കുവൈത്തിനും ബഹ്റൈനുമെതിരായ ഇറാൻ ആക്രമണം; ശക്തമായി അപലപിച്ച് സൗദി അറേബ്യ

റിയാദ്: കുവൈത്തിനും ബഹ്റൈനുമെതിരെ ഇറാൻ നടത്തിയ ക്രൂരമായ ആക്രമണത്തെയും ഇരുരാജ്യങ്ങളുടെയും പരമാധികാരത്തിന്മേലുള്ള നഗ്നമായ കടന്നുകയറ്റത്തെയും സൗദി അറേബ്യ ഏറ്റവും ശക്തമായ ഭാഷയിൽ അപലപിച്ചു. കുവൈത്ത്​ അന്താരാഷ്​​്രഃട വിമാനത്താവളത്തിനും രാജ്യത്തെ മറ്റ് ചില സുപ്രധാന സ്ഥാപനങ്ങൾക്കും നേരെ ഉണ്ടായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് സൗദി വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിലൂടെ തങ്ങളുടെ കടുത്ത പ്രതിഷേധം അറിയിച്ചത്.

അന്താരാഷ്​ട്ര നിയമങ്ങളുടെയും യു.എൻ ചാർട്ടറി​െൻറയും നഗ്​നമായ ലംഘനമാണ് ഈ ആക്രമണമെന്ന് ചൂണ്ടിക്കാണിച്ച സൗദി അറേബ്യ, സഹോദര ഗൾഫ് രാജ്യങ്ങളുടെ പരമാധികാരത്തെയും സുരക്ഷയെയും ബാധിക്കുന്ന ഇത്തരം നടപടികളെ പൂർണമായി തള്ളിക്കളയുന്നതായി വ്യക്തമാക്കി. പശ്ചിമേഷ്യൻ മേഖലയിൽ സമാധാനവും സുരക്ഷിതത്വവും പുനഃസ്ഥാപിക്കാനുള്ള അന്താരാഷ്​ട്ര ശ്രമങ്ങളെ തകിടം മറിക്കുന്നതാണ് ഇത്തരം നിയമലംഘനങ്ങളെന്നും സൗദി മന്ത്രാലയം ഓർമിപ്പിച്ചു.

സഹോദര രാജ്യങ്ങളായ ബഹ്റൈനും കുവൈത്തിനുമുള്ള സൗദി അറേബ്യയുടെ ഐക്യദാർഢ്യവും പൂർണ പിന്തുണയും രാജ്യം ഒരിക്കൽ കൂടി ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. സ്വന്തം സുരക്ഷയും സ്ഥിരതയും പരമാധികാരവും സംരക്ഷിക്കുന്നതിനായി ഇരുരാജ്യങ്ങളും സ്വീകരിക്കുന്ന എല്ലാ മുൻകരുതലുകൾക്കും ഭരണപരമായ നടപടികൾക്കും സൗദി അറേബ്യയുടെ പൂർണ പിന്തുണയുണ്ടാകും.

ആക്രമണത്തിൽ ജീവൻ നഷ്​ടപ്പെട്ട പൗര​െൻറ വിയോഗത്തിൽ കുവൈത്ത്​ സർക്കാരിനോടും ജനങ്ങളോടും രാജ്യം ആഴത്തിലുള്ള അനുശോചനം രേഖപ്പെടുത്തി. കൂടാതെ, സംഭവത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും സൗദി അറേബ്യ ആശംസിച്ചു.

Tags:    
News Summary - Saudi Arabia strongly condemns Iran's attacks on Kuwait and Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.