റിയാദ്: തൊലിപ്പുറത്തുണ്ടാകുന്ന സൊറിയാസിസ് രോഗത്തിന് ഹിജാമയോ (കപ്പിങ് തെറാപ്പി) അക്യുപങ്ചറോ ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ചികിത്സകളല്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള നാഷനൽ സെൻറർ ഫോർ കോംപ്ലിമെൻററി ആൻഡ് ആൾട്ടർനേറ്റീവ് മെഡിസിൻ വ്യക്തമാക്കി.
ഡോക്ടർമാർ നിർദ്ദേശിക്കുന്ന മരുന്നുകൾക്ക് പകരം ഇത്തരം രീതികൾ ഉപയോഗിക്കരുതെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. ചില പഠനങ്ങളും നിരീക്ഷണങ്ങളും അനുസരിച്ച്, ഹിജാമയോ അക്യുപങ്ചറോ ചെയ്യുന്നത് വഴി സൊറിയാസിസിെൻറ കാഠിന്യം കുറയ്ക്കാനും രോഗികളുടെ ദൈനംദിന ജീവിതനിലവാരം മെച്ചപ്പെടുത്താനും ഒരു പരിധി വരെ സഹായകരമായേക്കാം. എന്നാൽ, ഇത് രോഗം പൂർണമായി ഭേദമാക്കാനുള്ള പ്രധാന ചികിത്സയായി കാണാൻ സാധിക്കില്ല.
ഇതുവരെ നടന്നിട്ടുള്ള പഠനങ്ങൾ വളരെ കുറച്ചു ആളുകളിൽ മാത്രമാണ് പരീക്ഷിച്ചിട്ടുള്ളത്. കൂടാതെ, ഓരോയിടത്തും ചികിത്സിക്കുന്ന രീതികളിലെ വ്യത്യാസങ്ങൾ, പഠനങ്ങളിലെ പോരായ്മകൾ, ദീർഘകാല അടിസ്ഥാനത്തിൽ ഇവ എത്രത്തോളം സുരക്ഷിതമാണെന്ന വിവരങ്ങളുടെ കുറവ് എന്നിവ കാരണം ഈ കണ്ടെത്തലുകളെ പൂർണമായി വിശ്വസിക്കാൻ കഴിയില്ല.
അതിനാൽ ഇത്തരം വിവരങ്ങളെ ജാഗ്രതയോടെ വേണം സമീപിക്കാൻ. കൂടുതൽ കൃത്യതയുള്ള വലിയ പഠനങ്ങളും തെളിവുകളും പുറത്തുവരുന്നത് വരെ, ഹിജാമയെയോ അക്യുപങ്ചറിനെയോ സൊറിയാസിസിനുള്ള പ്രധാന ചികിത്സയായി ഉപയോഗിക്കരുത്. നിലവിൽ ഡോക്ടർമാർ നൽകുന്ന മരുന്നുകളും ചികിത്സകളും കൃത്യമായി തുടരുകയും, വേണമെങ്കിൽ അതിനോടൊപ്പം ഒരു അധിക സഹായമെന്ന നിലയിൽ മാത്രം ഇത്തരം രീതികളെ കാണുകയും ചെയ്യാം.
ഇവ എത്രത്തോളം ഫലപ്രദവും സുരക്ഷിതവുമാണെന്ന് ഉറപ്പാക്കാൻ കൂടുതൽ വിപുലമായ ഗവേഷണങ്ങൾ ആവശ്യമാണ്. അതിനാൽ ഡോക്ടർമാർ നിർദ്ദേശിച്ച ചികിത്സകൾ നിർത്തിവെച്ച് ഇത്തരം ബദൽ മാർഗങ്ങളിലേക്ക് രോഗികൾ മാറരുതെന്നും അധികൃതർ ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.