ജിദ്ദ: നിശ്ചിത ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ സർവീസ് നടത്തിയ ഡെലിവറി ഡ്രൈവർക്കെതിരെ സൗദി ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി (ടി.ജി.എ) കർശന നടപടി സ്വീകരിച്ചു. ജിദ്ദ നഗരത്തിൽ വിതരണത്തിനായി ഉപയോഗിച്ചിരുന്ന വാഹനത്തിലെ അമിതമായ ശുചിത്വക്കുറവ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് അധികൃതർ നടപടിയെടുത്തത്.
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിയ അതോറിറ്റി, നിയമലംഘനം നടത്തിയ ഡ്രൈവറെയും അദ്ദേഹം പ്രതിനിധീകരിക്കുന്ന ഡെലിവറി കമ്പനിയെയും കണ്ടെത്തി. പരിശോധനയിൽ വാഹനത്തിന്റെയും ഡെലിവറിക്ക് ഉപയോഗിക്കുന്ന അനുബന്ധ സാമഗ്രികളുടെയും ശുചിത്വനിലവാരം അതീവ ഗുരുതരമായ സാഹചര്യത്തിലാണെന്ന് ബോധ്യപ്പെട്ടതിനെത്തുടർന്ന് ഡ്രൈവറെ ജോലിയിൽ നിന്ന് താൽക്കാലികമായി വിലക്കി.
ഉപഭോക്താക്കളുടെ ആരോഗ്യ സുരക്ഷക്കും സേവനങ്ങളുടെ ഗുണനിലവാരത്തിനുമാണ് പ്രഥമ പരിഗണന നൽകുന്നതെന്ന് ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി വ്യക്തമാക്കി. പ്രവർത്തന നിബന്ധനകളുടെ നഗ്നമായ ലംഘനമാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന ഇത്തരം നിയമലംഘനങ്ങളിൽ ഒരുവിധ വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും കുറ്റക്കാർക്കെതിരെ ശക്തമായ ശിക്ഷാനടപടികൾ തുടരുമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി.
ഡെലിവറി മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും സർക്കാർ നിർദേശിച്ചിട്ടുള്ള സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് അതോറിറ്റി ആവശ്യപ്പെട്ടു. സേവന നിലവാരം ഉറപ്പുവരുത്തുന്നതിനൊപ്പം, തങ്ങളുടെ കീഴിലുള്ള ഡ്രൈവർമാർ കൃത്യമായ മാനദണ്ഡങ്ങൾ പിന്തുടരുന്നുണ്ടെന്ന് കമ്പനികൾ ഉറപ്പുവരുത്തണമെന്നും ടി.ജി.എ. നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.