റിയാദ് നവോദയ സാംസ്കാരിക വേദി പൂക്കോയ തങ്ങൾക്ക് യാത്രയയപ്പ് നൽകിയപ്പോൾ
റിയാദ്: നാട്ടിലേക്ക് മടങ്ങുന്ന നവോദയ സാംസ്കാരിക വേദി സ്ഥാപകരിൽ ഒരാളായ പൂക്കോയ തങ്ങൾക്ക് യാത്രയയപ്പ് നൽകി. സാമൂഹികപ്രവർത്തകൻ ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. കേളി, നവോദയ, കിയോസ് തുടങ്ങിയ സംഘടനകളുടെ സ്ഥാപകരിൽ ഒരാളായ പൂക്കോയ തങ്ങൾ കേളി ഭാരവാഹിയായിരിക്കെ മലയാളി ഡയറക്ടറി കമ്മിറ്റി കൺവീനറായി പ്രവർത്തിച്ചു. കൈയെഴുത്തുമാസികക്കും നിരവധി കലാസാംസ്കാരിക പരിപാടികൾക്കും നേതൃത്വം നൽകിയ പൂക്കോയ തങ്ങൾ റിയാദിലെ സാംസ്കാരിക രംഗത്തിന് നഷ്ടമാണെന്ന് സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
വിക്രമലാൽ അധ്യക്ഷതവഹിച്ചു. ശിഹാബ് കൊട്ടുകാട്, ഗഫൂർ കൊയിലാണ്ടി, വിനോദ് കൃഷ്ണ, നിബു വർഗീസ്, റഫീഖ് പന്നിയങ്കര, സബീന എം. സാലി, ആതിര ഗോപൻ, ഫിറോസ് ഖാൻ, ഇസ്മാഈൽ, നിസാർ അഹമ്മദ്, പ്രഭാകരൻ, റസ്സൽ, അനിൽ മണമ്പൂർ, അനിൽ പിരപ്പൻകോട്, ഷൈജു ചെമ്പൂര്, ശ്രീരാജ്, ഹാരിസ്, ബാബുജി, സജീവ്, ഷാജു പത്തനാപുരം, അമീർ, നാസർ പൂവാർ, ഹാരിഫ്, കുമ്മിൾ സുധീർ എന്നിവർ സംസാരിച്ചു. സെക്രട്ടറി രവീന്ദ്രൻ സ്വാഗതം പറഞ്ഞു. കേന്ദ്ര കമ്മിറ്റിയുടെ ഓർമഫലകം സെക്രട്ടറി രവീന്ദ്രനും പ്രസിഡന്റ് വിക്രമലാലും ചേർന്ന് കൈമാറി. ശിഫ, മൻഫുഅ യൂനിറ്റുകൾ, കുടുംബവേദി എന്നിവരും ഉപഹാരങ്ങൾ കൈമാറി. പ്രവാസത്തെയും സംഘടന പ്രവർത്തനങ്ങളെയും കുറിച്ച് വിവരിച്ച പൂക്കോയ തങ്ങൾ യാത്രയയപ്പിന് നന്ദി പറഞ്ഞു. കണ്ണൂർ കൂത്തുപറമ്പ്, കോട്ടയം മലബാർ സ്വദേശിയായ പൂക്കോയ തങ്ങൾ 1993 സെപ്റ്റംബർ 13നാണ് റിയാദിലെ ഒരു കമ്പനിയിലേക്ക് വെൽഡർ തസ്തികയിലെത്തിയത്.
പിന്നീട് സെക്ഷൻ സെക്രട്ടറി, പ്രൊഡക്ഷൻ കൺട്രോളർ, അസിസ്റ്റന്റ് എൻജിനീയർ, സീനിയർ കോസ്റ്റ് എസ്റ്റിമേഷൻ സ്പെഷലിസ്റ്റ് എന്നീ തസ്തികകളിലേക്ക് ഉയർത്തപ്പെട്ടു. ബി.എസ്.സി ബിരുദധാരിയായ പൂക്കോയയുടെ കുടുംബവും ഏറെക്കാലം റിയാദിലുണ്ടായിരുന്നു. ഇപ്പോൾ ചെറുവാഞ്ചേരിയിൽ താമസിക്കുന്ന അദ്ദേഹത്തിന്റെ ഭാര്യയും നാല് മക്കളും അടങ്ങുന്ന കുടുംബവും നാട്ടിൽ സി.പി.എം പാർട്ടി പ്രവർത്തനനത്തിൽ സജീവമാണ്. പൂക്കോയ തങ്ങൾ നിലവിൽ സി.പി.എം അംഗമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.