റോഡ്, റെയിൽവേ ഗതാഗത മേഖലകളിൽ സഹകരണത്തിനുള്ള കരാറിൽ സൗദിയും സിറിയയും ഒപ്പുവെച്ചപ്പോൾ
റിയാദ്/ദമാസ്കസ്: സൗദി അറേബ്യയും സിറിയയും തമ്മിൽ റോഡ്, റെയിൽവേ ഗതാഗത മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിനായുള്ള രണ്ടു പ്രധാന ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു. സിറിയൻ തലസ്ഥാനമായ ദമാസ്കസിൽ നടന്ന ചടങ്ങിൽ സൗദി ഗതാഗത, ലോജിസ്റ്റിക്സ് സർവീസ് മന്ത്രി എൻജി. സ്വാലിഹ് അൽ ജാസറും സിറിയൻ ഗതാഗത മന്ത്രി യാറൂബ് ബദറുമാണ് കരാറുകളിൽ ഒപ്പുവെച്ചത്.
ശേഷി വർദ്ധിപ്പിക്കൽ, സാങ്കേതിക വിജ്ഞാനവും വൈദഗ്ധ്യവും പങ്കുവെക്കൽ, പഠനങ്ങൾ നടത്തൽ എന്നിവയാണ് ധാരണാപത്രങ്ങൾ പ്രധാനമായും ലക്ഷ്യമിടുന്നത്. സിറിയയിലെ തകർന്ന റോഡ് ശൃംഖലകളും റെയിൽവേ സംവിധാനങ്ങളും പുനരുദ്ധരിക്കാനും സിറിയ വഴിയുള്ള ചരക്കുനീക്കവും പ്രാദേശിക വ്യാപാര ബന്ധങ്ങളും സജീവമാക്കാനും ഈ നീക്കം വഴിതുറക്കും.
ഒപ്പുവെക്കൽ ചടങ്ങിന് മുന്നോടിയായി ഇരു മന്ത്രിമാരുടെയും നേതൃത്വത്തിൽ ഉന്നതതല ചർച്ചകൾ നടന്നു. ഗതാഗത-ലോജിസ്റ്റിക്സ് മേഖലകളിലെ ഉഭയകക്ഷി സഹകരണം കൂടുതൽ വിപുലമാക്കുന്നതിനും, ഇരുരാജ്യങ്ങൾക്കുമിടയിലെ ചരക്കുനീക്കം സുഗമമാക്കുന്നതിനുള്ള നടപടികൾക്കും യോഗം രൂപം നൽകി.
സിറിയയുമായുള്ള പങ്കാളിത്തവും സഹകരണവും വേഗത്തിൽ വികസിപ്പിക്കാൻ സൗദി അറേബ്യ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി എൻജി. സ്വാലിഹ് അൽ ജാസർ ഉറപ്പുനൽകി. സർക്കാർ, സ്വകാര്യ മേഖലകൾ തമ്മിലും അന്താരാഷ്ട്ര സംഘടനകൾ മുഖേനയുമുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നത് സിറിയയുടെ വികസനത്തിനും പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കും വലിയ പിന്തുണയാകും.
സൗദി വിഷൻ പദ്ധതികളുടെ ഭാഗമായുള്ള അനുഭവസമ്പത്തും ആശയങ്ങളും കൈമാറാൻ ഈ സന്ദർശനം ഉപകരിക്കുമെന്നും, സഹകരണ മേഖലകൾ കൂടുതൽ വിപുലമാക്കുന്നതിനുള്ള വിവിധ കരാറുകൾ വരുംദിവസങ്ങളിൽ ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. സൗദി പ്രതിനിധി സംഘത്തിെൻറ ദമാസ്കസ് സന്ദർശനം മേഖലയിലെ സാമ്പത്തിക, വ്യാപാര മുന്നേറ്റങ്ങൾക്ക് വലിയ ഊർജ്ജം പകരുമെന്ന് സിറിയൻ ഗതാഗത മന്ത്രി യാറൂബ് ബദർ പറഞ്ഞു.
ഇരുവശത്തേക്കുമുള്ള ചരക്കുവാഹന ഡ്രൈവർമാർക്ക് വിസ അനുവദിക്കുന്നത് ലളിതമാക്കാൻ സൗദി അറേബ്യ സ്വീകരിച്ച നടപടികളെ അദ്ദേഹം പ്രശംസിച്ചു. ഗതാഗത-ലോജിസ്റ്റിക്സ് മേഖലയിൽ സൗദിയുടെ മികച്ച അനുഭവസമ്പത്തും സാങ്കേതിക വിദ്യകളും പ്രയോജനപ്പെടുത്തി റോഡ്, റെയിൽ നെറ്റ്‌വർക്കുകൾ നവീകരിക്കാനും മേഖലയിലെ പ്രാദേശിക ബന്ധം ശക്തിപ്പെടുത്താനും സിറിയ ആഗ്രഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.