സൊമാലിയൻ സയാമീസ് ഇരട്ടകളായ റഹ്​മയുടെയും റംലയുടെയും ശസ്​ത്രക്രിയ റിയാദിൽ പൂർത്തിയായപ്പോൾ

ശസ്ത്രക്രിയ വിജയകരം, സൊമാലിയൻ സയാമീസ് ഇരട്ടകൾ തമ്മിലകന്നു

റിയാദ്: സൊമാലിയയിൽ നിന്നുള്ള സയാമീസ് ഇരട്ടകളായ റഹ്​മയെയും റംലയെയും വേർപെടുത്തുന്നതിനുള്ള സങ്കീർണമായ ശസ്ത്രക്രിയ റിയാദിൽ വിജയകരമായി പൂർത്തിയായി. സൗദി ഭരണാധികാരി സൽമാൻ രാജാവി​െൻറയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാര​െൻറയും പ്രത്യേക നിർദ്ദേശപ്രകാരം റിയാദിലെത്തിച്ച കുട്ടികളെ 12 മണിക്കൂർ നീണ്ടുനിന്ന എട്ട് ഘട്ടങ്ങളിലൂടെയാണ് വേർപെടുത്തിയത്.

നാഷണൽ ഗാർഡ് മന്ത്രാലയത്തിന് കീഴിലുള്ള കിങ് അബ്​ദുല്ല സ്പെഷ്യലൈസ്ഡ് ചിൽഡ്രൻസ് ആശുപത്രിയിൽ വ്യാഴാഴ്ച ഉച്ചയോടെയാണ് ശസ്ത്രക്രിയ ആരംഭിച്ചത്. പ്രശസ്ത സർജൻ ഡോ. അബ്ദുല്ല അൽറബീഅയുടെ നേതൃത്വത്തിലുള്ള 'സൗദി സയാമീസ് സെപ്പറേഷൻ പ്രോഗ്രാം' മെഡിക്കൽ സംഘമാണ് ഈ ദൗത്യം നിർവ്വഹിച്ചത്. അനസ്തേഷ്യ, പീഡിയാട്രിക് സർജറി, പീഡിയാട്രിക് യൂറോളജി, ഓർത്തോപീഡിക്സ്, പ്ലാസ്റ്റിക് സർജറി തുടങ്ങി വിവിധ വിഭാഗങ്ങളിലെ കൺസൾട്ടന്റുകളും സ്പെഷ്യലിസ്റ്റുകളും നഴ്സിങ്-സാങ്കേതിക വിദഗ്ധരുമടങ്ങുന്ന 36 അംഗ സംഘം ശസ്ത്രക്രിയയിൽ പങ്കാളികളായി.

13 മാസം പ്രായമുള്ള ഇരട്ടകൾ അടിവയറ്റിലും പെൽവിസിലുമാണ് (ഇടുപ്പ്) പരസ്പരം ബന്ധിക്കപ്പെട്ടിരുന്നത്. വൻകുടൽ, മലാശയം എന്നിവ പങ്കുവെച്ചിരുന്ന ഇവർക്ക് മൂത്രാശയ-പ്രത്യുൽപാദന വ്യവസ്ഥകളിലും പെൽവിക് അസ്ഥിയിലും കൂടിച്ചേരലുകൾ ഉണ്ടായിരുന്നു. കുട്ടികളുടെ ആരോഗ്യസ്ഥിതി വെല്ലുവിളികൾ നിറഞ്ഞതാണെന്ന് ഡോ. അൽറബീഅ വ്യക്തമാക്കി. ഇരട്ടകളിൽ ഒരാളായ റംലയുടെ രണ്ട് വൃക്കകളും പൂർണ്ണമായും തകരാറിലായതിനാൽ വേർപിരിയലിന് പിന്നാലെ ഡയാലിസിസ് ആരംഭിക്കേണ്ടതുണ്ട്. മറ്റൊരു കുട്ടിയായ റഹ്മയുടെ ഇടത് വൃക്കയും പ്രവർത്തനരഹിതമാണ്. വലത് വൃക്കയിൽ സിസ്റ്റുകൾ (അടഞ്ഞ സഞ്ചികൾ) ഉണ്ടെങ്കിലും അത് നിലവിൽ പ്രവർത്തിക്കുന്നുണ്ട്. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ഘട്ടത്തിൽ റഹ്മയുടെ വൃക്കയുടെ പ്രവർത്തനം ഉറപ്പാക്കാൻ സൂക്ഷ്മ നിരീക്ഷണം ആവശ്യമാണെന്ന് മെഡിക്കൽ സംഘം അറിയിച്ചു.

നിലവിൽ കുട്ടികളെ പ്രത്യേക നിരീക്ഷണ സംവിധാനങ്ങളുള്ള കിടക്കകളിലേക്ക് മാറ്റിയിട്ടുണ്ട്. കുട്ടികളുടെ മാതാപിതാക്കളെ ശസ്ത്രക്രിയയുടെ പുരോഗതിയും ആരോഗ്യസ്ഥിതിയും കൃത്യമായി ബോധ്യപ്പെടുത്തിയിരുന്നു. സൗദി സയാമീസ് സെപ്പറേഷൻ പ്രോഗ്രാമിന് കീഴിൽ നടക്കുന്ന 68-ാമത്തെ ശസ്ത്രക്രിയയാണിത്. കഴിഞ്ഞ 35 വർഷത്തിനിടയിൽ 28 രാജ്യങ്ങളിൽ നിന്നുള്ള 156 സയാമീസ് ഇരട്ടകളെയാണ് ഈ കേന്ദ്രം പരിചരിച്ചത്. ലോകമെമ്പാടുമുള്ള അവശത അനുഭവിക്കുന്നവർക്ക് സഹായമെത്തിക്കാനുള്ള സൗദി അറേബ്യയുടെ പ്രതിബദ്ധതയും മെഡിക്കൽ രംഗത്തെ ആധുനിക നേട്ടങ്ങളും അടിവരയിടുന്നതാണ് ഈ വിജയമെന്ന് ഡോ. അൽറബീഅ കൂട്ടിച്ചേർത്തു.

Tags:    
News Summary - Somali Siamese twins separated after successful surgery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.