റിയാദ്: സൗദി ഗതാഗതരംഗത്തെ സ്വപ്ന പദ്ധതികളിലൊന്നായ വടക്കൻ റെയിൽവേയുടെ മൂന്നാം ഘട്ടം ഉദ്ഘാടനത്തിലേക്ക്. റിയാദിൽ നിന്ന് അൽജൗഫിലേക്കുള്ള ട്രെയിൻ സർവീസ് നവംബർ ഏഴിന് ആരംഭിക്കും. സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യമറിയിച്ചത്. ഒന്നാം ഘട്ടത്തിൽ ബുറൈദയിലേക്കും രണ്ടാം ഘട്ടത്തിൽ ഹാഇലിലേക്കുമാണ് സർവീസ് തുടങ്ങിയത്. അവശേഷിക്കുന്നത് ജോർദാൻ അതിർത്തിയിൽ അൽഖുറയാത്തിന് സമീപം അൽഹദീദയിലേക്കുള്ള നാലാം ഘട്ടം മാത്രമാണ്. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ റെയിൽവേ പാതയിലെ ഗതാഗതം പൂർണമാകും.
ഹാഇലിൽ നിന്ന് അൽജൗഫിലേക്കുള്ള പാതയുടെയും അൽജൗഫ് സ്റ്റേഷെൻറയും നിർമാണപ്രവർത്തനങ്ങൾ പൂർത്തിയായി. പാതയിലൂടെ രാത്രി ഗതാഗതവും പരീക്ഷിച്ച് അറിഞ്ഞ ശേഷമാണ് സൗദി റെയിൽവേയ്സ് കമ്പനി ഡയറക്ടർ ബോർഡ് ഗതാഗതം തുടങ്ങാൻ അന്തിമാംഗീകാരം നൽകിയതെന്ന് കമ്പനി ചെയർമാൻ ഡോ. ബഷാർ ബിൻ ഖാലിദ് അൽമാലിക് പറഞ്ഞു. അൽജൗഫ് ഉൾപ്പെടെ നാല് സ്റ്റേഷനുകളാണ് പുതുതായി പണിതത്. യാത്രക്കാർക്ക് സുരക്ഷിതവും സുഖപ്രദവുമായ യാത്രയ്ക്ക് വേണ്ട നൂതന സൗകര്യങ്ങളോടെയാണ് പാതയും സ്റ്റേഷനുകളും ട്രെയിനുകളും സജ്ജമായിരിക്കുന്നതെന്നും ഡോ. അൽമാലിക് കൂട്ടിച്ചേർത്തു.
പാത യാഥാർഥ്യമാക്കാൻ എല്ലാ പിന്തുണയും നൽകിയ അൽജൗഫ് ഗവർണർ അമീർ ബദർ ബിൻ സുൽത്താൻ ബിൻ അബ്ദുൽ അസീസിനും ഗതാഗത മന്ത്രി ഡോ. നബീൽ അൽഅമൂദിക്കും അദ്ദേഹം നന്ദി അറിയിച്ചു. എല്ലാ ബോഗികളിലും ബർത്ത് സൗകര്യമുണ്ടെന്നും ട്രെയിനിൽ കാറുകൾ കൊണ്ടുപോകാനുള്ള പ്രത്യേക ട്രെയിലറുകളുണ്ടാകുമെന്നും കമ്പനി കോർപറേറ്റ് കമ്യൂണിക്കേഷൻസ് ആൻഡ് മാർക്കറ്റിങ് ഡയറക്ടർ ജനറൽ അമ്മാർ അൽനഹ്ദി അറിയിച്ചു. 377 യാത്രക്കാരെ ഉൾക്കൊള്ളാനുള്ള ശേഷിയാണ് ഒാരോ ട്രെയിനുമുണ്ടാകുക. അതിൽ 238 സീറ്റുകൾ ഇകണോമിക് ക്ലാസ് വിഭാഗത്തിലും 43 സീറ്റുകൾ ബിസിനസ് ക്ലാസിലുമായിരിക്കും. രണ്ട് ക്ലാസുകളിലും ഇൻറർനെറ്റും ട്രെയിൻ സംബന്ധിച്ച വിവരങ്ങളുടെ സ്ക്രീൻ ഡിസ്പ്ലേയുമുണ്ടാകും. പുറമെ പാൻട്രി കാറും ആരാധനാസൗകര്യവുമുണ്ടാകുമെന്നും കമ്പനി വെബ്സൈറ്റിൽ നിന്നും അതാത് സ്റ്റേഷനുകളിൽ നിന്നും ടിക്കറ്റ് ബുക്ക് ചെയ്യാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാതയിൽ രാത്രിയിലും ട്രെയിൻ സർവീസുണ്ടാകും.
2017 ഫെബ്രുവരി 26നാണ് വടക്കൻ റെയിൽവേയുടെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്യപ്പെട്ടത്. അന്ന് റിയാദിൽ നിന്ന് ബുറൈദ വരെയാണ് ട്രെയിൻ സർവീസ് ആരംഭിച്ചത്.
രണ്ടാംഘട്ടമായി നവംബർ 26ന് ഹാഇലിലേക്കും സർവീസ് തുടങ്ങി. 2019 അവസാനം അൽഖുറയാത്തിലേക്കും സർവീസ് ആരംഭിക്കും. അതോടെ ഇൗ പദ്ധതി പൂർണതയിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.