റിയാദ്: കേരളത്തിന് പുറത്തും വിദേശത്തുമുള്ള മലയാളി പ്രവാസികളുടെ പ്രശ്നങ്ങളിൽ പ്രത്യേക പരിഗണന ഉറപ്പുനൽകി കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ. ഒ.ഐ.സി.സി നേതാക്കൾ മുഖ്യമന്ത്രിയെ സന്ദർശിച്ച് പ്രവാസികളുടെ സാമ്പത്തിക, സാമൂഹിക, കുടുംബപരമായ പ്രശ്നങ്ങൾ ചർച്ച ചെയ്തപ്പോഴാണ് അദ്ദേഹം ഈ ഉറപ്പ് നൽകിയത്.
പ്രവാസികളുടെ ക്ഷേമം സർക്കാർ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും അവർക്കായി പ്രത്യേക പാക്കേജുകൾ പരിഗണനയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വിദേശത്തുള്ള പ്രവാസികളുടെ കുടുംബങ്ങൾക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കുന്ന ക്ഷേമ പദ്ധതികൾക്ക് സർക്കാർ മുൻഗണന നൽകും. സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയിൽ നിർണായക പങ്കുവഹിക്കുന്ന പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കുന്നത് സർക്കാറിന്റെ പ്രധാന ഉത്തരവാദിത്തമാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. തൊഴിൽ, ഇൻഷുറൻസ്, ആരോഗ്യ പരിരക്ഷ, മടങ്ങിയെത്തുന്നവരുടെ പുനരധിവാസം എന്നിവയും ചർച്ചയായി.
ഈ സുപ്രധാന കൂടിക്കാഴ്ചയിൽ ഒ.ഐ.സി.സി സൗദി നാഷനൽ കമ്മിറ്റി മുൻ വൈസ് പ്രസിഡൻറ് കോലത്ത് ശ്രീജിത്ത്, നേതാക്കളായ നാസർ ലൈസ്, ഡോ. ആസാദ് എന്നിവർ പങ്കെടുത്തു. പ്രവാസി ആവശ്യങ്ങൾ നേരിട്ട് അറിയിക്കാൻ അവസരം ലഭിച്ചതിൽ നേതാക്കൾ മുഖ്യമന്ത്രിയോട് നന്ദി പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.