റിയാദ്: അന്താരാഷ്ട്ര ഫുട്ബാളിൽ സ്വാധീനം ശക്തമാക്കി സൗദി റോഷൻ പ്രഫഷനൽ ലീഗ് ആഗോളതലത്തിൽ വൻ മുന്നേറ്റം നടത്തുന്നു. 2026 ലോകകപ്പിൽ ഏറ്റവും കൂടുതൽ കളിക്കാരെ പ്രതിനിധീകരിക്കുന്ന ലീഗുകളുടെ പട്ടികയിൽ ആറാം സ്ഥാനം സ്വന്തമാക്കിയാണ് സൗദി ലീഗ് കരുത്തറിയിച്ചത്.
വിവിധ രാജ്യങ്ങളുടെ ദേശീയ ടീമുകളിലേക്ക് ആകെ 47 റോഷൻ ലീഗ് താരങ്ങളാണ് ഇത്തവണ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. പ്രമുഖ കായിക മാധ്യമമായ ‘ദി അത്ലറ്റിക്’ പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകളിലാണ് സൗദി ലീഗിെൻറ ഈ നേട്ടം വ്യക്തമാക്കുന്നത്. യൂറോപ്പിലെ അഞ്ച് മുൻനിര ലീഗുകൾക്ക് തൊട്ടുപിന്നിലായി ഇടംപിടിച്ച സൗദി ലീഗ്, പാരമ്പര്യമേറിയ മറ്റ് നിരവധി അന്താരാഷ്ട്ര ലീഗുകളെയാണ് പിന്നിലാക്കിയത്.
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഒന്നാമത്
ലോകകപ്പിൽ ഏറ്റവും കൂടുതൽ കളിക്കാരുള്ള ലീഗുകളുടെ പട്ടികയിൽ 154 താരങ്ങളുമായി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഒന്നാം സ്ഥാനത്ത് തുടരുന്നു. 94 കളിക്കാരുമായി ജർമൻ ബുന്ദസ്ലിഗ രണ്ടാം സ്ഥാനത്തും, 78 താരങ്ങളുമായി ഫ്രഞ്ച് ലീഗ് വൺ മൂന്നാം സ്ഥാനത്തുമുണ്ട്. സ്പാനിഷ് ലാ ലിഗയിൽ നിന്ന് 74 താരങ്ങൾ അണിനിരക്കുമ്പോൾ, 66 കളിക്കാരുമായി ഇറ്റാലിയൻ സീരി എ അഞ്ചാം സ്ഥാനത്താണ്.
ഈ അഞ്ച് യൂറോപ്യൻ വമ്പന്മാർക്ക് തൊട്ടുപിന്നാലെ, യൂറോപ്പിന് പുറത്തുനിന്നുള്ള ഏറ്റവും ഉയർന്ന പ്രതിനിധ്യവുമായാണ് (47 താരങ്ങൾ) സൗദി റോഷൻ ലീഗ് ആറാം സ്ഥാനം കൈക്കലാക്കിയത്. സൗദിക്ക് പിന്നിലായുള്ള പ്രമുഖ ലീഗുകൾ തുർക്കിഷ് ലീഗ് (42 താരങ്ങൾ), അമേരിക്കൻ മേജർ ലീഗ് സോക്കർ (38), ഇംഗ്ലീഷ് ‘ചാമ്പ്യൻഷിപ്പ്’ ലീഗ് (37), ഡച്ച് ലീഗ് (30), ഖത്തർ ലീഗ് (29) എന്നിവയാണ്.
ആഗോള ഫുട്ബാളിെൻറ പുതിയൊരു ശക്തികേന്ദ്രമായി സൗദി അറേബ്യൻ ലീഗ് അതിവേഗം മാറിക്കൊണ്ടിരിക്കുന്നു എന്നതിെൻറ വ്യക്തമായ തെളിവാണ് ലോകകപ്പിലെ റോഷൻ ലീഗിെൻറ ഈ ശക്തമായ സാന്നിധ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.