സൗദിയിലെ ആദ്യ വനിത റേഞ്ചർമാർ ചെങ്കടലിൽ
ദമ്മാം: മാറ്റത്തിെൻറ കാറ്റുവീശുന്ന സൗദി അേറബ്യയിൽ ഏതാണ്ടെല്ലാ മേഖലയിലും വനിതകൾ സാന്നിധ്യം ഉറപ്പിക്കുകയാണ്. ഒടുവിൽ പുരുഷന്മാരുടെ കുത്തകയായിരുന്ന സമുദ്രാതിർത്തി സംരക്ഷണത്തിലും സ്ത്രീ പങ്കാളിത്തം ആയിക്കഴിഞ്ഞിരിക്കുന്നു. 178 കിലോമീറ്റർ ചെങ്കടൽ തീരവും കടലിലെ സൗദി അതിർത്തിയും ഇനി പെൺ കാവൽഭടന്മാരുടെ കൂടി ജാഗ്രതയിൻ കീഴിലാകും. നിലവിലെ സൗദി ബോർഡർ ഗാർഡ് യൂനിറ്റിെൻറ ഭാഗമായി ഫീമെയിൽ കോർപ്സും പട്രോളിങ് നടത്തും. അമീർ മുഹമ്മദ് ബിൻ സൽമാൻ റോയൽ റിസർവ് സംഘത്തിെൻറ യൂനിറ്റുകളാണ് കടൽതീരത്തുകൂടി കാവലൊരുക്കാൻ എത്തുന്നത്. മിഡിൽ ഈസ്റ്റിലെ ആദ്യത്തെ ഫീമെയിൽ സീ റേഞ്ചർ കോർപ്സായി പുതിയ ചരിത്രം രചിക്കുകയാണ്.
ഏഴു വനിതകളാണ് മറൈൻ റേഞ്ചർമാരുടെ ആദ്യ സംഘത്തിലുള്ളത്. റോയൽ റിസർവിൽ മൂന്നു വർഷമായി സേവനമനുഷ്ഠിക്കുന്ന റുഖയ്യ അവാദ് അൽ ബലാവിയുടെ നേതൃത്വത്തിലാണ് ഈ സംഘം. ആദ്യത്തെ ഫീമെയിൽ റേഞ്ചറാണ് റുഖയ്യ. നീന്തലിലും ആയുധ ഉപയോഗത്തിലും പെട്ടെന്ന് തീരുമാനമെടുത്ത് പ്രവർത്തിക്കുന്നതിലും അതികഠിനമായ പരിശീലനം പൂർത്തിയാക്കിയവരാണ് സംഘത്തിലുള്ളത്. പ്രഥമശുശ്രൂഷ, സ്വയം പ്രതിരോധം, സംരക്ഷണ സാങ്കേതിക വിദ്യകൾ, പട്രോളിങ്, പാരിസ്ഥിതിക നിരീക്ഷണം എന്നിവക്കും പരിശീലനം ലഭിച്ചിട്ടുണ്ട്.
സംഘത്തിലെ അൽവാജ് തീരദേശ പട്ടണത്തിൽനിന്നുള്ള ഗൈദ, രണ്ട് വർഷമായി റേഞ്ചറായി സേവനം അനുഷ്ഠിക്കുന്നു. റോയൽ റിസർവിെൻറ നീന്തൽ പരിശീലന പരിപാടിയിൽ ചേർന്ന ആദ്യ കോർപുകളിൽ ഒരാളുമാണ്. കടലിലെ നീന്തൽ ഏറെ ആത്മവിശ്വാസം നൽകിയതായി അവർ പറഞ്ഞു. തീരപ്രദേശത്ത് പട്രോളിങ് നടത്തുക, സമുദ്രജീവികളെ നിരീക്ഷിക്കുക, പരിസ്ഥിതി നിയന്ത്രണങ്ങൾ നടപ്പാക്കുക, സമുദ്ര ഗവേഷണത്തിനും ആവാസവ്യവസ്ഥ പുനഃസ്ഥാപന ശ്രമങ്ങൾക്കും സംഭാവന നൽകുക എന്നിവയാണ് ഫീമെയിൽ മറൈൻ റേഞ്ചർമാരുടെ ദൗത്യം. കടലിൽ നീന്തുന്നതിനും ജോലിചെയ്യുന്നതിനും ശാരീരികവും സാങ്കേതികവുമായ കഴിവുകൾ ഉപയോഗിച്ച് തീവ്ര നീന്തൽ പരിശീലനം പൂർത്തിയാക്കിയതിനു ശേഷം ജോലിയുടെ ശാരീരിക ആവശ്യങ്ങൾക്കുള്ള സന്നദ്ധത ഉറപ്പാക്കാൻ അവരുടെ ഫിറ്റ്നസ് മാസങ്ങളോളം പരിശോധിച്ചതിനുശേഷമാണ് പുതിയ ദൗത്യത്തിലേക്ക് നിയോഗിക്കപ്പെട്ടിട്ടുള്ളത്.
ആഗോളതലത്തിൽ മറൈൻ റേഞ്ചർമാരിൽ 11 ശതമാനം പേർ മാത്രമാണ് സ്ത്രീകളുള്ളത്. കൂടാതെ കടൽ സമ്പദ് വ്യവസ്ഥയിൽ പ്രവർത്തിക്കുന്നവരിൽ വെറും ഒരു ശതമാനം മാത്രമാണ് സ്ത്രീകൾ. അത്തരമൊരു സാഹചര്യത്തിൽ ഈ മേഖലയിൽ സ്ത്രീകൾക്ക് മാത്രമായി സൗദി പ്രത്യേക സംഘംതന്നെ രൂപവത്കരിച്ചത് ലോകത്തിെൻറ സവിശേഷ ശ്രദ്ധയാകർഷിച്ചിരിക്കുകയാണ്. പുതിയ വനിത റേഞ്ചർ സംഘത്തെ പ്രഖ്യാപിച്ചതോടെ കൂടുതൽ സ്ത്രീകൾ സാഹസികമായ ഈ പുതിയ ദൗത്യത്തിലേക്ക് എത്തിപ്പെടാൻ താൽപര്യം കാണിക്കുന്നതായും അധികൃതർ പറഞ്ഞു.
2030 ആകുമ്പോഴേക്കും ഭൂമിയുടെ കരയുടെയും കടലിെൻറയും 30 ശതമാനം സംരക്ഷിക്കുക എന്ന ആഗോള ലക്ഷ്യത്തിലേക്ക് സൗദി അറേബ്യ പുരോഗമിക്കുമ്പോൾ, രാജ്യത്ത് വൈദഗ്ധ്യമുള്ള തദ്ദേശീയ റേഞ്ചർ ടീമുകളെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം. സ്ത്രീ റേഞ്ചർമാരിൽനിന്ന് മികച്ച സേവനമാണ് ലഭ്യമാകുന്നതെന്നും അവർ പറഞ്ഞു.നിരീക്ഷണം നടത്തുകയും ഡേറ്റ ശേഖരിക്കുകയും സമുദ്ര പരിസ്ഥിതിയെ ഉറപ്പാക്കുകയും ചെയ്യുന്നതിൽ സ്ത്രീകൾ മുൻപന്തിയിലാണ്.
സൗദി ഗ്രീൻ ഇനിഷ്യേറ്റിവിെൻറ ലക്ഷ്യങ്ങളും ‘റീവൈൽഡ് അറേബ്യ’എന്ന റിസർവിെൻറ ദൗത്യവും കൈവരിക്കുന്നതിൽ വനിത റേഞ്ചർമാർക്ക് വലിയ ഉത്തരവാദിത്തമാണുള്ളത്. പാരിസ്ഥിതിക നിരീക്ഷണം, വന്യജീവി പരിപാലനം, വികസന പദ്ധതികളിൽ പരിസ്ഥിതി അനുസരണം ഉറപ്പാക്കൽ എന്നിവ അവരുടെ ചുമതലകളാണ്. 2024 ജൂലൈയിൽ ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ ഡൊമിനിക് ഡു ടോയിറ്റിെൻറ നേതൃത്വത്തിൽ നീന്തൽ, സമുദ്ര സംരക്ഷണ പരിശീലന പരിപാടി ആരംഭിച്ചതോടെയാണ് സ്ത്രീകളെ ഈ മേഖലയിൽ പരിശീലിപ്പിച്ചെടുക്കാൻ സാധിച്ചത്.
സൗദി അറേബ്യയുടെ 1.8 ശതമാനം പ്രാദേശിക ജലാശയങ്ങൾ ഉൾക്കൊള്ളുന്ന റോയൽ റിസർവിെൻറ സമുദ്ര മേഖല, രാജ്യത്തിെൻറ 64 ശതമാനം പവിഴപ്പുറ്റ് ഇനങ്ങളുടെയും 22 ശതമാനം മത്സ്യയിനങ്ങളുടെയും ഹോക്സ്ബിൽ, പച്ച ആമകൾ, സ്പിന്നർ ഡോൾഫിനുകൾ, ഡുഗോങ്ങുകൾ, തിമിംഗല സ്രാവുകൾ എന്നിവയുൾപ്പെടെ വംശനാശഭീഷണി നേരിടുന്ന സമുദ്രജീവികളുടെയും ആവാസ കേന്ദ്രമാണ്.രാജ്യത്തിെൻറ ഏറ്റവും പാരിസ്ഥിതിക പ്രാധാന്യമുള്ള സമുദ്ര മേഖലകളിലൊന്നിനെ സംരക്ഷിക്കാൻ സഹായിക്കുന്ന രണ്ട് പട്രോൾ ബോട്ടുകളാണ് റിസർവിലെ സീ റേഞ്ചർമാരുടെ സംരക്ഷണം ഉറപ്പാക്കാൻ പ്രവർത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.