ബത്ഹയിലെ നാഷനൽ മ്യൂസിയം മെട്രോ സ്റ്റേഷനോട്
ചേർന്ന് പ്രവർത്തനം ആരംഭിച്ച ബസ് സ്റ്റേഷൻ
റിയാദ്: ബത്ഹയിൽ യാത്രാകേന്ദ്രമായി പുതിയ ബസ് സ്റ്റേഷനും. സൗദി തലസ്ഥാന നഗരത്തിൽ വിപുലമായ പൊതുഗതാഗത സൗകര്യമൊരുക്കാനുള്ള ബൃഹത് പദ്ധതിയായ കിങ് അബ്ദുൽ അസീസ് പൊതുഗതാഗത സംവിധാനത്തിന് കീഴിൽ ബത്ഹയിൽ പുതിയ ബസ് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചു. റിയാദ് മെട്രോ നാഷനൽ മ്യൂസിയം സ്റ്റേഷനോട് ചേർന്നുള്ള ഈ ബസ് ടെർമിനൽ മേയ് അഞ്ചിന് ഔദ്യോഗികമായി തുറന്നെങ്കിലും പൂർണമായ പ്രവൃത്തിപഥത്തിലായത് അടുത്തദിവസങ്ങളിലാണ്.
നീല, പച്ച ട്രെയിനുകൾ സംഗമിക്കുന്ന മ്യൂസിയം സ്റ്റേഷനെയും നഗരത്തിന്റെ മുക്കുമൂലകളെയും ബന്ധിപ്പിക്കുന്ന ബസ് റൂട്ടുകളും ഇതോടെ ഒരിടത്ത് കേന്ദ്രീകരിക്കുന്നു. മെട്രോ ട്രെയിനും ബസും ചേർന്ന് പൊതുജനങ്ങൾക്ക് ഏറ്റവും സൗകര്യപ്രദമായ യാത്രസംവിധാനം ഒരുക്കുന്നു. മൂന്നു പതിറ്റാണ്ട് മുമ്പ് അസീസിയയിലേക്ക് പറിച്ചുനടും വരെ സൗദി അറേബ്യൻ പബ്ലിക് ട്രാൻസ്പോർട് കമ്പനി (സാപ്റ്റ്കോ)യുടെ പ്രധാന ബസ് സ്റ്റേഷൻ ബത്ഹയിലാണ് പ്രവർത്തിച്ചിരുന്നത്. രാജ്യത്തിനകത്തും പുറത്തുംനിന്നുള്ള മുഴുവൻ ബസ് സർവിസുകളും ഈ സ്റ്റേഷനിലാണ് എത്തിയിരുന്നത്. എട്ടു കിലോമീറ്ററകലെ അസീസിയയിൽ പുതിയ സ്റ്റേഷൻ പണിത് പബ്ലിക് ട്രാൻസ്പോർട്ട് സെൻറർ എന്ന പേരിൽ അങ്ങോട്ട് മാറ്റിയതോടെ ബത്ഹയുടെ പൊതുഗതാഗത കേന്ദ്രമെന്ന പ്രഭാവകാലം അവസാനിക്കുകയായിരുന്നു.
എന്നാൽ ഇപ്പോൾ റിയാദ് മെട്രോ, ബസ് സ്റ്റേഷനുകൾ വന്നതോടെ ബത്ഹയിൽ പൊതുഗതാഗതത്തിന്റെ പുതിയൊരു പ്രതാപകാലത്തിന് തുടക്കമായിരിക്കുകയാണ്. ഏറ്റവും കൂടുതൽ യാത്രക്കാരെ വഹിക്കുന്ന ബ്ലൂ മെട്രോയും വിവിധ മന്ത്രാലയങ്ങൾക്ക് അരികിലൂടെ കടന്നുപോകുന്ന ഗ്രീൻ മെട്രോയും സന്ധിക്കുന്ന നാഷനൽ മ്യൂസിയം സ്റ്റേഷനും യാത്രക്കാരുടെ ഏറ്റവും തിരക്കുള്ള അൽ ബത്ഹ സ്റ്റേഷനും ബത്ഹയിൽ പ്രവർത്തനം ആരംഭിച്ചപ്പോൾ തന്നെ പ്രതാപം വീണ്ടെടുക്കുന്ന സൂചനകൾ ലഭിച്ചിരുന്നു. ഇപ്പോൾ ബസ് സ്റ്റേഷൻ കൂടി പ്രവൃത്തി പഥത്തിലായതോടെ നഗരത്തിലെ ഏറ്റവും സജീവമായ യാത്ര കേന്ദ്രമായി ബത്ഹ മാറും. നഗരത്തിന്റെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന ദീർഘദൂര ബസ് സർവിസുകളെല്ലാം ഈ ബസ്
സ്റ്റേഷനിൽനിന്നാണ് ഓപറേറ്റ് ചെയ്യപ്പെടുന്നത്. വിവിധ റൂട്ടുകളിലേക്ക് ദീർഘദൂരം സർവിസ് നടത്തുന്ന 150, 160, 170, 916 എന്നീ ബസുകളാണ് ഈ ബസ് സ്റ്റേഷനിൽനിന്ന് പുറപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.