യമനി സയാമീസ് ഇരട്ടകളിലൊരാൾ മരിച്ചു

ജിദ്ദ: ഞായറാഴ്ച റിയാദിൽ വേർപ്പെടുത്തൽ ശസ്ത്രക്രിയക്ക് വിധേയരായ യമനി സയാമീസ് ഇരട്ടകളിൽ ഒരാൾ മരിച്ചതായി ശസ്ത്രക്രിയ സംഘം വ്യക്തമാക്കി. ആവശ്യമായ വൈദ്യസഹായം നൽകിയിട്ടും രക്തചംക്രമണത്തിൽ കുത്തനെയുണ്ടായ കുറവും ഹൃദയസ്തംഭനവുമാണ് മരണകാരണം.

ഇരട്ടകളെ വേർപ്പെടുത്താനുള്ള സങ്കീർണമായ ശസ്ത്രക്രിയയിൽ വലിയ ബുദ്ധിമുട്ടുകളും വെല്ലുവിളികളും നേരിട്ടിരുന്നു. ശേഷം കുഞ്ഞിന്‍റെ നില ഗുരുതരമാവുകയായിരുന്നു. മറ്റേ കുഞ്ഞിന്‍റെ ആരോഗ്യനില തൃപ്തികരമാണ്. റിയാദിലെ കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലെ കിങ് അബ്ദുല്ല സ്‌പെഷലിസ്റ്റ് ചിൽഡ്രൻസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ഇപ്പോഴും നിരീക്ഷണത്തിലാണ് ഈ കുഞ്ഞ്. ഇരട്ടക്കുട്ടികളുടെ മാതാപിതാക്കൾക്ക് മെഡിക്കൽ സംഘം അഗാധമായ അനുശോചനം രേഖപ്പെടുത്തി.

ഞായറാഴ്ചയാണ് തലച്ചോറിന്‍റെ ഭാഗങ്ങൾ ഒട്ടിച്ചേർന്ന യമനി സയാമീസ് ഇരട്ടകളായ യൂസുഫിന്റെയും യാസീന്റെയും വേർപ്പെടുത്തൽ ശസ്ത്രക്രിയ നടന്നത്. നാല് ഘട്ടങ്ങളിലായി 15 മണിക്കൂർ നീണ്ടുനിന്ന സങ്കീർണമായ ശസ്ത്രക്രിയയിലൂടെയാണ് ഇരട്ടകളെ വേർപെടുത്തിയത്.

തലച്ചോർ ഒട്ടിപ്പിടിച്ചതിന്‍റെ ഫലമായി രക്തസ്രാവം വർധിച്ചതിനാൽ ഇരട്ടകളിലൊരാൾക്ക് ചില ബുദ്ധിമുട്ടുകളുണ്ടായിരുന്നുവെന്നും അവസ്ഥ ഗുരുതരമാണെന്നും ശസ്ത്രക്രിയ സംഘം തലവൻ ഡോ. അബ്ദുല്ല അൽറബീഅ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.