പവലിയനകത്ത് നടക്കുന്ന സൗദി സാംസ്കാരിക പരിപാടികളിൽനിന്ന്
റിയാദ്: ജപ്പാനിൽ നടക്കുന്ന 'എക്സ്പോ 2025 ഒസാക്ക'യിലെ സൗദി പവിലിയൻ ശ്രദ്ധേയമായി. കഴിഞ്ഞ ഏപ്രിലിൽ ആരംഭിച്ചതിനുശേഷം 20 ലക്ഷത്തിലധികം സന്ദർശകരെ സ്വീകരിച്ച് ഏറ്റവും പ്രധാനപ്പെട്ട വിദേശ പവലിയനുകളിൽ ഒന്നായി സൗദി പവിലിയൻ മാറി.
ജപ്പാനിൽ നടക്കുന്ന 'എക്സ്പോ 2025 ഒസാക്ക'യിലെ സൗദി പവലിയനിൽ സന്ദർശകർ
ആതിഥേയ രാജ്യമായ ജപ്പാന്റെ പവിലിയൻ കഴിഞ്ഞാൽ വിസ്തീർണത്തിന്റെ കാര്യത്തിൽ രണ്ടാമത്തെ വലിയ പവിലിയനാണ് സൗദിയുടേത്. പവിലിയനിലെ 2,400ൽ അധികം പരിപാടികളിലൂടെ സൗദിയുടെ നാഗരികതയെയും സംസ്കാരത്തെയും പ്രതിഫലിപ്പിക്കുന്ന ആഴത്തിലുള്ള അനുഭവം സന്ദർശകർക്ക് പ്രദാനം ചെയ്തു.
സംഗീത, കലാ പ്രകടനങ്ങൾ, സംവേദനാത്മക പ്രദർശനങ്ങൾ, ‘ഇർത്’ കഫേ എന്നിവ 18,000ത്തിൽ അധികം അതിഥികളെ സ്വാഗതം ചെയ്യുകയും 1,20,000ത്തിൽ അധികം കപ്പ് ‘കഹ്വ’ വിളമ്പുകയും ചെയ്തു. 2025ലെ ന്യൂയോർക്ക് ആർക്കിടെക്ചറൽ ഡിസൈൻ അവാർഡുകളിൽ ‘കൾചറൽ ആർക്കിടെക്ചർ - ഇന്ററാക്ടീവ് സ്പേസസ്’ എന്നതിനുള്ള സ്വർണ അവാർഡ് പവിലിയൻ നേടി. ഈ നേട്ടം അന്താരാഷ്ട്ര ബന്ധങ്ങളുടെ ശക്തിയെ പ്രതിഫലിപ്പിക്കുകയും ദേശീയ പരിവർത്തനത്തെ എടുത്തുകാണിക്കുകയും ചെയ്യുന്നുവെന്ന് ജപ്പാനിലെ സൗദി അംബാസഡർ ഡോ. ഗാസി ബിൻ സഖർ പറഞ്ഞു.
എക്സ്പോ 2030 റിയാദിനുള്ള തയ്യാറെടുപ്പിനായി ആഗോള സംഭാഷണത്തിനുള്ള ഒരു വേദിയായി പവിലിയൻ മാറിയിരിക്കുന്നുവെന്ന് അംബാസഡർ ചൂണ്ടിക്കാട്ടി. പവിലിയന്റെ പ്രവർത്തനങ്ങൾ ഒക്ടോബർ വരെ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.