റിയാദ്: സൗദി അറേബ്യ ഉൾപ്പടെയുള്ള ഗൾഫ് രാജ്യങ്ങളിലെ നിയമ മാറ്റങ്ങളുടെ അലയൊലികൾ ആദ്യം പ്രതിഫലിക്കുന്നത് കേരളത്തിലാണ്. നിയമഭേദഗതി പ്രഖ്യാപനം നടക്കുമ്പോൾ തന്നെ കേരളത്തിലെ വ്യത്യസ്ത മേഖലകളിൽ ചലനമുണ്ടാകും. സൗദിയിൽ വിദേശികൾക്ക് ഭൂമിയും കെട്ടിടങ്ങളുമടക്കം റിയൽ എസ്റ്റേറ്റ് സ്വന്തമാക്കാൻ അനുവാദം നൽകുന്ന നിയമത്തിന് കഴിഞ്ഞയാഴ്ച ജിദ്ദയിൽ ചേർന്ന സൗദി മന്ത്രിസഭ യോഗം അംഗീകാരം നൽകിയിരുന്നു.
2026 ജനുവരി ഒന്നു മുതൽ വിദേശികൾക്ക് സൗദിയിൽ വസ്തു വാങ്ങാൻ അനുമതി നൽകുന്ന ഈ നിയമത്തിന്റെ പ്രഖ്യാപനവും കേരളത്തിനെ ബാധിക്കും, റിയൽ എസ്റ്റേറ്റ് മേഖലയിൽ. വിവിധ കാരണങ്ങളാൽ കഴിഞ്ഞ കുറച്ചുവർഷങ്ങളായി കേരളത്തിൽ വസ്തുവില്പന രംഗത്ത് വലിയ രീതിയിലുള്ള ഇടിവുണ്ട്. ഇതിന് പ്രധാന കാരണമായി വിലയിരുത്തുന്നത് ഗൾഫ് പ്രവാസി സമൂഹത്തിലുണ്ടാകുന്ന സാംസ്കാരിക മാറ്റമാണ്.
യു.എ.ഇയിൽ കഴിഞ്ഞ കുറച്ചുകാലങ്ങളായി കുറഞ്ഞ തുകക്കും ലളിതമായ വ്യവസ്ഥയിലും ഫ്ലാറ്റുകളും വില്ലകളും വില്പന സജീവമാണ്. ഇത് വാങ്ങാനും അവിടെ സ്ഥിരതാമസമാക്കാനും സാധാരണക്കാരായ മലയാളിൽ പ്രവാസികൾ പോലും മാനസികമായി പാകപ്പെടുന്നു എന്നതാണ് ഈ മാറ്റത്തിന് കാരണം. ‘നാളീകേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട്’ എന്ന ചൊല്ല് ‘ഈന്തപ്പനയുടെ നാട്ടിൽ നാഴിയിടങ്ങഴി മണ്ണുണ്ട്’ എന്ന് പ്രവാസികൾ അഭിമാനം കൊള്ളുന്ന സ്ഥിതിയിലേക്ക് മാറുന്ന വലിയ മാറ്റത്തിനാണ് പുതിയ കാലം സാക്ഷ്യം വഹിക്കുന്നത്.
കേരളത്തിൽ വലിയ വിലയുള്ള വസ്തുക്കൾ വാങ്ങുന്നതിൽ സൗദിയിൽ ജോലി ചെയ്യുന്ന മലയാളികളായിരുന്നു മുൻ നിരയിൽ. എന്നാൽ സൗദി കിരീടാവകാശിയുടെ സ്വപ്ന പദ്ധതിയായ ‘വിഷൻ 2030’യുടെ ഭാഗമായി സൗദിയിൽ വിദേശികൾക്ക് നിക്ഷേപം ഇറക്കാനുള്ള സാധ്യത തെളിഞ്ഞതോടെ മലയാളികൾ ഉൾപ്പടെയുള്ള ചെറുതും വലുതുമായ നിക്ഷേപകർ വിവിധ ബിസിനസ് മേഖലകളിൽ നിക്ഷേപിച്ചു തുടങ്ങിയിരുന്നു.
ഇതിനിടയിലാണ് ബിനാമി ബിസിനസ് ചെയ്യുന്നവർക്ക് നിരുപാധികം കീഴടങ്ങാനും അവരുടെ സ്ഥാപനം സ്വന്തം പേരിൽ രജിസ്റ്റർ ചെയ്യാനും പുതിയ സേവന-ട്രേഡിങ്ങ് ബിസിനസുകൾ ആരംഭിക്കാനും സൗദി വാണിജ്യ മന്ത്രാലയം നിയമം പരിഷ്കരിച്ചത്. ഇതോടെ നൂറുകണക്കിന് മലയാളികളാണ് ഈ അവസരം ഉപയോഗിച്ച് സൗദിയിൽ നിക്ഷേപമിറക്കി സ്വയം സംരംഭകരായി മാറിയത്. ഇതോടെ നാട്ടിലേക്കുള്ള പണത്തിന്റെ ഒഴുക്ക് ഗണ്യമായി കുറഞ്ഞു.
ഇത് ഏറ്റവും കൂടുതൽ ബാധിച്ചത് കേരളത്തിലെ റിയൽ എസ്റ്റേറ്റ് മേഖലയെയാണ്. സൗദിയിൽ നിക്ഷേപസാധ്യത തെളിഞ്ഞതോടെ വരുമാനം കുറവും എന്നാൽ മുടക്ക് കൂടുതലുമുള്ള കേരളത്തിലെ വസ്തുക്കൾ വിറ്റ് സൗദി ഉൾപ്പടെയുള്ള ഗൾഫ് രാജ്യങ്ങളിൽ നിക്ഷേപിക്കുന്ന പ്രവാസികളുടെ എണ്ണത്തിലും വർധനവുണ്ട്. ഇത് മലയാളികളോ ഇന്ത്യക്കാരോ മാത്രമല്ല. ലോകത്തിന്റെ വിവിധ കോണുകളിൽനിന്ന് ഗൾഫിലേക്ക് ഇത്തരം നിക്ഷേപങ്ങളെത്തുന്നുണ്ട്.
ഇത് സൂചിപ്പിക്കുന്നതാണ് കഴിഞ്ഞദിവസം സൗദി സെൻട്രൽ ബാങ്ക് പുറത്തുവിട്ട റിപ്പോർട്ട്. രാജ്യത്തേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ റെക്കോർഡ് വർധനയാണ് രേഖപ്പെടുത്തിയെന്നാണ് സെൻട്രൽ ബാങ്ക് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്. 2025ന്റെ ആദ്യ പാദത്തിൽ 3.05 ലക്ഷം കോടി റിയാലാണ് സൗദിയിലെത്തിയ വിദേശ നിക്ഷേപം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 16 ശതമാനമാണ് കുതിപ്പുണ്ടായിരിക്കുന്നത്.
ഏതൊക്കെ രാജ്യങ്ങളിൽ നിന്നാണെന്ന് വക തിരിച്ചു പറഞ്ഞിട്ടില്ലെങ്കിലും ഇന്ത്യയിൽ നിന്നുള്ള നിക്ഷേപവും ഇക്കൂട്ടത്തിലുണ്ട്. 2026 ജനുവരി ഒന്നു മുതൽ സൗദിയിൽ സാധാരണ താമസരേഖ (ഇഖാമ)യുള്ളവർക്ക് വസ്തു വാങ്ങാനുള്ള നിയമം പ്രാബല്യത്തിലാകും.
ഇതോടെ കുറഞ്ഞ ശമ്പളക്കാർ ഉൾപ്പടെ സൗദിയിൽ റിയൽ എസ്റ്റേറ്റിൽ മുടക്കി തുടങ്ങും. ഒറ്റക്കും കൂട്ടമായും വസ്തു വാങ്ങുകയും വിൽപന നടത്തുകയും ചെയ്ത് സൗദിയിൽ പണം സമ്പാദിക്കാനുള്ള സാധ്യത കൂടും.
ഇതോടെ കേരളത്തിൽ വസ്തു വാങ്ങുന്നവരുടെ എണ്ണം ഗണ്യമായി കുറയാനും നിലവിലുള്ള വലിയ വിലയുള്ള വസ്തുക്കളുടെ വില്പന സ്തംഭിക്കാനും സാധ്യത ഏറെയാണ്. ഒരിക്കലും മുതൽ മുടക്കിൽ നഷ്ടം വരാതെ വാങ്ങിയ വസ്തുവിൽ കുറച്ചു വിൽക്കേണ്ട സാഹചര്യവും തള്ളാനാകില്ല എന്നാണ് ഈ റിയൽ എസ്റ്റേറ്റ് മേഖലയിലെ പരിചയസമ്പന്നർ വിലയിരുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.