റിയാദ്: കേരള മുഖ്യമന്ത്രി പിണറായി വിജയന്റെയും സാംസ്കാരിക മന്ത്രി സജി ചെറിയാൻ, നോർക്ക ഡയറക്ടർ ബോർഡ് അംഗങ്ങൾ എന്നിവരുടെയും ഈ മാസം 17 മുതൽ 19 വരെ സൗദി അറേബ്യയിൽ നടത്താനിരുന്ന ഔദ്യോഗിക സന്ദർശനം മാറ്റിവെച്ചു. യാത്ര താൽക്കാലികമായി റദ്ദാക്കിയത് സാങ്കേതിക കാരണങ്ങളാലാണെന്നാണ് മലയാളം മിഷൻ സൗദി ചാപ്റ്റർ ഭാരവാഹികൾ വ്യക്തമാക്കിയത്. കേരള മുഖ്യമന്ത്രി പദവിയിൽ ഇരിക്കെ പിണറായി വിജയൻ സൗദി അറേബ്യയിൽ നടത്തുന്ന ആദ്യ സന്ദർശനമായാണ് ഇത് നിശ്ചയിച്ചിരുന്നത്.
മലയാളം മിഷൻ സൗദി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ റിയാദ്, ദമ്മാം, ജിദ്ദ എന്നിവിടങ്ങളിൽ സംഘടിപ്പിക്കാനിരുന്ന 'മലയാളോത്സവം' പരിപാടിയുടെ ഉദ്ഘാടനമായിരുന്നു മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും സൗദി സന്ദർശനോദ്ദേശ്യം. 17 ന് ദമ്മാമിലും 18 ന് ജിദ്ദയിലും 19 ന് റിയാദിലുമായിരുന്നു പരിപാടികൾ നിശ്ചയിച്ചിരുന്നത്. ദമ്മാം, ജിദ്ദ എന്നിവിടങ്ങളിൽ സംഘത്തിന്റെ പൊതുപരിപാടിക്കായി വിപുലമായ സംഘാടക സമിതികൾ രൂപീകരിച്ച് ഒരുക്കങ്ങൾ പൂർത്തിയാക്കിയിരുന്നു.
യാത്ര താൽക്കാലികമായി മാറ്റിവെച്ചെങ്കിലും പരിപാടി മറ്റു തീയതികളിൽ നടത്താൻ ശ്രമിക്കുമെന്ന് മലയാളം മിഷൻ ഭാരവാഹികൾ അറിയിച്ചു. പുതിയ യാത്ര തീയതി സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. എന്നാൽ കേന്ദ്രത്തിൽ നിന്നും യാത്രാനുമതി ലഭിക്കാത്തതാണ് സൗദിയിലേക്കുള്ള സംഘത്തിന്റെ സന്ദർശനം മാറ്റിവെച്ചത് എന്നാണ് അനൗദ്യോഗിക വിവരം. ഇത് രണ്ടാം തവണയാണ് മുഖ്യമന്ത്രിയുടെ സൗദി സന്ദർശനം മുടങ്ങുന്നത്. 2023 ഒക്ടോബറിൽ സൗദി അറേബ്യയിൽ വെച്ച് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ലോക കേരളസഭയുടെ പ്രാദേശിക സമ്മേളനം നടത്താൻ നിശ്ചയിച്ചിരുന്നെങ്കിലും കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിക്കാത്തതിനെ തുടർന്ന് അന്നും യാത്ര റദ്ദാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.