ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം സൗദി ഒ.ഐ.സി.സി പ്രസിഡന്റ് ബിജു കല്ലുമല ഉദ്ഘാടനം ചെയ്യുന്നു
ദമ്മാം: ഒ.ഐ.സി.സി സൗദി കിഴക്കൻ പ്രവിശ്യ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമ വാർഷികം ‘ജനമനസ്സിലെ ജനനായകൻ’ എന്ന തലക്കെട്ടോടെ ആചരിച്ചു. മുതിർന്നവർക്കുള്ള പ്രസംഗ മത്സരം, ഉമ്മൻ ചാണ്ടിയുടെ ജീവിതത്തിലെ ഓരോ സംഭവങ്ങളും കൂട്ടിയിണക്കിയ ഡോക്യുമെന്ററി പ്രദർശനം തുടങ്ങിയ പരിപാടികൾ വാർഷിക ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ചു.
ദമ്മാം ബദർ അൽറാബി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയുടെ അനുസ്മരണ സമ്മേളനം പ്രസിഡന്റ് ഇ.കെ. സലീം അധ്യക്ഷതവഹിച്ചു. സൗദി നാഷനൽ പ്രസിഡന്റ് ബിജു കല്ലുമല ഉദ്ഘാടനം ചെയ്തു. ജനഹൃദയങ്ങളിൽ ഒരിക്കലും കെടാത്ത ഓർമയാണ് ഉമ്മന് ചാണ്ടിയെന്നും പൊതുപ്രവർത്തകൻ എങ്ങനെ ജനകീയനായിരിക്കണം എന്ന് നാം പഠിക്കേണ്ടത് അദ്ദേഹത്തിൽനിന്നാണെന്ന് അദ്ദേഹം പറഞ്ഞു.
ആലിക്കുട്ടി ഒളവട്ടൂർ (കെ.എം.സി.സി), റഊഫ് ചാവക്കാട് (പ്രവാസി വെൽഫെയർ), ഒ.ഐ.സി.സി ഗ്ലോബൽ പ്രതിനിധികളായ ഹനീഫ് റാവുത്തർ, ജോൺ കോശി, നാഷനൽ സെക്രട്ടറി നസീർ തുണ്ടിൽ, പ്രോവിൻസ് കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ ഷിജില ഹമീദ്, ഷംസ് കൊല്ലം, ഡോ. സിന്ധു ബിനു, കൊല്ലം ജില്ല കമ്മിറ്റി പ്രസിഡന്റ് സുരേഷ് റാവുത്തർ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി.
പ്രോവിൻസ് ആക്ടിങ് സംഘടനകാര്യ ജനറൽ സെക്രട്ടറി സക്കീർ പറമ്പിൽ സ്വാഗതവും ട്രഷറർ പ്രമോദ് പൂപ്പാല നന്ദിയും പറഞ്ഞു. വൈസ് പ്രസിഡനറ് നൗഷാദ് തഴവ അവതാരകനായിരുന്നു.
മലപ്പുറം ജില്ല ജനറൽ സെക്രട്ടറി ഹമീദ് മരക്കാശ്ശേരി തയാറാക്കിയ ‘ഓർമയിലെ ഉമ്മൻ ചാണ്ടി’ എന്ന ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. പ്രസംഗ മത്സരത്തിൽ ഹമീദ് മരക്കാശ്ശേരി ഒന്നാം സമ്മാനവും ഷാജി മോഹനൻ രണ്ടാം സമ്മാനവും റോയ് വർഗീസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ആൽബിൻ ജോസഫ്, ജോസഫ് എം. പാലത്തറ എന്നിവർ വിധികർത്താക്കളായിരുന്നു. പ്രോവിൻസ് കമ്മിറ്റി നേതാക്കളായ സി.ടി. ശശി, അൻവർ വണ്ടൂർ, ആസിഫ് താനൂർ, നിഷാദ് കുഞ്ചു, കെ.പി. മനോജ്, യഹ്യ കോയ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.