ജിദ്ദ: വികസ്വര രാജ്യങ്ങളിലെ ശക്തമായ സാമ്പത്തിക പ്രവർത്തനങ്ങളുടെ പിൻബലത്തിൽ ആഗോള എണ്ണ ഡിമാൻറ് സ്ഥിരമായ വേഗത്തിൽ മുന്നോട്ടുപോകുന്നുവെന്ന് ഓർഗനൈസേഷൻ ഓഫ് ദി പെട്രോളിയം എക്സ്പോർട്ടിംഗ് കൺട്രീസ് (ഒപെക്) തിങ്കളാഴ്ച പുറത്തുവിട്ട മാസ റിപ്പോർട്ട് സ്ഥിരീകരിച്ചു. എണ്ണ വിതരണം നിയന്ത്രിതമായി നിലനിൽക്കുമെന്ന ഒപെക്കിന്റെ നിഗമനം അടുത്ത രണ്ടു വർഷം എണ്ണ വിപണിയിൽ സന്തുലിതാവസ്ഥ കൈവരിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു.
2025-ൽ ആഗോള എണ്ണ ആവശ്യം ദിനംപ്രതി ഏകദേശം 13 ലക്ഷം ബാരൽ വർധിക്കുമെന്ന തങ്ങളുടെ കണക്ക് ഒപെക് മാറ്റമില്ലാതെ നിലനിർത്തി. ഈ വളർച്ചയുടെ മുൻപന്തിയിൽ ചൈന, ഇന്ത്യ, മിഡിൽ ഈസ്റ്റ് തുടങ്ങിയ ഓർഗനൈസേഷൻ ഫോർ ഇക്കോണമിക് കോഓപറേഷൻ ആൻഡ് ഡെവലപ്മെന്റ് (ഒ.ഇ.സി.ഡി) ഇതര രാജ്യങ്ങളായിരിക്കും.
ഒ.ഇ.സി.ഡി രാജ്യങ്ങളിലെ ഡിമാൻഡിൽ ദിനംപ്രതി 1,00,000 ബാരൽസ് നേരിയ വർധനവ് മാത്രമാണ് ഒപെക് പ്രതീക്ഷിക്കുന്നത്. 2026-ൽ, വികസ്വര രാജ്യങ്ങളുടെ പിന്തുണയോടെ ഡിമാൻഡ് ദിനംപ്രതി 14 ലക്ഷം ബാരൽ വളരുമെന്നും റിപ്പോർട്ട് പറയുന്നു. എന്നാൽ, ഉയർന്ന പലിശ നിരക്കും വ്യവസായ പ്രവർത്തനങ്ങളിലെ മാന്ദ്യവും കാരണം മുൻനിര രാജ്യങ്ങളിൽ വളർച്ച നേരിയ തോതിൽ കുറയും.
വിതരണ കാര്യത്തിൽ, യുഎസ്, ബ്രസീൽ, കാനഡ, അർജന്റീന എന്നിവയുടെ നേതൃത്വത്തിലുള്ള ഒപെക് പ്ലസ് സഖ്യത്തിന് പുറത്തുള്ള രാജ്യങ്ങളിൽ ഉത്പാദനം ഉയരുമെന്ന കണക്കുകൾ ഒപെക് നിലനിർത്തി. ഒപെക്കിന്റെ ഉത്പാദനം സ്ഥിരമായിരിക്കുമെന്നും, പ്രകൃതിവാതക ദ്രവകങ്ങളുടെയും പരമ്പരാഗതമല്ലാത്ത ദ്രവകങ്ങളുടെയും ഉത്പാദനത്തിൽ ദിനംപ്രതി 1,00,000 ബാരലിന്റെ വാർഷിക വർധനവ് ഉണ്ടാകുമെന്നും റിപ്പോർട്ട് സൂചിപ്പിച്ചു.
സെപ്റ്റംബറിൽ ഒപെക് പ്ലസ് ഉത്പാദനം ദിനംപ്രതി 6,30,000 ബാരൽ വർഷിച്ച് 43.05 ദശലക്ഷം ബാരലായി. എണ്ണ വിപണിയിലെ സ്ഥിരത ഉറപ്പാക്കാനും ആവശ്യകതയും വിതരണവും തമ്മിൽ ഒരു സുസ്ഥിര സന്തുലിതാവസ്ഥ കൈവരിക്കാനും അംഗരാജ്യങ്ങൾ തമ്മിലുള്ള ഏകോപനവും ആഗോള സാമ്പത്തിക വികസനങ്ങളും പലിശ നിരക്കുകളും നിരീക്ഷിക്കുന്നതും അത്യാവശ്യമാണെന്ന് ഒപെക് അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.