ജിസാനിലെ സാമൂഹ്യപ്രവർത്തകൻ താഹ കൊല്ലേത്ത് നാട്ടിൽ വാഹനാപകടത്തിൽ മരിച്ചു

ജിദ്ദ: ജിസാനിൽ സാമൂഹിക, സാംസ്‌കാരിക, മാധ്യമ പ്രവർത്തകനായിരുന്ന ആലപ്പുഴ വള്ളികുന്നം ചൂനാട് സ്വദേശി താഹ കൊല്ലേത്ത് (61) നാട്ടിൽ വാഹനാപകടത്തിൽ മരിച്ചു. അവധിക്ക് നാട്ടിലുള്ള ഇദ്ദേഹവും കൊച്ചി ഹൈക്കോടതി അഭിഭാഷകനായ മകൻ ഹാഷ്മിയും വിദ്യാർത്ഥിനിയായ മകൾ ഖദീജയും സുഹൃത്തും പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളേജ് പ്രൊഫസറുമായ ഡോ. ടി.പി. മുബാറക് സാനിയും ഒന്നിച്ച് തമിഴ്നാട്ടിലെ രാമേശ്വരത്ത് പോയതായിരുന്നു.

തിരിച്ചുവരുന്ന വഴിയിൽ ബുധനാഴ്ച്ച രാത്രി തിരുനെൽവേലിക്കടുത്ത് തെങ്കാശിയിൽ വെച്ച് ഇവർ സഞ്ചരിച്ചിരുന്ന കാർ മരത്തിലിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ താഹ കൊല്ലേത്ത് തൽക്ഷണം മരിക്കുകയായിരുന്നു. പരിക്കേറ്റ ഡോ. മുബാറക് സാനി തെങ്കാശിയിൽ ചികിത്സയിൽ തുടരുന്നു. മക്കളെ കൊല്ലം മെഡിസിറ്റിയിലേക്ക് മാറ്റിയിട്ടുണ്ട്.

വർഷങ്ങളായി പ്രവാസിയായ താഹ കൊല്ലേത്ത് ജിസാനിൽ ഒരു ഷിപ്പിംഗ് കമ്പനിയിൽ അസിസ്റ്റന്റ് മാനേജരായി ജോലിചെയ്തുവരികയായിരുന്നു. സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, മാധ്യമ രംഗങ്ങളിൽ സജീവമായിരുന്ന അദ്ദേഹം മലയാളം മിഷൻ സൗദി അറേബ്യ ചാപ്റ്റർ ആദ്യ സെക്രട്ടറിയും നിലവിൽ ചെയർമാനും ജിസാനിലെ സാംസ്കാരിക കൂട്ടായമായ 'ജല'യുടെ രക്ഷാധികാരിയുമാണ്.

ജിസാൻ യൂനിവേഴ്‌സിറ്റിൽ പ്രൊഫസറായ ഭാര്യ ലിമ അവധി കഴിഞ്ഞു ഒരാഴ്ച്ച മുമ്പ് ജിസാനിലേക്ക് തിരിച്ചു പോന്നിരുന്നു. തെങ്കാശിയിൽ നിന്നും താഹ കൊല്ലേത്തിൻറെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു. ഇദ്ദേഹത്തിന്റെ ആകസ്മിക വേർപാട് ജിസാനിലെ സഹപ്രവർത്തകർക്ക് കടുത്ത ആഘാതമായി.

Tags:    
News Summary - Jizan social worker Taha Kolleth dies in road accident in home town

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.