ജിദ്ദ: സൗദിയിൽ നിലവിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന പുതിയ കോവിഡ് കേസുകളിൽ 75 ശതമാനവും ആളുകളുടെ തെറ്റായ പെരുമാറ്റവും കോവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നതിലെ വീഴ്ചകളുംകൊണ്ടാണെന്ന് ആരോഗ്യവകുപ്പിലെ ഉപമന്ത്രിയും മന്ത്രാലയ വക്താവുമായ ഡോ. മുഹമ്മദ് അബ്ദു അൽഅലി. രാജ്യത്തെ കോവിഡ് കേസുകളുടെ കണക്കുകൾ വിവരിക്കാനായി നടത്തുന്ന പതിവ് വാർത്തസേമ്മളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനുവരി തുടക്കത്തിൽ ദിനംപ്രതിയുണ്ടായ പുതിയ കേസുകളുടെ എണ്ണത്തേക്കാൾ 200 ഇരട്ടി വർധനയാണ് നിലവിൽ ദിവസേന റിപ്പോർട്ട് ചെയ്യുന്നത്. ധാരാളം ആളുകൾ ഒരുമിച്ചുകൂടുന്ന കുടുംബ പരിപാടികളിലൂടെയോ കല്യാണപാർട്ടികളിലൂടെയോ ആണ് കേസുകൾ വർധിക്കുന്നത്. പകർച്ചവ്യാധി ഇത്രയധികം വ്യാപിച്ച സാഹചര്യങ്ങളിലും ആവശ്യമായ മുൻകരുതലുകൾ എടുക്കാതെ പരസ്പരം ഹസ്തദാനം ചെയ്യുക, മാസ്ക് ധരിക്കാതിരിക്കുക, സമൂഹ അകലം പാലിക്കാതിരിക്കുക തുടങ്ങിയവയാണ് ഇത്തരം കൂടിച്ചേരലുകളിൽ കാണുന്നത്.
രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും കേസുകൾ വീണ്ടും വ്യാപിക്കുന്നതായി ഒരാഴ്ചത്തെ കണക്കുകളുടെ പ്രദേശം തിരിച്ച മാപ്പ് പ്രദർശിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ആഴ്ചകളിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം കൂടിവരുന്നതോടൊപ്പംതന്നെ ചികിത്സയിലുള്ളവരിൽ ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. ജനുവരി പകുതി ഉണ്ടായിരുന്നതിനേക്കാൾ 20 ശതമാനം വർധനയാണ് ഇക്കാര്യത്തിൽ ഉണ്ടായിട്ടുള്ളത്. ഈ സൂചകങ്ങളെല്ലാം ആശങ്കയുണ്ടാക്കുന്ന കാര്യങ്ങളാണ്. കൂടുതൽ ജാഗ്രതയോടെ ഓരോരുത്തരും സ്വന്തം ജീവിതത്തെയും മറ്റുള്ളവരുടെ ജീവിതത്തെയും അപകടത്തിലാക്കാതിരിക്കേണ്ടതിന് ഏറെ പ്രാധാന്യമുണ്ട്.
കോവിഡ് വാക്സിനേഷൻ എടുക്കുന്നവരിലും വൈറസ് ബാധ ഉണ്ടാകാമെന്നും കുത്തിവെപ്പ് അവരുടെ പ്രതിരോധത്തെ വർധിപ്പിക്കുമെന്നതും രോഗം വരുന്നത് ഒരു പരിധിവരെ തടയുമെന്നതല്ലാതെ മറ്റുള്ളവരിലേക്ക് രോഗം പടരുന്നത് തടയാനാകില്ലെന്നും ആരോഗ്യ മന്ത്രാലയ അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി ഡോ. അബ്ദുല്ല അസിരി പറഞ്ഞു. വാക്സിനുകൾ രോഗത്തെ എത്രമാത്രം തടയുമെന്നതോ മറ്റുള്ളവരിലേക്ക് രോഗം പടർത്തുന്നത് എത്രമാത്രം തടയുമെന്നതോ ഇപ്പോൾ പറയാനാകില്ല. അംഗീകൃത വാക്സിൻ രണ്ട് ഡോസുകൾ പൂർത്തിയാക്കുന്നതോടെ കോവിഡ് മുൻകരുതൽ നടപടികൾ പാലിക്കുന്നത് നിർത്താൻ പാടില്ലെന്നും നിലവിലെ നിയമങ്ങൾ വാക്സിൻ എടുത്തവർക്കും ബാധകമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.