മായ്ക്കാത്ത നന്ദിയും സ്നേഹവുമായി പോളണ്ടിൽ നിന്നുള്ള ആ പഴയ സയാമീസ് ഇരട്ടകൾ വീണ്ടും റിയാദിലെത്തി. 21 വർഷം മുമ്പ് സങ്കീർണമായ ശസ്ത്രക്രിയയിലൂടെ തങ്ങളെ രണ്ട് വ്യക്തികളായി മാറ്റിയ സൗദി മെഡിക്കൽ സംഘത്തി​ന്റെ തലവൻ ഡോ. അബ്​ദുല്ല അൽറബീഅയെ കാണാനാണ് ഓൾഗയും ഡാരിയയും എത്തിയത്.

റിയാദിലെ കിങ് സൽമാൻ റിലീഫ് സെൻറർ (കെ.എസ്​. റിലീഫ്​) ആസ്ഥാനത്ത് വെച്ചായിരുന്നു വൈകാരികമായ ഈ കൂടിക്കാഴ്ച. തങ്ങൾക്ക് സാധാരണ ജീവിതം സമ്മാനിച്ച ഡോക്ടറോടും സൗദി മെഡിക്കൽ സംഘത്തോടും ഇരുവരും അഗാധമായ നന്ദി രേഖപ്പെടുത്തി. തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവായിരുന്നു ആ ശസ്ത്രക്രിയയെന്നും സ്വതന്ത്രമായ ജീവിതം നയിക്കാൻ തങ്ങളെ പ്രാപ്തരാക്കിയത് സൗദി അറേബ്യയുടെ കരുണയാണെന്നും അവർ പറഞ്ഞു.

മാനുഷികതയുടെ ആഗോള മാതൃക

സൽമാൻ രാജാവി​െൻറയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാ​െൻറയും പരിധിയില്ലാത്ത പിന്തുണയാണ് ഈ പദ്ധതിയുടെ വിജയത്തിന് പിന്നിലെന്ന് ഡോ. അബ്​ദുല്ല അൽറബീഅ പറഞ്ഞു. കഴിഞ്ഞ മൂന്നര പതിറ്റാണ്ടിനിടെ ലോകത്തി​ന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇരട്ടകൾക്ക് താങ്ങായി.

ഇതുവരെ വിജയകരമായി പൂർത്തിയാക്കിയത്​ 67 സങ്കീർണ ശസ്ത്രക്രിയകളാണ്​. 28 രാജ്യങ്ങളിൽ നിന്നായി 155 ഇരട്ടകൾ ചികിത്സ തേടിയെത്തി. അതിലാണ് വിജയ സാധ്യതയുണ്ടെന്ന്​ കണ്ടെത്തി 67 ജോഡികളെ ശസ്​ത്രക്രിയക്ക്​ വിധേയമാക്കിയത്​. അവരെല്ലാം ഇന്ന്​ സ്വതന്ത്ര വ്യക്തികളായി ജീവിതം തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘വംശമോ അതിർത്തിയോ നോക്കാതെ മനുഷ്യരുടെ കഷ്​ടപ്പാടുകൾ ലഘൂകരിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ലോകത്തെവിടെയുള്ളവർക്കും ചികിത്സക്കായി ആശ്രയിക്കാവുന്ന കേന്ദ്രമായി സൗദി മാറിയിരിക്കുന്നു’ -ഡോ. റബീഅ വ്യക്തമാക്കി. അന്താരാഷ്​ട്ര മാനുഷിക സേവന രംഗത്ത് സൗദി അറേബ്യ മുൻനിരയിൽ തുടരുന്നതി​െൻറ തെളിവാണ് ഇത്തരം വിജയഗാഥകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Polish twins separated by surgery come to see Doctor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.