റിയാദ്: ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള വിശ്വാസികൾ പുണ്യഭൂമിയിലേക്ക് ഒഴുകിയെത്തുന്നതോടെ മറ്റൊരു ഹജ്ജ് തീർത്ഥാടന കാലത്തിന് തുടക്കമായിരിക്കുകയാണ്. ഏപ്രിൽ 18 മുതൽ തീർഥാടകർ എത്തിത്തുടങ്ങിയ മക്ക, വരും ദിവസങ്ങളിൽ ഭക്തിസാന്ദ്രമായ മനുഷ്യമഹാസാഗരമായി മാറും. ലോകത്തിലെ ഏറ്റവും വലിയ ഈ മനുഷ്യസംഗമത്തിൽ ഓരോ തീർഥാടകന്റെയും സുരക്ഷയും സൗകര്യങ്ങളും ഉറപ്പുവരുത്തുന്നതിനായി വിപുലമായ സജ്ജീകരണങ്ങളാണ് സൗദി ഭരണകൂടം പൂർത്തിയാക്കിയിരിക്കുന്നത്. എന്നാൽ, ഈ ക്രമീകരണങ്ങളുടെ താളം തെറ്റിക്കുന്ന ‘അനധികൃത ഹജ്ജ്’ രീതികൾക്കെതിരെ അധികൃതർ ശക്തമായ മുന്നറിയിപ്പ് നൽകുന്നു.
ഹജ്ജ് പെർമിറ്റ് സംബന്ധിച്ച നിയമങ്ങൾ കർശനമായി പാലിക്കണമെന്നും മക്കയുടെയും മസ്ജിദുൽ ഹറാമിെൻറയും പവിത്രത കാത്തുസൂക്ഷിക്കണമെന്നും ഹറം ഇമാം ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് വിശ്വാസികളെ ഓർമിപ്പിക്കുന്നു. ജനത്തിരക്ക് നിയന്ത്രിക്കാനും തീർഥാടകരുടെ ജീവൻ സംരക്ഷിക്കാനുമാണ് ഹജ്ജ് പെർമിറ്റ് നിർബന്ധമാക്കിയിട്ടുള്ളത്. നിയമവിരുദ്ധമായി പുണ്യഭൂമിയിലേക്ക് കടക്കാൻ ശ്രമിക്കുന്നത് സുരക്ഷാ സംവിധാനങ്ങളെ ഗുരുതരമായി ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തീർഥാടന സേവനങ്ങൾ സുഗമമാക്കുന്നതിനായി ഈ വർഷം മുതൽ ‘നുസുക് കാർഡ്’ മന്ത്രാലയം നിർബന്ധമാക്കിയിട്ടുണ്ട്. മിന, അറഫ, മുസ്ദലിഫ തുടങ്ങിയ പുണ്യസ്ഥലങ്ങളിൽ പ്രവേശിക്കുന്നതിനും വിവിധ സേവനങ്ങൾ ലഭ്യമാക്കുന്നതിനും ഈ സ്മാർട്ട് കാർഡ് കൈവശം വെക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
ഹജ്ജ് നിയമങ്ങൾ ലംഘിക്കുന്നവർക്ക് കടുത്ത ശിക്ഷാനടപടികളാണ് സൗദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്. മതിയായ പെർമിറ്റില്ലാതെ ഹജ്ജിനെത്തുന്നവർക്ക് 10,000 റിയാൽ മുതൽ 20,000 റിയാൽ വരെ പിഴ ചുമത്തും. ഇത്തരത്തിൽ പിടിയിലാകുന്ന വിദേശികളെ നാടുകടത്തുകയും 10 വർഷത്തേക്ക് രാജ്യത്ത് പ്രവേശന വിലക്ക് ഏർപ്പെടുത്തുകയും ചെയ്യും.
അനധികൃത തീർഥാടകർക്ക് ഗതാഗതമോ താമസ സൗകര്യമോ മറ്റ് സഹായങ്ങളോ നൽകുന്നവർക്ക് 50,000 റിയാൽ പിഴയും തടവുശിക്ഷയുമാണ് ലഭിക്കുക. നിലവിൽ ടൂറിസ്റ്റ്, വിസിറ്റ് വിസകളിൽ രാജ്യത്തുള്ളവർക്ക് മക്കയിലേക്ക് പ്രവേശനം അനുവദിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
വ്യാജ ഹജ്ജ് വാഗ്ദാനം നൽകി വിശ്വാസികളെ വഞ്ചിക്കുന്ന തട്ടിപ്പ് സംഘങ്ങൾക്കെതിരെയും ജാഗ്രത പാലിക്കണം. സോഷ്യൽ മീഡിയ വഴിയുള്ള വ്യാജ പ്രചാരണങ്ങളിൽ വീഴരുതെന്നും ഹജ്ജ് കർമങ്ങൾക്കായി ‘നുസുക്’ പ്ലാറ്റ്ഫോം പോലുള്ള ഔദ്യോഗിക സംവിധാനങ്ങൾ മാത്രം ഉപയോഗിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. വ്യാജ വാഗ്ദാനങ്ങൾ നൽകി തീർഥാടകരെ വഞ്ചിച്ച നിരവധി സംഘങ്ങളെ ഇതിനകം സുരക്ഷാ സേന പിടികൂടിയിട്ടുണ്ട്.
നിയമങ്ങൾ ലംഘിച്ചും പിൻവാതിലിലൂടെയും നടത്തുന്ന തീർഥാടനത്തേക്കാൾ, പുണ്യസ്ഥലത്തിെൻറ മഹിമ കാത്തുസൂക്ഷിച്ചുകൊണ്ട് നിയമപരമായ മാർഗങ്ങളിലൂടെ ഹജ്ജ് നിർവഹിക്കുന്നതിലാണ് മഹത്വമുള്ളത്. ശാന്തതയോടെയും അച്ചടക്കത്തോടെയും കർമങ്ങൾ പൂർത്തിയാക്കി സുരക്ഷിതമായി മടങ്ങാൻ നിയമങ്ങൾ പാലിക്കണമെന്ന് ഭരണകൂടം അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.