റിയാദ് നഗരത്തിൽ വികസന പ്രവൃത്തികൾ നടക്കുന്ന ഇമാം മുസ്ലിം റോഡ്
റിയാദ്: സൗദി തലസ്ഥാനത്തെ ഗതാഗതക്കുരുക്കിന് പരിഹാരമായി ഇമാം മുസ്ലിം റോഡ് വികസന പദ്ധതിയുടെ പ്രവൃത്തികൾ ആരംഭിച്ചു. റിയാദ് നഗരത്തിനായുള്ള റോയൽ കമീഷൻ നടപ്പാക്കുന്ന പ്രധാന പാതകളുടെയും റിങ് റോഡുകളുടെയും വികസനത്തിനായുള്ള രണ്ടാം ഘട്ട പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ നിർമാണം.
വടക്ക് ദിശയിൽ ദീരാബ് റോഡിലേക്കുള്ള ഭാഗത്താണ് നിലവിൽ പ്രവൃത്തികൾ പുരോഗമിക്കുന്നത്. ഏകദേശം 12 കിലോമീറ്റർ ദൈർഘ്യത്തിലാണ് ഇമാം മുസ്ലിം റോഡ് നവീകരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി 150 മീറ്റർ വീതം നീളമുള്ള നാല് കൂറ്റൻ മേൽപാലങ്ങൾ നിർമിക്കും. ആധുനിക ഗതാഗത സംവിധാനങ്ങൾ ഉൾക്കൊള്ളുന്ന പാതയിൽ ഓരോ വശത്തും മൂന്ന് വരി പ്രധാന റോഡും രണ്ട് വരി സർവീസ് റോഡുകളും ഉണ്ടായിരിക്കും. നിർമാണം പൂർത്തിയാകുന്നതോടെ പ്രതിദിനം രണ്ട് ലക്ഷം വാഹനങ്ങളെ ഉൾക്കൊള്ളാൻ ഈ പാതക്ക് ശേഷിയുണ്ടാകും.
മേഖലകൾക്ക് വലിയ ആശ്വാസമാകുന്ന ഈ പദ്ധതി, സൗത്ത് റിങ് റോഡിനെയും ദീരാബ് റോഡിനെയും തമ്മിൽ നേരിട്ട് ബന്ധിപ്പിക്കും. നഗരത്തിലെ പ്രധാന പാതകളിലെ തിരക്ക് കുറക്കാനും വേഗത്തിലുള്ള യാത്രാസൗകര്യം ഉറപ്പാക്കാനും ഇതിലൂടെ സാധിക്കും. നിർമാണ പ്രവർത്തനങ്ങൾ പ്രമാണിച്ച് ശനിയാഴ്ച മുതൽ ഇമാം മുസ്ലിം റോഡിൽ പുതിയ ഗതാഗത നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നു. അൽ ഇഅ്തിദാൽ, അറഫാത്ത് റോഡ് ജങ്ഷനുകളിലെ ഗതാഗതം സർവീസ് റോഡുകളിലൂടെയും പ്രത്യേകം തയ്യാറാക്കിയ ബദൽ പാതകളിലൂടെയുമാണ് തിരിച്ചുവിട്ടിരിക്കുന്നത്.
യാത്രക്കാരുടെ സൗകര്യാർഥം നിർമാണ മേഖലകളിൽ ദിശാസൂചകങ്ങളും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ, ഡിജിറ്റൽ മാപ്പുകളിൽ കൃത്യമായ മാറ്റങ്ങൾ വരുത്തുകയും പദ്ധതിയുടെ ഏറ്റവും പുതിയ വിവരങ്ങൾ ലഭ്യമാക്കാൻ റോയൽ കമീഷൻ വെബ്സൈറ്റിൽ പ്രത്യേക പേജ് സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്. സുഗമമായ വാഹനസഞ്ചാരം ഉറപ്പാക്കാൻ അധികൃതർ നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്ന് റോയൽ കമീഷൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.