യാംബു: സൗദി അറേബ്യയുടെ ‘നാഷനൽ ഗ്രീനിങ് പ്രോഗ്രാമി’ന് ഐക്യരാഷ്ട്രസഭയുടെ ‘വേൾഡ് റെസ്റ്റോറേഷൻ ഫ്ലാഗ്ഷിപ്പ് അവാർഡ്’ ലഭിച്ചു. മംഗോളിയയിലെ ഉലാൻബാതറിൽ നടന്ന ഐക്യരാഷ്ട്രസഭ മരുഭൂമിവൽക്കരണ വിരുദ്ധ ഉച്ചകോടിയുടെ 17-ാമത് സെഷനോടനുബന്ധിച്ച് സംഘടിപ്പിച്ച ഉന്നതതല ചടങ്ങിലാണ് പുരസ്കാരം സമ്മാനിച്ചത്.
സസ്യവിസ്തൃതി വർദ്ധിപ്പിക്കൽ, തരിശുഭൂമി പുനരുജ്ജീവനം, ആവാസവ്യവസ്ഥാ സംരക്ഷണം, ജൈവവൈവിധ്യ പ്രോത്സാഹനം എന്നിവയിൽ രാജ്യം നടത്തുന്ന സുസ്ഥിര പ്രവൃത്തികൾക്കുള്ള അന്താരാഷ്ട്ര അംഗീകാരമാണിത്. വരണ്ട ഭൂപ്രദേശങ്ങളെ വീണ്ടെടുക്കാനും വനവൽക്കരണത്തിനും ജൈവവൈവിധ്യ സംരക്ഷണത്തിനുമായി സൗദി നടപ്പാക്കുന്ന മാതൃകാപരമായ പ്രവർത്തനങ്ങളാണ് ഈ ചരിത്രനേട്ടത്തിന് വഴിയൊരുക്കിയത്.
ഇതിനകം തന്നെ പദ്ധതിയിലൂടെ 10 ലക്ഷം ഹെക്ടർ തരിശുഭൂമി പുനരുജ്ജീവിപ്പിക്കുകയും 15.9 കോടി തൈകൾ നട്ടുപിടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ, അറേബ്യൻ ഒറിക്സ് (കലമാനുകൾ), ഗസാല മാനുകൾ തുടങ്ങിയ വംശനാശഭീഷണി നേരിടുന്ന ജീവിവർഗങ്ങളെ വനമേഖലകളിലേക്ക് വിജയകരമായി പുനരധിവസിപ്പിക്കാനും സാധിച്ചു.
ഐക്യരാഷ്ട്രസഭ ആഗോള ആവാസവ്യവസ്ഥ പുനഃസ്ഥാപന മാതൃകയായി അംഗീകരിച്ച ഈ പദ്ധതി, ‘സൗദി വിഷൻ 2030’െൻറ പാരിസ്ഥിതിക ലക്ഷ്യങ്ങൾക്ക് അനുസൃതമായാണ് മുന്നേറുന്നത്. വരൾച്ച, മരുഭൂമീകരണം, കാലാവസ്ഥാ വ്യതിയാനം എന്നിവയെ കാര്യക്ഷമമായി പ്രതിരോധിക്കാനുള്ള ശക്തമായ ഭരണഘടനാ/നയ ചട്ടക്കൂട് രൂപവത്കരിക്കാനും ഈ പരിപാടിയിലൂടെ സാധിച്ചു.
തരിശുഭൂമികൾ വീണ്ടെടുത്ത് കൂടുതൽ പ്രതിരോധശേഷിയുള്ളതും സുസ്ഥിരവുമായ ആവാസവ്യവസ്ഥ നിർമിക്കുന്നതിനായി വിപുലമായ പദ്ധതികളാണ് രാജ്യം ആവിഷ്കരിച്ചിട്ടുള്ളതെന്ന് പരിസ്ഥിതി, ജല, കൃഷി മന്ത്രി അബ്ദുറഹ്മാൻ അൽ ഫദ്‌ലി വ്യക്തമാക്കി.
2030-ഓടെ 25 ലക്ഷം ഹെക്ടറിലധികം ഭൂമി പുനരുജ്ജീവിപ്പിക്കാനും 21.5 കോടി മരങ്ങൾ നടാനുമാണ് ലക്ഷ്യമിടുന്നതെന്ന് ‘നാഷനൽ സെൻറർ ഫോർ വെജിറ്റേഷൻ കവർ ഡെവലപ്‌മെൻറ് ആൻഡ് കോംബാറ്റിങ് ഡെസർട്ടിഫിക്കേഷൻ’ ചീഫ് എക്‌സിക്യൂട്ടീവ് അഹമ്മദ് അലയാദ അറിയിച്ചു. നാല് കോടി ഹെക്ടർ ഭൂമി വീണ്ടെടുക്കുന്നതിനും 1,000 കോടി മരങ്ങൾ വച്ചുപിടിപ്പിക്കുന്നതിനുമുള്ള സൗദിയുടെ ദീർഘകാല ബൃഹത് പദ്ധതിയുടെ പ്രധാന ഘടകമാണ് ഈ ദേശീയ ഹരിതവൽക്കരണ പരിപാടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.